കാസർകോടിന് അഭിമാനം; ലോക വേദിയിൽ വീണ്ടും മൂസ ഷരീഫ് 

Nov 26, 2025 - 17:20
കാസർകോടിന് അഭിമാനം; ലോക വേദിയിൽ വീണ്ടും മൂസ ഷരീഫ് 

കാസറഗോഡ്: വേൾഡ് റാലി ചാമ്പ്യൻഷിപ്പിന്റെ സീസണിലെ സൗദി അറേബ്യൻ റൗണ്ടിൽ ഏക ഇന്ത്യൻ ടീമായി നവീൻ പുലിഗില്ല-മൂസ ഷരീഫ് സഖ്യം പോരിനിറങ്ങി. ബുധനാഴ്‌ച മുതൽ ശനിയാഴ്ച വരെ നീണ്ടുനിൽക്കുന്ന ഈ ലോകോത്തര റാലിയിൽ ഇന്ത്യയുടെ അഭിമാനമായാണ് ഇവർ കളത്തിലിറങ്ങിയത്.

ഡ്രൈവറായ നവീൻ പുലിഗില്ലയും കോ-ഡ്രൈവറായ കാസറഗോഡ് സ്വദേശി മൂസ ഷരീഫും പൂർണ്ണമായും ഇന്ത്യക്കാരായ ഒരു കൂട്ടുകെട്ടായി ഡബ്ല്യു.ആർ.സി.യിൽ മത്സരിക്കുന്നു എന്നതാണ് ഈ മത്സരത്തിന്റെ പ്രത്യേകത. ഇന്ത്യൻ മോട്ടോർസ്പോർട്ടിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ് ഈ മത്സരം. ഈ വർഷം മാർച്ചിൽ നടന്ന കെനിയ റൗണ്ടിലാണ് ഇവർ ആദ്യമായി ഡബ്ല്യു.ആർ.സി.യിൽ ഒരുമിച്ച് അരങ്ങേറ്റത്തിനിറങ്ങിയത്. ലോകത്തിലെ തന്നെ ഏറ്റവും കടുപ്പമേറിയതും പ്രശസ്തവുമായ ചാമ്പ്യൻഷിപ്പിലെ തങ്ങളുടെ രണ്ടാമത്തെ മത്സരത്തിനാണ് ഇപ്പോൾ ഡബ്ല്യു.ആർ.സി-3 വിഭാഗത്തിൽ ഈ കൂട്ടുകെട്ട് ഒരുങ്ങുന്നത്. സൗദി അറേബ്യയിലെ ദുർഘടമായ ഭൂപ്രദേശങ്ങളിൽ ഷെരീഫിൻ്റെ 33 വർഷത്തിലേറെയുള്ള പരിചയസമ്പത്ത് നിർണായകമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 343 റാലികളും 101 അന്താരാഷ്ട്ര മത്സരങ്ങളും പിന്നിട്ട ഷരീഫ് കാസറഗോഡുകാരുടെ സ്വകാര്യ അഹങ്കാരമാണ്. 2025 സീസണിലെ തൻ്റെ 17-ാമത്തെ മത്സരത്തിലേക്കാണ് മൂസ ഷരീഫ് പ്രവേശിക്കുന്നത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0