ശൈഖ് രിഫാഈ(റ): ആത്മീയ ലോകത്തെ ജ്ഞാനഗോപുരം
സമൂഹത്തിന്റെ മാർഗ്ഗദർശികളായി നിലകൊള്ളുന്നവരാണ് മഹാരഥന്മാരായ അല്ലാഹുവിന്റെ ഔലിയാക്കൾ. സമൂഹത്തിൽ നിന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതോ ക്ഷയിച്ചു പോയിക്കൊണ്ടിരിക്കുന്നതോ ആയ ആത്മീയ മൂല്യങ്ങളെ പുനർ ജീവിപ്പിച്ച അല്ലാഹുവിന്റെ ഇഷ്ടദാസന്മാരാണ് അവർ. വിശ്വാസ ദൃഢത കൊണ്ടും കർമ്മങ്ങളുടെ ആധിക്യം കൊണ്ടും അല്ലാഹുവിന്റെ തൃപ്തി കരസ്ഥമാക്കിയതിനു പുറമേ ജനമഹാ സഞ്ചയങ്ങൾക്ക് ദിശാബോധം നൽകാനും ഭാഗ്യം സിദ്ധിച്ച അത്തരം മഹാമനീഷികളിൽ ഉന്നത സ്ഥാനീയരാണ് ബഹുമാനപ്പെട്ട ശൈഖ് രിഫായി(റ). ഇറാഖിലെ ബതീഹ് എന്ന പ്രദേശത്തെ ഉമ്മു അബീദ് എന്ന ഗ്രാമത്തിലാണ് ശൈഖ് രിഫായി(റ)വിന്റെ ജനനം. ഹിജ്‌റ 500 മുഹറം മാസത്തിലാണ് ഭൂജാതനായത് എന്നാണ് പ്രമുഖരായ പല ചരിത്രകാരന്മാരുടെയും അഭിപ്രായം. എന്നാൽ ഹിജ്റ 512 റജബ് മാസം പതിനഞ്ചിനാണ് എന്നും ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നുണ്ട്. സമുന്നത പണ്ഡിതനും ഖാരിഉമായിരുന്ന അബുൽഹസൻ(റ) ആയിരുന്നു പിതാവ്. ഉമ്മുൽ ഫള്ൽ ഫാത്തിമ അൻസാരിയ എന്നായിരുന്നു അവരുടെ മാതാവിന്റെ നാമം. അദ്ധ്യാത്മിക ഗുരുവായ ശൈഖ് മൻസൂർ സാഹിബിന്റെ സഹോദരി കൂടിയായിരുന്നു അവർ. വിശുദ്ധ ജന്മം കൊണ്ട് അനുഗ്രഹീതരായ ശൈഖ് രിഫായി(റ) പിതൃ വംശാവലി ഹുസൈൻ (റ), ഫാത്തിമ ബീവി(റ)യിലൂടെ നബി(സ) തങ്ങളിലേക്ക് എത്തിച്ചേരുന്നു. പുണ്യം നിറഞ്ഞ ആ വഴിത്താര ആത്മജ്ഞാനികളുടേതും പുണ്യ പുരുഷന്മാരുടെതുമായിരുന്നു.
തന്റെ മാതൃസഹോദരനായിരുന്ന ശൈഖ് മൻസൂർ(റ) വാണ് അവിടുത്തെ പ്രഥമ ഗുരു. ഹിജറ 519 തന്റെ പിതാവ് വഫാത്തായശേഷം ശൈഖ് രിഫായി(റ)വിന്റേയും മാതാവിന്റെയും ജീവിത ചിലവുകൾ ശ്രദ്ധിച്ചിരുന്നതും മഹാനവർകൾ തന്നെയായിരുന്നു. പ്രാഥമിക അറിവുകൾ പകർന്നു കൊടുത്ത ശേഷം ശൈഖ് മൻസൂർ എന്നവർ വിശ്രുത പണ്ഡിതനും ഖാരിഉമായിരുന്ന ശൈഖ് അബുൽ ഫള്ൽ അലിയ്യുൽ ഖാരി അൽ വാസിഥിയുടെ ദർസിൽ ശൈഖ് രിഫായി തങ്ങളെ ചേർക്കുകയുണ്ടായി. പഠനത്തിൽ വളരെ മിടുക്കനായിരുന്ന ശൈഖ് രിഫായി(റ) വളരെ പെട്ടെന്ന് തന്നെ ഖുർആൻ മുഴുവനും ഹൃദിസ്ഥമാക്കി. ഖുർആൻ പാരായണ ശാസ്ത്രം, കർമശാസ്ത്രം, തത്വശാസ്ത്രം തുടങ്ങിയ മിക്ക വിജ്ഞാന ശാഖകളിലും കുറഞ്ഞകാലം കൊണ്ട് തന്നെ ഉന്നതിയിൽ എത്താൻ അവർക്ക് സാധിച്ചു. കർമ്മ ശാസ്ത്രത്തോട് പ്രത്യേകമായ ഒരു താൽപര്യം അവർക്കുണ്ടായിരുന്നു. പഠനകാലത്ത് തന്നെ ബഹുമാനപ്പെട്ട അബൂ ഇസ്ഹാഖ് ശീറാസി(റ) വിന്റെ പ്രമുഖ കർമശാസ്ത്ര ഗ്രന്ഥമായ 'കിതാബു തൻബീഹ്' അവർ ഹൃദ്യസ്ഥമാക്കിയിരുന്നു. അക്കാലത്തെ മറ്റൊരു പ്രധാന ഫഖീഹ് ആയിരുന്ന ശൈഖ് അബുൽ ഹൈസ് (റ) വിന്റെ സദസ്സിലും ശൈഖ് രിഫായി(റ) പലപ്പോഴും പങ്കെടുക്കാറുണ്ടായിരുന്നു.
