അന്തു ഹാജി; വിട വാങ്ങിയത് പണ്ഡിതന്മാർക്ക് തണലേകിയ ദീനി സേവകൻ 

Nov 25, 2025 - 11:39
അന്തു ഹാജി; വിട വാങ്ങിയത് പണ്ഡിതന്മാർക്ക് തണലേകിയ ദീനി സേവകൻ 

പൗര പ്രമുഖനും മുഹിമ്മാത്ത് അടക്കമുള്ള അനേകം സ്ഥാപങ്ങളുടെ സജീവ സഹകാരിയുമായിരുന്നു കഴിഞ്ഞ ദിവസം വിടവാങ്ങിയ അബ്ദുൽ ഖാദർ ഹാജി എന്ന അന്തു ഹാജി. കാസറഗോഡിന്റെ അതിർത്തി പ്രദേശമായ ദേലംപാടി സ്വദേശിയായ അന്തു ഹാജിയുടെ വിയോഗത്തോടെ പണ്ഡിതന്‍മാർക്ക് തണലേകിയ ദീനി സേവകനെയാണ് നഷ്ടമായത്. നിരവധി പണ്ഡിതന്മാർ അറിവ് നുകർന്ന ചമത്തടുക്കം മസ്ജിദ് പള്ളി ദർസിന്റെ മുതവല്ലിയായും പ്രസിഡന്റായും സേവനം അനുഷ്ഠിച്ച അദ്ദേഹം പണ്ഡിതന്‍മാരേയും മുഅല്ലിമീങ്ങളെയും അതിരറ്റ് സ്നേഹിച്ച സൗമ്യ സ്വഭാവത്തിനുടമായിരുന്നു. വിയോഗ വാർത്ത അറിഞ്ഞത് മുതൽ ആരംഭിച്ച നിലക്കാത്ത ഖുർആൻ പാരായണവും നാടിന്റെ നാനാ ദിക്കില്‍ നിന്നും പണ്ഡിതന്മാരുടെയും പ്രസ്ഥാന ബന്ധുക്കളുടെയും ഒഴുക്കും അന്തു ഹാജി നൽകിയ സ്നേഹത്തിന്റെയും ആദരവിന്റേയും ഭാഗമായിരുന്നു. ആദർശ രംഗത്ത് കണിശത പുലർത്തിയും അധാർമ്മികക്കെതിരെ പ്രതിരോധം തീർത്തും ദീനി സേവകനായി അദ്ദേഹം നിലകൊണ്ടു. ചമത്തടുക്കം മസ്ജിദിൽ അറിവിന്റെ വെളിച്ചം നൽകി നിരവധി പണ്ഡിതന്മാരെ സമൂഹത്തിന് സമർപ്പിച്ച ളിയാഉൽ മുസ്തഫ സയ്യിദ് മാട്ടൂൽ തങ്ങളുടെ ഉറ്റ സുഹൃത്തും സുന്നത്ത് ജമാഅത്തിന്റെ നിരവധി സ്ഥാപനങ്ങളുടെ സഹകാരിയുമായിരുന്നു. അറിവ് നേടുന്നവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത അദ്ദേഹം തന്റെ മൂന്ന് മക്കളെ കഴിവുറ്റ മതപണ്ഡിതന്മാരാക്കി മാറ്റി. സമ്പത്ത് ദീനി സേവനത്തിനായി ഉപയോഗപ്പെടുത്തിയ അന്തു ഹാജി പാവപ്പെട്ടവരുടെ അത്താണിയുമായിരുന്നു. പാരത്രിക ലോകത്ത് പ്രതിഫലമായി ലഭിക്കുന്ന പ്രവർത്തനങ്ങളെല്ലാം നെഞ്ചേറ്റിയാണ് ആറടി മണ്ണിലേക്കുള്ള അന്തു ഹാജിയുടെ മടക്കം.

✍️ ഉമർ സഖാഫി മയ്യളം

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 2
Wow Wow 0