ദേശീയ ഖിറാഅത്ത് മത്സരം: കാസർകോട് പട്ല മശ്രിക്കുൽ ഉലൂം വിദ്യാർത്ഥി ഉമർ മുഖ്താറിന് ഒന്നാം സ്ഥാനം

Jan 30, 2026 - 11:31
ദേശീയ ഖിറാഅത്ത് മത്സരം: കാസർകോട് പട്ല മശ്രിക്കുൽ ഉലൂം വിദ്യാർത്ഥി ഉമർ മുഖ്താറിന് ഒന്നാം സ്ഥാനം

മംഗലാപുരം: ഡോ.അബ്ദുൽ ഷക്കീൽ ചാരിറ്റബിൾ ട്രസ്റ്റ് ദേശീയതലത്തിൽ സംഘടിപ്പിച്ച ഖിറാഅത്ത് മത്സരത്തിൽ കാസർകോട് പട്ല മശ്രിക്കുൽ ഉലൂം വിദ്യാർത്ഥി ഉമർ മുഖ്താർ ബി.എം ഒന്നാം സ്ഥാനം കരസ്ഥമാക്കി. മംഗലാപുരം ഇന്ത്യാന കൺവെൻഷൻ സെന്ററിൽ നടന്ന ഗ്രാൻഡ് ഫിനാലെയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയ 2200 ൽ പരം മത്സരാർത്ഥികളോട് മത്സരിച്ചാണ് ഉമർ മുഖ്താർ ഈ ഉജ്ജ്വല വിജയം നേടിയത്. പ്രാഥമിക ഘട്ടത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മികച്ച 50 പേരിൽ നിന്നും, പിന്നീട് ഫൈനലിലെത്തിയ 10 പേരിൽ നിന്നുമാണ് ഉമർ മുഖ്താർ പ്രഥമ സ്ഥാനത്തിന് അർഹനായത്.
ഒന്നാം സ്ഥാനത്തിന് അർഹനായ ഉമറിന് 1,11,111 (ഒരു ലക്ഷത്തി പതിനൊന്നായിരത്തി പതിനൊന്നു) രൂപയുടെ ക്യാഷ് അവാർഡും ട്രോഫിയും പ്രശസ്തി പത്രവും സമ്മാനമായി ലഭിച്ചു. ചടങ്ങിൽ വെച്ച് അറബ് പാരമ്പര്യത്തിന്റെ അടയാളമായ 'ബിഷ്ത്' അണിയിച്ച് ഉമറിനെ പ്രത്യേകമായി ആദരിച്ചു. മംഗലാപുരം ഖാളി ത്വാഖ അഹമ്മദ് മുസ്‌ലിയാർ പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. അബ്ദുൽ ഷക്കീൽ, കർണാടക ഗവൺമെന്റിലെ പ്രമുഖ പ്രതിനിധികൾ, ഇഫ്തിഖാർ അലി സാഹിബ് തുടങ്ങി രാഷ്ട്രീയ-സാമൂഹിക-ബിസിനസ് രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കുകയും വിജയിയെ അഭിനന്ദിക്കുകയും ചെയ്തു.
കാസർകോട് പട്ല മശ്രിക്കുൽ ഉലൂം തഹ്ഫീളുൽ ഖുർആൻ കോളേജിൽ ഹാഫിള് സ്വാലിഹ് സഖാഫി പട്ലയുടെ കീഴിൽ പഠനം നടത്തിവരികയാണ് ഉമർ മുഖ്താർ. ഉമറിന്റെ ഈ നേട്ടം നാടിന് വലിയ അഭിമാനമായി.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0