തീർത്തും ഭൗതികവിരക്തിയിലധിഷ്ഠിതമായ ജീവിതത്തിനുടമയായിരുന്നു ശൈഖ് രിഫാഈ(റ). തന്റെ ശിഷ്യന്റെ ബുദ്ധിപരവും അധ്യാത്മികവുമായ പ്രത്യേകതകൾ ശൈഖ് അലിയ്യുൽ വാസിഥി (റ) നന്നായി മനസ്സിലാക്കിയിരുന്നു. അവർ ഒരിക്കൽ പറഞ്ഞു: ഞങ്ങൾ പേരിനു മാത്രമാണ് അദ്ദേഹത്തിന് ശൈഖ് ആയിട്ടുള്ളത്. യഥാർത്ഥത്തിൽ, അദ്ദേഹം ഞങ്ങളുടെ ശൈഖാണ്. ശൈഖ് അലിയ്യുൽ വാസിഥി (റ) വിന് തന്റെ ശിഷ്യനെ കുറിച്ചുള്ള ഉത്തമമായ ബോധ്യത്തിന് തെളിവാണ് ഈ വാക്കുകൾ. ആത്മീയ അന്തരീക്ഷത്തിൽ ജനിച്ചു വളർന്ന ഉന്നതരായ മഹാത്മാക്കളുടെ കുടുംബത്തിൽ പിറന്ന ശൈഖ് രിഫായി(റ) ചെറിയ പ്രായത്തിൽ തന്നെ ആത്മീയ വിഷയങ്ങളിൽ വലിയ ശ്രദ്ധയും താല്പര്യവുമുള്ളവരായിരുന്നു. വിനോദങ്ങളിൽ നിന്നും ബഹളങ്ങളിൽ നിന്നുമെല്ലാം അകന്നു ജീവിച്ച് പുണ്യാത്മാക്കളായ മഹാന്മാരുടെ സദസ്സുകളിൽ ചെന്ന് ദുആ ചെയ്യിപ്പിക്കുന്നതും ബർക്കത്തെടുക്കുന്നതും രിഫായി(റ) വിന്റെ പതിവായിരുന്നു. അധികം സംസാരമില്ലാത്ത മഹാൻ പുണ്യ പുരുഷന്മാരോടുള്ള സഹവാസത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്നു.
രിഫായി(റ) വിന്റെ ആത്മീയ സരണിയിലെ ആദ്യത്തെ മശായിഖുമാർ ശൈഖ് മൻസൂർ സാഹിദ്(റ)വും ശൈഖ് അലിയ്യുൽ വാസിഥി(റ)വും തന്നെയായിരുന്നു. രണ്ടുപേരിൽ നിന്നും ഖിർഖ (സ്ഥാന വസ്ത്രം) സ്വീകരിച്ചിരുന്നു. ശൈഖ് അബ്ദുൽ മലികിൽ ഖർനൂബി എന്ന ഗുരുവിനെ വർഷത്തിലൊരിക്കലെങ്കിലും സന്ദർശിക്കുകയും ദുആ ചെയ്യിപ്പിക്കുകയും ചെയ്യുക എന്നത് രിഫായി(റ) വിന്റെ പതിവായിരുന്നു. ശൈഖ് അബ്ദുൽ മലികിൽ ഖർനൂബി എന്നവരോട് ഒരിക്കൽ ശൈഖ് രിഫായി(റ) ഉപദേശം തേടിയപ്പോൾ മഹാനവർകൾ പറഞ്ഞുകൊടുത്തു 'മോനെ ഞാൻ പറയുന്നത് നീ ശ്രദ്ധിച്ചു കേൾക്കണം. തിരിഞ്ഞുനോക്കുന്നവൻ ഒരിക്കലും ലക്ഷ്യത്തിലെത്തുകയില്ല. സംശയാലു ഒരിക്കലും വിജയിക്കുകയില്ല. സമയം നഷ്ടപ്പെടുന്നത് മനസ്സിലാക്കാത്തവന്റെ മുഴുവൻ സമയവും നഷ്ടത്തിലാണ്'. മഹാനവർകളുടെ ഈ മഹത് വചനങ്ങൾ ശരിയാം വിധം ഗ്രഹിക്കുകയും അത് ഉൾക്കൊള്ളുകയും ചെയ്തവരാണ് ശൈഖ് രിഫായി(റ). ഈ അമൂല്യമായ ഉപദേശങ്ങൾ ഒരുവർഷക്കാലം ശൈഖ് രിഫായി(റ) ഉരുവിട്ട് നടന്നു. പിന്നീട് അടുത്തവർഷം ചെന്ന് വീണ്ടും ഉപദേശം തേടിയപ്പോൾ മഹാനവർകൾ പറഞ്ഞുകൊടുത്തു 'ബുദ്ധിമാന്മാർക്ക് വിവരക്കേടും വൈദ്യന്മാർക്ക് രോഗവും സ്നേഹിതന്മാർക്ക് പിണക്കവും വളരെയേറെ മോശകരമായ കാര്യമാണ്' ഈ ഉപദേശം കേട്ട രിഫായി(റ) പിന്നീട് അടുത്ത ഒരു വർഷവും ഇത് നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. ആത്മജ്ഞാനം തേടിയുള്ള യാത്രകളിൽ എല്ലാം മഹാനവർകൾ ഈ ഉപദേശങ്ങൾ ഓർത്തുകൊണ്ടേയിരുന്നു. പിന്നീട് അടുത്ത വർഷം മൂന്നാം പ്രാവശ്യവും ശൈഖ് ഖർനൂബിയെ സന്ദർശിക്കാൻ ചെന്ന് ഉപദേശം തേടിയപ്പോൾ 'ഇനി നിങ്ങൾ ഇങ്ങോട്ട് വരേണ്ടതില്ലെന്നും നിങ്ങൾ ആത്മീയമായ ഉന്നതി കൈവരിച്ചിരിക്കുന്നു'വെന്നും മഹാനവർകൾ പറയുകയുണ്ടായി.
