തദ്ദേശ തെരഞ്ഞെടുപ്പ്; മണിക്കൂറുകൾ പിന്നിടുമ്പോൾ 51 ശതമാനം പോളിങ് 

Dec 11, 2025 - 14:27
തദ്ദേശ തെരഞ്ഞെടുപ്പ്; മണിക്കൂറുകൾ പിന്നിടുമ്പോൾ 51 ശതമാനം പോളിങ് 

കാസറഗോഡ്: സംസ്ഥാനത്തെ ഏഴു ജില്ലകളിലേക്ക് നടക്കുന്ന രണ്ടാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പിൽ 
മണിക്കൂറുകൾ പിന്നിടുമ്പോൾ ജില്ലയിൽ 51 ശതമാനം പോളിങ് രേഖപ്പെടുത്തി. രാവിലെ ഏഴിന് തുടങ്ങിയ വോട്ടെടുപ്പ് വൈകുന്നേരം ആറുമണി വരെ തുടരും. പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിരയാണ് പ്രത്യക്ഷപ്പെട്ടത്. കാസറഗോഡ് മുതൽ തൃശൂർ വരെയുള്ള ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്. 470 ഗ്രാമപ്പഞ്ചായത്ത്, 77 ബ്ലോക്ക് പഞ്ചായത്ത്, ഏഴ് ജില്ലാ പഞ്ചായത്ത്, 47 മുനിസിപ്പാലിറ്റി, 3 കോർപറേഷൻ എന്നിവിടങ്ങളിലായി 12,391 വാർഡുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ആകെയുള്ള 1.53 കോടി വോട്ടർമാരിൽ 72. 46 ലക്ഷം പുരുഷന്മാരും 80. 90 ലക്ഷം സ്ത്രീകളും 161 ട്രാൻസ്ജെൻഡറും ഉൾപ്പെടുന്നു. 38,994 സ്ഥാനാർത്ഥികളാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന്റെ മത്സരരംഗത്തുള്ളത്. കഴിഞ്ഞ ദിവസം വോട്ടിങ് യന്ത്രം തകരാറിലായ ആലപ്പുഴ മണ്ണഞ്ചേരി ഹൈസ്‌കൂൾ ബൂത്തിലെ റീപോളിങ്ങും ഇന്നാണ്. 13 നാണ് വോട്ടെണ്ണൽ. രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ ആകെ 18274 പോളിങ് സ്റ്റേഷനുകളാണുള്ളത്. ഇതിൽ 2055 എണ്ണം പ്രശ്നബാധിത ബൂത്തുകളായി റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. കാസർകോട്- 119 പ്രശ്നബാധിത ബൂത്തുകളാണുള്ളത്. കാസർകോട് ജില്ലയിലെ മംഗൽപാടി, മടിക്കൈ ഗ്രാമപഞ്ചായത്തുകളിൽ ഓരോ വാർഡുകളിലും സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.  

കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പൂനൂർ ജി എം യു പി സ്‌കൂൾ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. പിണറായി എടക്കടവ് ചേരിക്കൽ ജൂനിയർ ബേസിക് സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എൽ ഡി എഫിന് ചരിത്രവിജയം ഉണ്ടാകുമെന്ന് പറഞ്ഞു. ശബരിമല വിഷയം ഒരു തരത്തിലും ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ കൃത്യമായ നടപടി സ്വീകരിച്ചു. അതിന് വിശ്വാസികളുടെ ആകെ പിന്തുണയുണ്ട്. ബി ജെ പി യും യു ഡി എഫും ഇക്കാര്യത്തിൽ ഒരേ വണ്ടിയിൽ സഞ്ചരിക്കുന്നവരാണ്. അതിജീവിതയ്‌ക്കൊപ്പമാണ് നാടും സർക്കാരും- വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0