എസ് ഐ ആർ; പ്രവാസികൾ ഹിയറിംഗിന് ഹാജരാകേണ്ടതില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ഹിയറിംഗിന് ഹാജരാകുന്നതിന് പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇളവ് അനുവദിച്ചു. പ്രവാസികൾക്ക് ഹിയറിംഗ് സമയത്ത് ഹാജരാകാതെ തന്നെ രേഖകൾ സമർപ്പിക്കാൻ അവസരമുണ്ടാകും. പകരം പ്രവാസിയുടെ അടുത്ത ബന്ധുക്കൾ രേഖകളുമായി ഹിയറിംഗിന് എത്തണം. ഇതരസംസ്ഥാനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും കിടപ്പുരോഗികൾക്കും ഗർഭിണികൾക്കും ഇളവ് അനുവദിച്ചിട്ടുണ്ട്. ഇവരുടെ രേഖകളും അടുത്ത ബന്ധുക്കൾ ഹാജരാക്കിയാൽ മതിയാകും. ഇതോടൊപ്പം ഹിയറിംഗിന് എത്താൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ഏജന്റിനെയോ ബി എൽ ഒയെയോ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്. ആവശ്യമായ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഹാജരാക്കണം. ആധാർ, പാസ്പോർട്ട്, ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടെ 12 രേഖകളിൽ ഒന്ന് ഹാജരാക്കണം. പകർപ്പുകൾ നേരത്തെ ബി എൽ ഒമാർക്ക് നൽകിയിട്ടുണ്ടെങ്കിൽ ഒറിജിനൽ മാത്രം ഹാജരാക്കിയാൽ മതി. ഔദ്യോഗിക രേഖയായി ആധാർ കാർഡ് ഹാജരാക്കുന്നവർ മറ്റേതെങ്കിലും രേഖ കൂടി നൽകണമെന്നും ഇതിന് പുറമെ എസ് ഐ ആർ കരട് പട്ടികയിലെ പേരുവിവരങ്ങൾ തെറ്റാണെങ്കിൽ ബി എൽ ഒമാരെ അറിയിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു. ഹിയറിംഗിന് വരാൻ സാധിക്കാത്തവർക്കെല്ലാം മറ്റൊരു അവസരം കൂടി നൽകണമെന്നും കമ്മീഷൻ അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