തന്റെ കാലക്കാരായ മറ്റുപല മഹാന്മാരിൽ നിന്നും ആത്മീയ വഴികൾ സ്വീകരിച്ച ശൈഖ് രിഫാഈ (റ) റിയാളയിലും മുജാഹദയിലും മുഴുകി നിരന്തര പരിശീലനങ്ങൾ കൊണ്ട് ശരീരവും മനസ്സും അല്ലാഹുവിന്റെ വഴിയിലായി പാകപ്പെടുത്തി. തന്റെ ജന്മനാടായ ഉമ്മു അബീദയിൽ സ്ഥാപിച്ച ഭരണാശാലയിൽ ദീനി വിജ്ഞാന പ്രസരണത്തിലും ഇബാദത്തുകളിലുമായി അവർ കഴിഞ്ഞു കൂടി. വിജ്ഞാന താൽപരരും ആത്മീയ വിഷയങ്ങളിൽ അഭിനിവേശം ഉള്ളവരുമായ ആയിരങ്ങൾ അവിടുത്തെ സദസ്സിലേക്ക് ഒഴുകി. ദീനീ വിജ്ഞാനത്തിലും ആത്മീയ മാർഗ്ഗദർശനത്തിലും മശായിഖുമാരിൽ നിന്ന് ലഭിച്ച അനുമതി പ്രകാരം തുടങ്ങിയ ആ പാഠശാലയിൽ നിന്നും പർണശാലയിൽ നിന്നുമാണ് പിൽക്കാലത്ത് രിഫാഈ ത്വരീഖത്ത് ഉടലെടുക്കുന്നത്. തന്റെ അടുക്കൽ അറിവ് നേടാനായി വരുന്നവരോട് വിശുദ്ധ ഖുർആനും തിരുസുന്നത്തും പൂർണ്ണമായി അനുധാവനം ചെയ്യാനും പിഴച്ച വാദങ്ങളെ അകറ്റിനിർത്താനുമാണ് രിഫാഈ (റ) ആവശ്യപ്പെടാറുള്ളത്. ദീനി വിജ്ഞാനങ്ങളെ അതിയായ ഗൗരവത്തിലെടുക്കുകയും പണ്ഡിതന്മാരെയും ദീനിന്റെ അഹ്ലുകാരെയും ബഹുമാനിക്കാനും മഹാനവർകൾ എപ്പോഴും കൽപ്പിക്കാറുണ്ടായിരുന്നു.
ശൈഖ് രിഫാഈ (റ) ആദ്യം വിവാഹം ചെയ്തത് തന്റെ ശൈഖായ അബൂബക്കർ വാസിഥി(റ) മകളായ ഖദീജ അൻസാരിയെ ആണ്. ആ ബന്ധത്തിൽ സയ്യിദത്ത് ഫാത്തിമ, സയ്യിദത്ത് സൈനബ് എന്നീ പുത്രിമാർ ജനിച്ചു. നീണ്ടകാലത്തെ ദാമ്പത്യ ജീവിതത്തിനുശേഷം ഹി. 553 ൽ ആ ഭാര്യ വഫാത്താവുകയുണ്ടായി. അതിനുശേഷം അവരുടെ സഹോദരിയായ സയ്യിദത്ത് റാബിയ എന്നവരെയാണ് വിവാഹം കഴിച്ചത്. ആ ബന്ധത്തിൽ സയ്യിദ് സ്വാലിഹ് ഖുതുബുദ്ധീൻ എന്ന ഒരു പുത്രന് ജന്മം നൽകി. പിതാവിന്റെ മാർഗ്ഗത്തിൽ തന്നെയായിരുന്നു സയ്യിദ് ഖുതുബുദ്ധീനിന്റെയും സഞ്ചാരം. ചെറുപ്പത്തിൽ തന്നെ ഖുർആൻ മനഃപാഠമാക്കുകയും അതിനുശേഷം കർമ്മ ശാസ്ത്ര ഗ്രന്ഥങ്ങൾ പഠിക്കുന്നതിലും മറ്റുള്ള ആരാധനകളിലുമായി അവർ കഴിഞ്ഞുകൂടി. നല്ല ധർമ്മിഷ്ഠനും സൽസ്വഭാവിയുമായിരുന്ന സയ്യിദ് സ്വാലിഹ് ഖുതുബുദ്ധീന് അധികകാലം ജീവിച്ചിരിക്കാൻ ആയുസ്സ് ഉണ്ടായില്ല. പിതാവിന്റെ ജീവിതകാലത്തുതന്നെ ഇഹലോകവാസം പുൽകുകണ്ടായി. ശൈഖ് രിഫാഈ (റ) ആദ്യ ദാമ്പത്യത്തിലുണ്ടായ സൈനബ് എന്ന മഹതിയെ ശൈഖ് രിഫാഈ (റ) വിന്റെ സഹോദരി പുത്രനായ സയ്യിദ് അബ്ദുറഹിം ഇബ്നു ഉസ്മാൻ എന്നവരാണ് വിവാഹം ചെയ്തത്. അവർക്ക് ആറ് ആൺകുട്ടികളും രണ്ടു പെൺകുട്ടികളുമുണ്ടായി. മറ്റൊരു മകളായ ഫാത്തിമയെ മറ്റൊരു സഹോദരി പുത്രനായ സയ്യിദ് അലിയ്യുബ്നു ഉസ്മാൻ (റ)വാണ് വിവാഹം ചെയ്തത്. ശൈഖ് രിഫാഈ (റ) വിന്റെ പേരമക്കളെല്ലാം സൂഫിവര്യന്മാരും ഔലിയാക്കളിൽപ്പെട്ട മഹാന്മാരും ആയിരുന്നു.
