വിവാഹമോചിതയായ മുസ്‌ലിം സ്ത്രീക്ക് കല്യാണ സമയത്ത് നൽകിയ സമ്മാനങ്ങൾ തിരികെ ലഭിക്കാൻ അവകാശമുണ്ട്: സുപ്രീം കോടതി

Dec 6, 2025 - 17:00
Dec 6, 2025 - 17:04
വിവാഹമോചിതയായ മുസ്‌ലിം സ്ത്രീക്ക് കല്യാണ സമയത്ത് നൽകിയ സമ്മാനങ്ങൾ തിരികെ ലഭിക്കാൻ അവകാശമുണ്ട്: സുപ്രീം കോടതി

ന്യൂഡൽഹി: ഒരു മുസ്ലിം സ്ത്രീക്ക് വിവാഹത്തിന് മുമ്പോ വിവാഹസമയത്തോ ശേഷമോ സ്വന്തം ബന്ധുക്കൾ, സുഹൃത്തുക്കൾ, ഭർത്താവ്, ഭർതൃബന്ധുക്കൾ നൽകുന്ന മുഴുവൻ സ്വത്തുക്കളും തിരികെ ലഭിക്കാൻ അവകാശമുണ്ടെന്ന് സുപ്രീം കോടതി. കൽക്കട്ട ഹൈക്കോടതിയുടെ ഒരു ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഇടപെടൽ. സ്ത്രീക്ക് വിവാഹ സമ്മാനമായി ലഭിക്കുന്ന പണമോ, സ്വർണമോ, മറ്റു സാധനങ്ങളോ ഭർത്താവിൻ്റെ പേരിൽ രേഖപ്പെടുത്തിയിരുന്നാലും അത് സ്ത്രീയുടെ സ്വകാര്യ സ്വത്തായി കണക്കാക്കണമെന്ന് കോടതി നിരീക്ഷിച്ചു. 1986-ലെ മുസ്‌ലിം വനിതാ (വിവാഹമോചന അവകാശ സംരക്ഷണം) നിയമം സ്ത്രീകളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ഒരു സാമൂഹ്യനീതി നിയമമായി ഇത് വ്യാഖ്യാനിക്കപ്പെടണമെന്നും പ്രത്യേകിച്ച് ചെറിയ പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും സ്ത്രീകൾ നേരിടുന്ന വിവേചനം ഇല്ലാതാക്കാൻ നിയമത്തിൻ്റെ വ്യാഖ്യാനം സഹായിക്കണമെന്നും കോടതി പറഞ്ഞു.

വിവാഹസമയത്ത് ഭർത്താവിന് തൻ്റെ പിതാവ് നൽകിയ പണം, സ്വർണ്ണാഭരണങ്ങൾ, മറ്റ് സാധനങ്ങൾ എന്നിവ തിരികെ ലഭിക്കാനായി വിവാഹമോചിതയായ മുസ്ലിം സ്ത്രീ കൽക്കട്ട ഹൈക്കോടതിയിൽ നടത്തിയ നിയമപോരാട്ടമാണ് സുപ്രീം കോടതിയുടെ പരിഗണനയിലെത്തിയത്. മൊത്തം 17.67 ലക്ഷം രൂപ തിരികെ ലഭിക്കണമെന്നായിരുന്നു കേസിലെ ആവശ്യം. ഈ വിധിയിലൂടെ പരാതിക്കാരിക്ക് ഈ തുക മുഴുവനും ഭർത്താവ് തിരികെ നൽകണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0