കുറ്റാരോപണത്തിന് പിന്നാലെ യുവതിയുടെ ആത്മഹത്യ; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

Feb 23, 2026 - 13:23
കുറ്റാരോപണത്തിന് പിന്നാലെ യുവതിയുടെ ആത്മഹത്യ; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

കാസർകോട്: കുറ്റാരോപണത്തിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ആലമ്പാടി നാൽത്തടുക്കയിലെ ജസീല (24) യാണ് വിഷം കഴിച്ചതിനെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച മരണത്തിന് കീഴടങ്ങിയത്. രണ്ടു ചെറിയ കുട്ടികളുടെ മാതാവായ ജസീല ഫെബ്രുവരി 15നാണ് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ഗുരുതര നിലയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരവെയാണ് മരണപ്പെട്ടത്. 

അടുത്തിടെ നടന്ന ഒരു സ്വർണ്ണ മോഷണ പരാതിയിൽ തൻ്റെ പേര് കൂട്ടിച്ചേർക്കുകയും അത് വലിയ മാനസിക വിഷമം ഉണ്ടാക്കുകയും ചെയ്തതിന് പിന്നാലെയാണ് ജസീല ആത്മഹത്യ ചെയ്‌തത്‌.  ബോവിക്കാനം, പൊവ്വലിലെ ഭർതൃവീട്ടിനു സമീപത്തെ വീട്ടിൽ നിന്നു ഒൻപതര പവൻ സ്വർണ്ണം മോഷണം പോയ സംഭവത്തിൽ മോഷണത്തിനു പിന്നിൽ ജസീലയാണെന്നു കാണിച്ച് പ്രസ്തുത വീട്ടുകാർ ആദുർ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതി രജിസ്റ്റർ ചെയ്‌ത പൊലീസ് ജസീലയുടെ മൊഴി രേഖപ്പെടുത്തിയിരുന്നുവെങ്കിലും കേസെടുത്തിരുന്നില്ല. താൻ മോഷണം നടത്തിയിട്ടില്ലെന്നായിരുന്നു ജസീലയുടെ മൊഴി. ഇതിനു പിന്നാലെ പരാതി നൽകിയ ആളും ഭർതൃവീട്ടുകാരും ജസീലയുടെ വീട്ടിൽ എത്തി പ്രശ്നം ഉണ്ടാക്കിയിരുന്നു. ഇതോടെ മാനസികമായി തകർന്ന ജസീല 'ചെയ്യാത്ത തെറ്റിൻ്റെ പേരിൽ ഞാൻ കുറേ അനുഭവിക്കുന്നുണ്ടെന്നും എന്റെ സത്യം ആരും വിശ്വസിക്കുന്നില്ലെന്നും പറഞ്ഞ് സ്വന്തം വീഡിയോ ചിത്രീകരിച്ച് സാമുഹ്യ മാധ്യമങ്ങളിൽ പോസ്റ്റു ചെയ്‌തിരുന്നു. വീഡിയോ പുറത്തു വിട്ടതിനു ശേഷം ജസീല വിഷം കഴിക്കുകയും മരണം സംഭവിച്ചതോടെ സംഭവം വിവാദമാവുകയുമായിരുന്നു.
ആത്മഹത്യ സംബന്ധിച്ച് വിദ്യാനഗർ പൊലീസാണ് സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തി വരുന്നത്. അന്വേഷണത്തിൻ്റെ ഭാഗമായി ജസീലയുടെ സഹോദരനിൽ നിന്നു പൊലീസ് മൊഴി ശേഖരിച്ചു. മാതാപിതാക്കളിൽ നിന്നു ഉടൻ മൊഴിയെടുത്ത ശേഷം ആരോപണ വിധേയരായ വീട്ടുകാരിൽ നിന്നും ഭർതൃവീട്ടുകാരിൽ നിന്നും മൊഴിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0