തിരുനബി(സ) തങ്ങളോടുള്ള പിന്തുടർച്ചയും പാരമ്പര്യവും അവരുടെ ജീവിതത്തിൽ മുഴുക്കെ പ്രകടനമായിരുന്നു. തിരുനബി(സ) തങ്ങളെ അനുധാവനം ചെയ്യുന്നതിൽ സദാ ബദ്ധ ശ്രദ്ധരായിരുന്നു ശൈഖ് രിഫാഈ (റ). നിഷ്കളങ്ക പ്രകൃതിക്കാരനായിരുന്ന രിഫാഈ (റ) ഒരു വിശുദ്ധ വ്യക്തിത്വം എങ്ങനെയായിരിക്കണമെന്ന് അവിടുത്തെ ജീവിതത്തിലൂടെ നമ്മെ പഠിപ്പിച്ചു. ശൈഖ് മക്കിയ്യിൽ വാസിഥി(റ) പറയുന്നു: ഒരു രാത്രി ഞാൻ ശൈഖ് രിഫാഈ (റ)വിനോടൊന്നിച്ച് ഉമ്മു അബീദ എന്ന അവിടുത്തെ ജന്മ ദേശത്തിൽ ഒന്നിച്ച് താമസിച്ചു. ഒരൊറ്റ രാത്രിയിൽ മാത്രം തിരുനബി(സ) തങ്ങളുടെ ഉൽകൃഷ്ട സ്വഭാവങ്ങളിൽ നിന്ന് നാൽപതോളം സ്വഭാവങ്ങൾ എനിക്ക് ശൈഖ് രിഫാഈ (റ) നിന്ന് കാണാൻ സാധിച്ചു. കുടുംബ ബന്ധങ്ങൾ ചേർക്കുക, രഹസ്യങ്ങൾ സൂക്ഷിച്ചു വെക്കുക, മറ്റുള്ളവരോട് ചെയ്ത കരാറുകളും വാഗ്ദാനങ്ങളും പാലിക്കുക, മുസ്ലിം സഹോദരന്മാർക്ക് വേണ്ടി പ്രാർത്ഥിക്കുക, തന്നോട് ശത്രുത കാണിച്ചവർക്കും ഗുണം ചെയ്യുക, ആക്രമിച്ചവർക്ക് മാപ്പ് നൽകുക, വിശന്നവർക്ക് ഭക്ഷണം നൽകുക, അഗതികളായ ആളുകൾക്ക് വസ്ത്രങ്ങളും വിഭവങ്ങളും നൽകുക, രോഗികളായവരെ സന്ദർശിക്കുക, മയ്യത്ത് പരിപാലിക്കുക, സാധുക്കളെ സ്നേഹിക്കുകയും അവരോട് ഒന്നിച്ച് സഹവാസം പങ്കിടുകയും സ്നേഹപൂർവ്വം പെരുമാറുകയും ചെയ്യുക, ഭൗതികതയിൽ താല്പര്യം പ്രകടിപ്പിക്കാതിരിക്കുക, എല്ലാ ജീവജാലങ്ങളോടും കരുണയോടു കൂടെ പെരുമാറുക, പള്ളി പോലുള്ള വിശുദ്ധ സ്ഥലങ്ങളെല്ലാം വൃത്തിയായി സൂക്ഷിക്കുക, ജനങ്ങളുടെ സുഖ ദു:ഖങ്ങളിൽ പങ്കുചേരുക തുടങ്ങി ആ ജീവിതത്തിൽ പ്രകടമായ സ്വഭാവങ്ങൾ ഒട്ടധികമാണ്. ഏതെങ്കിലും ഒരു വഴിയിലൂടെ നടന്നുപോകുമ്പോൾ ഇടത്തോട്ടും വലത്തോട്ടും തിരിഞ്ഞു നോക്കാതെ മുൻ ഭാഗത്തേക്ക് മാത്രം നോക്കി തല അല്പം ചെരിച്ചു പിടിച്ചായിരുന്നു രിഫാഈ (റ) നടന്നിരുന്നത്. ഗാംഭീര്യമുള്ളതും എന്നാൽ വിനയാന്വിതവുമായ രീതിയിലായിരുന്നു നടത്തം. എല്ലാ സമയത്തും വുളൂ സൂക്ഷിച്ചിരുന്നു. യാത്രയിലായാലും അല്ലാത്ത സമയത്തായാലും ഏത് പള്ളിയിൽ കയറിയാലും രണ്ട് റക്അത്ത് നിസ്കരിക്കും. നടന്നു പോകുന്നതിനിടയിൽ വഴികളിൽ കാണുന്ന വൃത്തി ഹീനമായ വസ്തുക്കൾ അവിടുത്തെ വിശുദ്ധമായ കൈകൾ കൊണ്ട് തന്നെ എടുത്തുമാറ്റുമായിരുന്നു.
