ട്രെയിൻ ഗതാഗതം; ജനക്ഷേമ പരിഷ്കാരം അനിവാര്യം

Dec 17, 2025 - 11:10
ട്രെയിൻ ഗതാഗതം; ജനക്ഷേമ പരിഷ്കാരം അനിവാര്യം

ട്രെയിൻ ഗതാഗതം ഏറ്റവും  ജനകീയമായ പൊതുഗതാഗത സംവിധാനങ്ങളിലൊന്നാണ്. കോടിക്കണക്കിന് സാധാരണ ജനങ്ങൾ ദിവസേന ആശ്രയിക്കുന്ന ഈ സംവിധാനം രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക പുരോഗതിയിൽ നിർണായക പങ്ക് വഹിക്കുന്നു. ഗ്രാമങ്ങളെയും നഗരങ്ങളെയും ബന്ധിപ്പിക്കുകയും തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം തുടങ്ങിയ മേഖലകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നത് ട്രെയിൻ ഗതാഗതത്തിലൂടെയാണ്. എന്നാൽ ഇത്രയും പ്രാധാന്യമുള്ള ഈ സംവിധാനത്തിൽ ഇന്നും നിരവധി പോരായ്മകൾ നിലനിൽക്കുന്നത് യാത്രക്കാരുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന ഒരു യാഥാർത്ഥ്യമാണ്.

ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് ജനറൽ കമ്പാർട്ട്മെൻ്റുകളുടെ അപര്യാപ്തത. ഭൂരിഭാഗം യാത്രക്കാരും കുറഞ്ഞ ചെലവുള്ള ജനറൽ കമ്പാർട്ട്മെൻ്റുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ച് ഈ കമ്പാർട്ട്മെൻ്റുകളുടെ എണ്ണം വർധിപ്പിക്കാത്തതിനാൽ കടുത്ത തിരക്ക് അനുഭവപ്പെടുന്നു. തിരക്കു കാരണം കയറാൻ പോലും കഴിയാത്ത അവസ്ഥ, വാതിലുകൾക്കരികിൽ അപകടകരമായി യാത്ര ചെയ്യേണ്ട സാഹചര്യം, സ്ത്രീകൾക്കും കുട്ടികൾക്കും വയോധികർക്കും നേരിടേണ്ട ദുരിതങ്ങൾ എന്നിവ ദിനംപ്രതി വാർത്തകളായി മാറുകയാണ്. ഇത് യാത്രക്കാരുടെ സുരക്ഷയെ മാത്രമല്ല, അവരുടെ മാനുഷികാവകാശങ്ങളെയും കൂടി ചോദ്യം ചെയ്യുന്നു. യാത്രക്കാരുടെ യഥാർത്ഥ ആവശ്യകത കണക്കിലെടുത്ത് കൂടുതൽ ജനറൽ കമ്പാർട്ട്മെൻ്റുകൾ രൂപപ്പെടുത്തൽ അത്യാവശ്യമാണ്. ഇത്തരം തിരക്കുകൾക്കിടയിൽ മോഷണവും സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക ആക്രമണവും ഒരു സാധാരണ സംഭവമായിരിക്കുന്നു. സിസിടിവി ക്യാമറകളുടെ അപര്യാപ്തതയാണ് ഇത്തരം ചൂഷണങ്ങൾ സർവ്വ സാധാരണയായതിൻ്റെ മുഖ്യ കാരണം. യാത്രക്കാരുടെ സുരക്ഷയെ മാനിച്ച് ആവശ്യമായ പരിഷ്കരണം അനിവാര്യമാണ്.

ട്രെയിൻ ഗതാഗതവുമായി ബന്ധപ്പെട്ട മറ്റൊരു ഗുരുതരമായ പോരായ്മയാണ് ശുചീകരണത്തിലെ കുറവ്. പല ട്രെയിനുകളിലും ശുചിമുറികൾ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. മാലിന്യങ്ങൾ സമയബന്ധിതമായി നീക്കം ചെയ്യപ്പെടാത്തതും വെള്ളത്തിന്റെ ലഭ്യത കുറവുമായ സാഹചര്യങ്ങളും യാത്രക്കാരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. സ്റ്റേഷനുകളിലും ഇതേ അവസ്ഥ തന്നെ കാണപ്പെടുന്നു. ശുചിത്വമില്ലായ്മ രോഗങ്ങൾ പടരാൻ ഇടയാക്കുകയും റെയിൽവേയെക്കുറിച്ചുള്ള ജനങ്ങളുടെ വിശ്വാസം കുറയാൻ കാരണമാകുകയും ചെയ്യുന്നു. സ്ഥിരമായ ശുചീകരണ സംവിധാനങ്ങൾ, ഉത്തരവാദിത്വമുള്ള ജീവനക്കാരുടെ സേവനം, യാത്രക്കാരിൽ ശുചിത്വബോധം വളർത്തുന്ന നടപടികൾ എന്നിവ നടപ്പിലാക്കേണ്ടിയിരിക്കുന്നു.

റെയിൽവേ സ്റ്റേഷനുകളുടെ അവസ്ഥയും ഗൗരവമായി പരിഗണിക്കപ്പെടേണ്ട വിഷയമാണ്. ചില പ്രധാന സ്റ്റേഷനുകൾ ആധുനികവത്കരിച്ചിട്ടുണ്ടെങ്കിലും നിരവധി ചെറു സ്റ്റേഷനുകൾ ഇന്നും അവഗണനയുടെ ഇരകളാണ്. മതിയായ വെളിച്ചം ഇല്ലായ്മ, സുരക്ഷാ സംവിധാനങ്ങളുടെ കുറവ്, ശുദ്ധജലവും ശുചിമുറികളും പോലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, യാത്രക്കാർക്ക് വിശ്രമിക്കാൻ സൗകര്യമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾ വ്യാപകമാണ്. ഇതുകൂടാതെ ട്രെയിൻ വൈകിയോടൽ, വിവരങ്ങൾ കൃത്യമായി ലഭിക്കാത്തത്, ജീവനക്കാരുടെ സമീപനത്തിലെ കുറവുകൾ, അടിയന്തര സാഹചര്യങ്ങളിൽ വേണ്ടത്ര സഹായം ലഭിക്കാത്തത് തുടങ്ങിയ പ്രശ്നങ്ങളും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. സാങ്കേതികവിദ്യയുടെ പുരോഗതി പ്രയോജനപ്പെടുത്തി ഈ കുറവുകൾ പരിഹരിക്കാൻ റെയിൽവേക്ക് സാധിക്കും. യാത്രക്കാരെ തിരിച്ചറിഞ്ഞുള്ള തീരുമാനങ്ങൾ എടുക്കുന്ന സമീപനം സ്വീകരിച്ചാൽ മാത്രമേ ഈ സംവിധാനം യഥാർത്ഥത്തിൽ ജനോപകാരപ്രദമാവുകയുളളൂ.

✍️ നാഫിഹ് വി.പി. എം 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0