ഐക്യത്തിൻ്റെയും കാരുണ്യത്തിൻ്റെയും സന്ദേശമായി വാടാനപ്പള്ളി വെൽഫെയർ അബുദാബി ഇഫ്താർ സംഗമം
അബുദാബി: വാടാനപ്പള്ളി വെൽഫെയർ അബുദാബി (വേവ്) സംഘടിപ്പിച്ച ഇഫ്താർ സംഗമം അബുദാബിയിലെ ഇന്ത്യന്‍ സോഷ്യല്‍ കള്‍ച്ചറല്‍ സെന്‍റര്‍ (ഐ.സി.സി)യിൽ വെച്ച് പ്രൗഢമായി. വാടാനപ്പള്ളിയിൽ നിന്നുള്ള 200ൽ അധികം പേർ പങ്കെടുത്ത ചടങ്ങ് ഐക്യത്തിൻ്റെയും സഹോദര്യത്തിൻ്റെയും കാരുണ്യത്തിൻ്റെയും ഉജ്ജ്വല പ്രതീകമായി മാറി. കുടുംബങ്ങളെയും കുട്ടികളെയും ഉൾപ്പെടുത്തിയുള്ള ഈ സംഗമം സാമൂഹിക ഐക്യത്തിന് കൂടുതൽ ശക്തി പകർന്നു. വാടാനപ്പള്ളിയിലെ നിർദ്ധനരായവരുടെ ഉന്നമനത്തിനായി കൂട്ടായ്മയുടെ പ്രാധാന്യം എടുത്തുകാട്ടുന്നതായിരുന്നു പരിപാടി. 45 വർഷങ്ങൾക്ക് മുമ്പ് പരേതനായ എം.എം. ദാവൂദ് ഹാജിയും സുഹൃത്തുക്കളും ചേർന്ന് ആരംഭിച്ച വേവ്, ഇന്നത് അല്‍ നൂര്‍ ചാരിറ്റബിള്‍ ട്രസ്റ്റുമായി ലയിച്ച് യു.എ.ഇയിലെ പ്രതിനിധി സംഘടനയായി പ്രവർത്തിച്ചു വരികയാണ്. ഈ ലയനം കൂടുതൽ വിപുലമായ കാരുണ്യ പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
റമദാനിലെ ആത്മീയാന്തരീക്ഷത്തിൽ നടന്ന ഇഫ്താർ സംഗമം നോമ്പുതുറയുടെ സന്തോഷം പങ്കിടുന്നതിനൊപ്പം, സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ കൈപിടിച്ച് ഉയർത്തേണ്ട ഉത്തരവാദിത്വം ഓർമ്മിപ്പിച്ചു.
ജാതി-മത ഭേദമന്യേ വാടാനപ്പള്ളി പ്രദേശവാസികളുടെ സമഗ്ര ക്ഷേമത്തിനായി വേവിന്റെ നേതൃത്വത്തിൽ നിരവധി കാരുണ്യ പ്രവർത്തനങ്ങൾ ഇതിനകം തന്നെ വിജയകരമായി നടപ്പിലാക്കി വരുന്നു. പാർപ്പിട സൗകര്യമില്ലാത്ത കുടുംബങ്ങൾക്ക് വീട് നിർമ്മാണ സഹായം, നിർധനരായ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായം, വിധവകൾക്ക് സാമ്പത്തിക പിന്തുണ, ചികിത്സാ സഹായം എന്നിവ ഉൾപ്പെടെ വിവിധ മേഖലകളിൽ വേവ് കൈത്താങ്ങായി നിൽക്കുന്നു. സമൂഹത്തിലെ ഏറ്റവും പിന്നാക്കവിഭാഗങ്ങൾക്കും പ്രതീക്ഷയുടെ വെളിച്ചമായി മാറുകയാണ് ഈ സംഘടന.
വാടാനപ്പള്ളി സമൂഹത്തിന്റെ ക്ഷേമത്തിനായി ഒരുമിച്ച് പ്രവർത്തിക്കാനുള്ള പ്രതിജ്ഞ പുതുക്കിയോടെയാണ് പരിപാടി സമാപിച്ചത്. ഇത്തരത്തിലുള്ള കൂട്ടായ്മകൾ സമൂഹത്തിൽ സ്നേഹവും ഐക്യവും വളർത്തുന്നതിനും സേവന പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്ത് പകരുന്നതിനും സഹായകരമാണെന്ന് സംഗമം അഭിപ്രായപ്പെട്ടു. വരും വർഷങ്ങളിലും ഇത്തരത്തിലുള്ള കൂട്ടായ്മകൾ സംഘടിപ്പിക്കുമെന്നും വാടാനപ്പള്ളി സമൂഹത്തിന്റെ ക്ഷേമത്തിനായി തുടർച്ചയായ സേവന പ്രവർത്തനങ്ങൾ നടത്തുമെന്നും എം.ഡി. നൗഷാദ്, അജ്മൽ റഹ്മത്തുള്ളാ, റസാഖ് വാടാനപ്പള്ളി, അമീൻ എം.എ എന്നിവർ അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



