സയ്യിദ് ത്വാഹിറുൽ അഹ്ദൽ, താജുശരീഅ അനുസ്മരണവും റമളാൻ മുന്നൊരുക്ക സംഗമവും 15 ന്; 397 യൂണിറ്റ് കേന്ദ്രങ്ങളിൽ സംഘടിപ്പിക്കും

Feb 13, 2026 - 17:37
സയ്യിദ് ത്വാഹിറുൽ അഹ്ദൽ, താജുശരീഅ അനുസ്മരണവും റമളാൻ മുന്നൊരുക്ക സംഗമവും 15 ന്; 397 യൂണിറ്റ് കേന്ദ്രങ്ങളിൽ സംഘടിപ്പിക്കും

കാസർകോട്: പ്രമുഖ പണ്ഡിത ജ്യോതിസ്സുകളും സമസ്ത സാരഥികളുമായിരുന്ന സൈനുൽ മുഹഖിഖീൻ സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങൾ, താജുശരീഅഃ അലിക്കുഞ്ഞി ഉസ്താദ് ഷിറിയ എന്നിവരുടെ അനുസ്മരണവും റമളാൻ മുന്നൊരുക്ക സംഗമവും ഫെബ്രുവരി 15 ഞായറാഴ്ച ജില്ലയിലെ മുഴുവൻ യൂണിറ്റുകളിലും നടക്കും. പ്രസ്ഥാന വഴിയിലെ വഴികാട്ടികളായ ഇരു പണ്ഡിതശ്രേഷ്ഠരുടെയും വഫാത്ത് മാസത്തോടനുബന്ധിച്ചാണ് സംഗമം സംഘടിപ്പിക്കുന്നത്. ജില്ലയിലെ മുഴുവൻ യൂണിറ്റുകളിലെ പള്ളി, മദ്റസ, സംഘടനാ ഓഫീസുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിപാടി നടക്കുക. എസ് വൈ എസിന്റെ നേതൃത്വത്തിൽ പ്രസ്ഥാന കുടുംബാംഗങ്ങളുടെ ഒത്തുചേരലിലൂടെ മഹത്തുക്കളുടെ സന്ദേശം സമൂഹത്തിലെത്തിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അനുസ്മരണ പ്രഭാഷണം, മൗലിദ് പാരായണം, യാസീൻ, തഹ്‌ലീൽ, പ്രത്യേക ദുആ മജ്ലിസ് എന്നിവ സംഗമത്തിന്റെ ഭാഗമായി നടക്കും. വരാനിരിക്കുന്ന പരിശുദ്ധ റമളാൻ മാസത്തെ വരവേൽക്കുന്നതിനായി 'റമളാൻ മുന്നൊരുക്കം' എന്ന വിഷയത്തിൽ പ്രത്യേക ക്ലാസുകളും യൂണിറ്റ് തലത്തിൽ റമളാനിൽ നടപ്പിലാക്കേണ്ട വിവിധ പദ്ധതികളുടെ ആസൂത്രണവും ചർച്ചയും നടക്കും. വീടുകളിൽ നിന്നുള്ള വിഭവങ്ങൾ സമാഹരിച്ച് 'തബറുക്ക്' വിതരണവും നടക്കും. സോൺ, സർക്കിൾ ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകും. മുഴുവൻ സംഘടനാ പ്രവർത്തകരും അനുഭാവികളും അതത് യൂണിറ്റുകളിൽ നടക്കുന്ന സംഗമത്തിൽ കൃത്യസമയത്ത് പങ്കെടുക്കണമെന്ന് പ്രസിഡണ്ട് സയ്യിദ് സൈനുൽ ആബിദീൻ മുത്തുകോയ തങ്ങൾ കണ്ണവവും ഓർഗനൈസേഷൻ പ്രസിഡണ്ട് അബ്ദുൽ റഹ്‌മാൻ സഖാഫി ചിപ്പാറും അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0