ഒരിക്കലും ഒരേസമയം രണ്ടുതരം ആഹാരവസ്തുക്കൾ രിഫാഈ (റ) കഴിക്കുമായിരുന്നില്ല. ഭക്ഷണം കഴിക്കുന്നത് തന്നെ വളരെ കുറവായിരുന്നു. കൂടുതൽ ഭക്ഷണം സുഖലോലുപനാക്കി ഉറക്കി കളയും എന്നല്ലാതെ അതുകൊണ്ട് എന്താണ് ഗുണം എന്നായിരുന്നു മഹാനവർകൾ ചോദിച്ചിരുന്നത്. തന്റെ സ്വന്തം ഗ്രാമമായ ഉമ്മു അബീദയിൽ നിന്ന് പുറത്തുപോകുമ്പോഴെല്ലാം കൂടെ ഒരു കയർ കരുതുക എന്നത് അവരുടെ പതിവായിരുന്നു. തിരിച്ചു വരുമ്പോൾ ആ കയർ ഉപയോഗിച്ച് കൊണ്ട് കെട്ടിയ വിറക് കെട്ടുകളുമായിട്ടാണ് മഹാനവർകൾ തിരിച്ചു വരിക. അങ്ങനെ ആശ്രയമില്ലാത്തവർക്കും വിധവകൾക്കും അത് വിതരണം ചെയ്യുന്ന പ്രകൃതിക്കാരായിരുന്നു മഹാനവർകൾ. അള്ളാഹുവിലുള്ള ഭയം കാരണം എപ്പോഴും ചിന്തയിലാണ്ട ശൈഖ് രിഫാഈ (റ) ഇനി കുറഞ്ഞ സമയമേ ബാക്കിയുള്ളൂ എന്ന് എപ്പോഴും പറയുമായിരുന്നു. നിസ്കാര സമയമായാൽ ഭൗതിക വിഷയങ്ങളുമായി പിന്നെ ഒരിക്കലും ബന്ധപ്പെടുമായിരുന്നില്ല. ഒരിക്കൽ ഭാര്യയോട് കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. അതിനിടയിൽ ബാങ്ക് വിളിക്കുന്നത് കേൾക്കാനിടയായി. ഉടനെ ശൈഖവർകൾ പറഞ്ഞു: അല്ലാഹുവിന് നിർവഹിക്കേണ്ട ബാധ്യതക്ക് സമയമായി. ഇനി ശരീരത്തിന്റെ ബാധ്യതക്ക് പ്രസക്തിയില്ല. നിസ്കാരത്തിലേക്ക് നിന്നു കഴിഞ്ഞാൽ അള്ളാഹുവിനോടുള്ള ഭയഭക്തി കാരണം ശൈഖവർകളുടെ മുഖം തന്നെ നിറം മാറുമായിരുന്നു എന്ന് ദൃസാക്ഷികൾ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. സുബഹി നിസ്കാരം കഴിഞ്ഞാൽ ളുഹാ നിസ്കാരം വരെ അവിടെത്തന്നെ ഇരുന്ന് കരയുകയും പ്രാർത്ഥിക്കുകയും ചെയ്യുമായിരുന്നു. ബഹുമാനപ്പെട്ട ഇമാമുദ്ധീൻ സിങ്കി (റ) പറയുന്നു: 12 വർഷത്തോളം ശൈഖ് രിഫാഈ (റ) വിന് ഞാൻ സേവനം ചെയ്തിട്ടുണ്ട്. അതിനിടയിൽ ഒരിക്കൽപോലും അവിടുന്ന് രാത്രി ഉറങ്ങുന്നത് ഞാൻ കണ്ടിട്ടില്ല. അല്പമെങ്കിലും ഉറങ്ങിയിരുന്നത് ളുഹക്ക് ശേഷം ളുഹറിന് മുമ്പുള്ള സമയത്തായിരുന്നു. ശൈഖ് രിഫാഈ (റ) ഖുർആൻ പാരായണത്തിലും ദിക്റുകളിലും സ്വലാത്തുകളിലും വളരെയേറെ ശ്രദ്ധ കാണിച്ചിരുന്നു. വസ്ത്ര മേന്മകളിലോ മറ്റു ജാടകളിലോ ഒട്ടും താല്പര്യമില്ലാതിരുന്ന ശൈഖ് രിഫാഈ (റ) ആഢംഭരങ്ങളെയെല്ലാം തന്റെ ജീവിതത്തിൽ നിന്ന് പരിപൂർണമായും മാറ്റി നിർത്തി. അപ്രകാരം തന്റെ ശിഷ്യന്മാരോടും ഉപദേശിച്ചു കൊണ്ടിരുന്നു. ഒരിക്കൽ കരിമ്പട വസ്ത്രം ധരിച്ചുവന്ന ശിഷ്യന്മാരോട് പ്രശംസ രൂപത്തിൽ അവർ പറഞ്ഞു: നിങ്ങൾ ആരുടെ വസ്ത്രമാണ് ധരിച്ചിരിക്കുന്നത് എന്ന് നിങ്ങൾക്കറിയുമോ? അമ്പിയാക്കളുടെ വസ്ത്രമാണിത്. ഭയഭക്തിയുള്ളവരുടെ ആഭരണമാണിത് എന്ന് പറഞ്ഞ് അവരെ പ്രശംസിക്കുകയുണ്ടായി.
