തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യു ഡി എഫ് തരംഗം; പ്രതികരണവുമായി നേതാക്കൾ 

Dec 13, 2025 - 17:14
തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യു ഡി എഫ് തരംഗം; പ്രതികരണവുമായി നേതാക്കൾ 

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ സംസ്ഥാനത്ത് യു ഡി എഫ് തരംഗം.
ഇടതു മുന്നണിയുടെ കോട്ടകളെ അടർത്തിയെടുത്താണ് യു ഡി എഫ് മുന്നേറ്റം. സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 505 ഇടത്താണ് യുഡിഎഫ് മുന്നേറ്റം. 341 ഗ്രാമപഞ്ചായത്തുകളിൽ എൽഡിഎഫിന് മുന്നേറ്റമുണ്ടായി. 26 ഗ്രാമ പഞ്ചായത്തുകളിൽ ബിജെപിയും ശക്തി തെളിയിച്ചു. ആകെയുള്ള 86 മുൻസിപ്പാലിറ്റികളിൽ 54 ഇടത്ത് യുഡിഎഫും 28 ഇടത്ത് എൽഡിഎഫും നേട്ടമുണ്ടാക്കി. രണ്ട് മുൻസിപ്പാലിറ്റികളിൽ ബിജെപി നേട്ടമുണ്ടാക്കി. ആകെയുള്ള ആറ് കോർപ്പറേഷനുകളിൽ നാലിടത്ത് യുഡിഎഫും ഒരിടത്ത് എൽഡിഎഫും ഒരിടത്ത് എൻഡിഎയുമാണ് നേട്ടമുണ്ടാക്കിയത്. ബോക്ക് പഞ്ചായത്തിലും യുഡിഎഫ് തന്നെയാണ് നേട്ടമുണ്ടാക്കിയത്. ആകെയുള്ള 152 ബ്ലോക്ക് പഞ്ചായത്തുകളിൽ യുഡിഎഫ് 78, എൽഡിഎഫ് 64 എന്നിങ്ങനെയാണ് മുന്നേറ്റം ഉണ്ടാക്കിയിരിക്കുന്നത്. ജില്ലാ പഞ്ചായത്തുകളിൽ ഏഴ് വീതം നേടി ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്.

തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിന് കാരണം ടീം യുഡിഎഫ് എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു. വിജയം സമ്മാനിച്ച കേരളത്തിലെ ജനങ്ങളോട് വലിയ കടപ്പാടുണ്ടെന്നും ഹൃദയം നിറഞ്ഞ നന്ദി പ്രകാശിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചരിത്ര വിജയം നൽകിയ വോട്ടർമാർക്ക് നന്ദിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. വോട്ടർമാരിൽ തങ്ങൾ വിശ്വാസമർപ്പിച്ചു. സര്‍ക്കാരിനെതിരായ വിധിയെഴുത്താണ്. മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലമാണ് ഉണ്ടായത്. തുടർന്നും എല്ലാവരുടെയും സഹായ സഹകരണങ്ങൾ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി-എൻഡിഎ സഖ്യത്തിന് ലഭിച്ച വിജയം കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷനിലെ സുപ്രധാനമായ വിജയത്തിൽ ബി.ജെ.പി.ക്ക് വിനയത്തോടെയുള്ള അഭിനന്ദനങ്ങൾ അറിയിച്ച് ശശി തരൂർ എം പിയും രംഗത്തെത്തി. തലസ്ഥാനത്തെ രാഷ്ട്രീയ ഭൂമികയിലെ ശ്രദ്ധേയമായ മാറ്റമാണ് ഇത് അടയാളപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 

തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് അപ്രതീക്ഷിത തിരിച്ചടിയാണ് ഉണ്ടായിരുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു. വിശദമായ പരിശോധന എല്ലാ തലത്തിലും നടത്തും. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് തിരുത്തലുകൾ വരുത്തി എന്തെല്ലാം അപകടങ്ങൾ ഉണ്ടോ അതെല്ലാം പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും. ഏതെങ്കിലും ഒരുതവണ തോറ്റെന്ന് കരുതി എല്ലാ തവണയും അങ്ങിനെ ഉണ്ടാകണമെന്നില്ലെന്ന് എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. പ്രതീക്ഷയ്ക്ക് അനുസരിച്ചുള്ള ഫലമല്ലെന്നും ജനവിധിയെ മാനിക്കുന്നുവെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഇതില്‍ നിന്ന് പാഠം പഠിക്കുമെന്നും പാഠം പഠിച്ച് പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ 'പെന്‍ഷന്‍ വാങ്ങി ഇഷ്ടം പോലെ തിന്നു; എന്നിട്ട് നേരെ എതിരെ വോട്ട് ചെയ്തു' എന്ന  എംഎം മണിയുടെ പ്രതികരണം വിവാദത്തിലായി.

സംസ്ഥാനത്ത് ആകെ 2,10,79,021 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന ഡിസംബര്‍ 9ന് 70.9 ശതമാനവും ഡിസംബര്‍ 11ന് നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 76.08 ശതമാനം പോളിംഗും രേഖപ്പെടുത്തി.

What's Your Reaction?

Like Like 0
Dislike Dislike 1
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 1