അങ്ങേയറ്റത്തെ കാരുണ്യത്തിന്റെയും സഹജീവി മനോഭാവത്തിന്‍റെയും ഉന്നത മാതൃകയായിരുന്നു ബഹുമാനപ്പെട്ട ശൈഖ് രിഫാഈ (റ). ജീവജാലങ്ങളോട് മുഴുവൻ അനുകമ്പയും സ്നേഹവും കാരുണ്യവും ആർദ്രമായ മനസ്സും അവർ കാണിച്ചു. ഒരിക്കൽ ഉമ്മു അബീദ എന്ന തന്റെ ഗ്രാമത്തിൽ വലിയ വൃണങ്ങൾ ബാധിച്ച ഒരു പട്ടിയുണ്ടായിരുന്നു. കഠിനമായ രോഗം മൂലം ആ ജീവിക്ക് ശരീരം ഒട്ടിയൊലിക്കുന്നുണ്ടായിരുന്നു. കാഴ്ചശക്തി പൂർണമായും നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. അസഹ്യമായ ദുർഗന്ധം കാരണം അനുകമ്പയുള്ളവർ പോലും അതിനടുത്തേക്ക് തിരിഞ്ഞുനോക്കുമായിരുന്നില്ല. നടക്കാൻ കഴിയാതെ ആ തെരുവ് പട്ടി അങ്ങനെ കഴിഞ്ഞു. മറ്റുള്ളവർക്ക് അറപ്പും വെറുപ്പും ഉണ്ടാക്കുന്ന ആ ദൃശ്യം കണ്ണിന് അസഹനീയമായി തോന്നിയ ചിലർ അതിനെ വലിച്ചിഴച്ച് ഗ്രാമത്തിന്റെ വെളിയിലേക്ക് കൊണ്ടുപോയി. അപ്പോഴാണ് ആ വിവരം ശൈഖ് രിഫാഈ (റ) അറിയുന്നത്. അദ്ദേഹം അതിൽ വല്ലാതെ വേദനിച്ചു. ദുഃഖിതരായ അദ്ദേഹം മരുന്നും ഭക്ഷണവുമായി ആ ജീവിയുടെ അടുത്ത് ചെല്ലുകയും അതിനെ ശുശ്രൂഷിക്കുകയും ചെയ്തു. ആ ജീവിക്ക് വേണ്ട പരിചരണങ്ങളെല്ലാം അവർ നടത്തി കൊടുത്തു. വെയിൽ കൊള്ളുന്നത് അതിന്റെ ശരീരത്തിന് ബുദ്ധിമുട്ടാകുമെന്ന് കരുതിയ അവർ ആ പട്ടിക്കുവേണ്ടി ചെറിയ ഒരു കൂടാരം കെട്ടി. അതിനെ അതിൽ താമസിപ്പിച്ചു 40 ദിവസം അതിനായി പരിപാലിച്ചു. വെള്ളം ചൂടാക്കി അതിനെ കുളിപ്പിച്ചു വൃത്തിയാക്കി. മരുന്ന് ഭക്ഷണവും ശുശ്രൂഷയും ലഭിച്ചപ്പോൾ പട്ടിയുടെ ആരോഗ്യം മെച്ചപ്പെട്ടു. വൃണങ്ങളെല്ലാം മാറുകയും ശരീരം പൂർവസ്ഥിതിയിലാവുകയും ചെയ്തു. അതിനുശേഷം നാട്ടിൽ തിരിച്ചു വന്നപ്പോൾ ഒരു പട്ടിക്കുവേണ്ടി ഇത്രയൊക്കെ ത്യാഗം ചെയ്യേണ്ടതുണ്ടോ എന്ന് ചോദിക്കപ്പെട്ടപ്പോൾ മഹാനവർകൾ പറഞ്ഞു: വിചാരണ നാളിൽ 'നിങ്ങൾ എന്തുകൊണ്ട് ജീവിയോട് കരുണ കാണിച്ചില്ല' എന്ന് അള്ളാഹു ചോദിക്കുമോ എന്ന് ഞാൻ ഭയക്കുന്നു.
മനസ്സുകളെ സ്വാധീനിക്കാൻ കഴിയുന്ന പ്രസംഗ ശൈലിയുടെ ഉടമ കൂടിയായിരുന്നു ശൈഖ് രിഫാഈ (റ). അവിടുത്തെ പ്രസംഗ ഉപദേശങ്ങൾ കേൾക്കുന്നതിനു വേണ്ടി ദൂരദിക്കുകളിൽ നിന്നുപോലും പതിനായിരങ്ങൾ ഒഴുകിയെത്തുമായിരുന്നു. ഇമാം ശഅറാനി(റ) 'ലാവാഹിഖുൽ അൻഹാർ' എന്ന ഗ്രന്ഥത്തിൽ പറയുന്നത് കാണാം, ബഹുമാനപ്പെട്ട ശൈഖ് രിഫാഈ (റ) പ്രസംഗത്തിനു വേണ്ടി പീഠത്തിനടുത്ത് വന്നാൽ പരിസരപ്രദേശങ്ങളിലുള്ളവരും ദൂരവാസികളുമെല്ലാം മഹാനവർകളുടെ പ്രഭാഷണം ഒരുപോലെ കേട്ടിരുന്നു. കേൾവി ശേഷി ഇല്ലാത്തവർക്ക് പോലും ആ പ്രസംഗം കേൾക്കാൻ സാധിച്ച അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ളുഹ്റിന് ശേഷമാണ് പലപ്പോഴും മഹാനവർകൾ പ്രസംഗം നടത്തിയിരുന്നത്. ഒരിക്കൽ ഒരു വ്യാഴാഴ്ച പ്രമുഖ പ്രഭാഷകന്മാരും ഇറാഖിലെ പണ്ഡിതന്മാരുമെല്ലാം അവിടുത്തെ പ്രസംഗ സദസിലുണ്ട്. പലരും ശൈഖ് രിഫാഈ (റ) വിനോട് ചോദ്യങ്ങൾ ചോദിക്കുന്നു. ചിലർ തഫ്സീറിൽ നിന്നാണ് ചോദിക്കുന്നത്. മറ്റു ചിലർ ഹദീസിൽ നിന്ന്. മറ്റു ചിലർ ഫിഖ്‌ഹിൽ നിന്ന്. വേറെ ചില തർക്കശാസ്ത്രങ്ങളിൽ നിന്നും നിദാന ശാസ്ത്രത്തിൽ നിന്നുമെല്ലാം ചോദിക്കുന്നവരുണ്ട്. ഏതു വിജ്ഞാന ശാഖകളിൽ നിന്ന് ചോദിക്കപ്പെട്ടാലും യാതൊരു ക്ഷീണങ്ങളോ തടസ്സങ്ങളോ ഇല്ലാതെ കൃത്യമായ രീതിയിൽ മഹാനവർകൾ അതിനു മറുപടി നൽകുമായിരുന്നു.
ശൈഖ് രിഫായി (റ) വിനെപ്പോലെ ഇറാഖിലാണ് ശൈഖ് മുഹ്‌യിദ്ധീൻ ജീലാനി (റ) വും ഭൂജാതനായിട്ടുള്ളത്. ഇറാഖിലെ ബാഗ്ദാദിനടുത്ത് ജീലാൻ എന്ന ഗ്രാമത്തിലാണ് ശൈഖവർകൾ ജനിച്ചിട്ടുള്ളത്. രണ്ടു പേരും സമകാലികരായ മഹാന്മാരായിരുന്നു. ശൈഖ് രിഫായി (റ) ഉമ്മു അബീദ എന്ന ഗ്രാമം കേന്ദ്രമാക്കി ആത്മീയ ശിക്ഷണം നടത്തിയപ്പോൾ ശൈഖ് അബ്ദുൽ ഖാദർ ജീലാനി (റ)തന്റെ കേന്ദ്രമായി തെരെഞ്ഞെടുത്തത് ബാഗ്ദാദാണ്. ആ രണ്ട് മഹാന്മാരും അങ്ങുമിങ്ങും വളരെ നല്ല ആദരവോടെയും സ്നേഹത്തോടെ കൂടെയുമായിരുന്നു പെരുമാറിയിരുന്നത്. ഈ രണ്ട് മഹാന്മാരിലൂടെ ലോകം ആത്മീയമായ ഉന്നതി പ്രാപിച്ചു. ബാഗ്ദാദിൽ വെച്ച് ശൈഖ് ജീലാനി തങ്ങൾ എല്ലാ ഔലിയാക്കളും തന്റെ പാദത്തിന് കീഴെ എന്ന് പ്രസ്‍താവിച്ചപ്പോൾ ഉമ്മു അബീദയിൽ വിദ്യാർത്ഥികൾക്ക് അറിവ് പകർന്ന് കൊണ്ടിരുന്ന ശൈഖ് രിഫായി (റ) ക്ലാസ്സിൽ നിന്ന് എഴുന്നേറ്റ് നിന്ന് ഈ ചെറിയ അഹ്മദ് അവരിൽ പെട്ടവനാണെന്ന് വിനയ പൂർവ്വം പറഞ്ഞത് ഗ്രന്ഥങ്ങളിൽ കാണാം.
ആത്മീയതയുടെ അത്യുന്നത സ്ഥാനങ്ങളിൽ എത്തിച്ചേർന്ന ശേഷം ശൈഖ് രിഫായി (റ) വിന്റെ ഒട്ടേറെ കറാമത്തുകൾ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ധാരാളം ദൃസാക്ഷികളും അനുഭവസ്ഥരും റിപ്പോർട്ട് ചെയ്ത ഒരു സംഭവം, ബഹുമാനപ്പെട്ട ശൈഖ് അബൂ ഹഫ്‌സ് ഉമറുൽ ഫാറൂസി പറയുന്നു: ഞങ്ങൾ ശൈഖ് രിഫായി (റ) വിന്റെ സദസ്സിൽ ഇരിക്കുകയായിരുന്നു. സദസ്സിൽ മറ്റു പ്രമുഖരായ നിരവധി വ്യക്തിത്വങ്ങളുമുണ്ട്. അവരെല്ലാം ആത്മീയസംബന്ധിയായ ചർച്ചകളിലാണ്. ചോദിക്കുന്നവരുടെ സംശയങ്ങൾക്ക് മറുപടി നൽകിക്കൊണ്ടിരിക്കുന്ന ശൈഖ് രിഫായി (റ) പെട്ടെന്ന് എഴുന്നേൽക്കുകയുണ്ടായി. എന്നിട്ട് ഇങ്ങനെ പറയുകയുണ്ടായി 'അല്ലാഹു അക്ബർ... അള്ളാഹു അക്ബർ... യാഥാർത്ഥ്യം ഇതാ വെളിവായിരിക്കുന്നു. സത്യം വ്യക്തമായിരിക്കുന്നു. ഞാനിതാ തിരുസന്നിധിയിൽ നിന്ന് വിളിക്കപ്പെട്ടിരിക്കുന്നു'. ഇതു പറഞ്ഞ് ശൈഖ് രിഫായി (റ) എഴുന്നേറ്റു. സദസ്സിലെ എല്ലാവരും എഴുന്നേറ്റു. വളരെ വൈകാതെ തന്നെ ശൈഖ് രിഫായി (റ)വും വലിയൊരു സംഘവും ഹജ്ജിനായി പുറപ്പെട്ടു. ഹി:555 ലായിരുന്നു ഇത്. ഹജ്ജ് ചെയ്ത ശേഷം മദീനയിലെത്തിയ ശൈഖ് രിഫായി (റ) ഹുജ്റ ശരീഫക്ക് മുന്നിലെത്തിയപ്പോൾ തന്റെ പിതാമഹരായ നബി(സ) തങ്ങൾക്ക് 'അസ്സലാമു അലൈക്കും യാ ജദ്ദീ' എന്ന് സലാം പറയുകയുണ്ടായി. ഉടനെ തന്നെ നബി(സ) തങ്ങളുടെ റൗളയിൽ നിന്ന് 'വ അലൈക്കുമുസ്സലാം യാ വലദീ' എന്ന് മറുപടിയുമുണ്ടായി എന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. സലാം ചൊല്ലിയശേഷം നബി(സ) തങ്ങളോടുള്ള അടങ്ങാത്ത സ്നേഹത്തിൽ ലയിച്ചു ചേർന്ന ശൈഖ് രിഫായി(റ) കുറേസമയം അവിടെത്തന്നെ ഇരിക്കുകയുണ്ടായി. പിന്നീട് എഴുന്നേറ്റു നിന്ന് കണ്ണുനീരൊലിപ്പിച്ചു കൊണ്ട് ഒരു കവിത ആലപിക്കാൻ തുടങ്ങി. 'വിദൂരസ്ഥനായിരിക്കാൻ ഞാനെന്റെ ആത്മാവിനെ ഇങ്ങോട്ട് പറഞ്ഞയക്കാറുണ്ടായിരുന്നു. എനിക്ക് പകരക്കാരനായി അങ്ങയുടെ ഭൂമിയെ ചുംബിക്കുവാൻ വേണ്ടി ഇപ്പോൾ ഇതാ ഞാൻ തന്നെ അങ്ങയുടെ തിരുസന്നിധിയിൽ വന്നിരിക്കുകയാണ്. എനിക്ക് അങ്ങയുടെ വലതു കൈ നീട്ടിത്തരണം. എന്റെ അധരം അതിനാൽ സൗഭാഗ്യം സിദ്ധിക്കാൻ വേണ്ടി' എന്നായിരുന്നു ആ കവിതയുടെ സാരം. അപ്പോൾ തന്നെ നബി(സ) തങ്ങളുടെ വിശുദ്ധ കരം പുറത്തേക്കു നീട്ടപ്പെടുകയും ആ കൈകളുടെ പ്രകാശം കാരണമായി മസ്ജിദുന്നബവിയും പരിസരമെല്ലാം പ്രകാശം ഭൂരിതമാവുകയും ചെയ്തു. ശൈഖ് രിഫായി (റ) ആ വിശുദ്ധ കരം മതിവരുവോളം ചുംബിക്കുകയുണ്ടായി. ഒരു വ്യാഴാഴ്ച അസറിന് ശേഷമായിരുന്നു ഈ സംഭവമെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ആ വർഷം പുണ്യഭൂമിയിൽ എത്തിച്ചേർന്ന ഒരു ലക്ഷത്തോളം വരുന്ന ആളുകൾ ഈ കറാമത്തിന് ദൃക്‌സാക്ഷികളായിരുന്നു.
ലക്ഷക്കണക്കായ ആളുകളെ ആത്മീയതയുടെ ഉന്നതിയിലേക്ക് പിടിച്ചുയർത്തിയ അതുല്യ വ്യക്തിത്വത്തിന് ഉടമയായിരുന്ന ശൈഖ് രിഫായി (റ) ഹിജ്റ 578 ജമാദുൽ ഊല 12 ഒരു വ്യാഴാഴ്ച ളുഹ്റിന് ശേഷമാണ് ഇഹലോകത്തോട് വിടപറയുന്നത്. വഫാത്തിന്റെ 80 ദിവസങ്ങൾക്കു മുമ്പ് തന്നെ ശൈഖ് രിഫായി(റ) വഫാത്തിനെക്കുറിച്ച് കൃത്യമായി പ്രവചിച്ചിരുന്നു എന്ന് സ്വഫിയുദ്ധീൻ (റ) തന്റെ 'റൗളുന്നളീറിൽ' രേഖപ്പെടുത്തിയിട്ടുണ്ട്. അവിടുത്തെ ജനാസ നമസ്കാരത്തിൽ ലക്ഷക്കണക്കിന് പേരാണ് പങ്കുകൊണ്ടത്. അവരുടെ പിതാമഹരായ യഹ്‌യന്നജജാരി എന്നവരുടെ ഖബറിനടുത്ത് ഉമ്മു അബീദ എന്ന തന്റെ ഗ്രാമത്തിൽ തന്നെയാണ് അവരുടെ ഖബറുള്ളത്.
✍️ അബ്ദുസ്സലാം അഹ്‌സനി കാമിൽ സഖാഫി പഴമള്ളൂർ (മുഹിമ്മാത്ത് മുദരിസ്)
What's Your Reaction?
Like
1
Dislike
0
Love
1
Funny
0
Angry
0
Sad
0
Wow
0


