ഹംസ ഉസ്താദ് ഒലയമ്പാടി; തലമുറയെ പ്രചോദിപ്പിച്ച വെളിച്ചം

Nov 14, 2025 - 11:38
ഹംസ ഉസ്താദ് ഒലയമ്പാടി; തലമുറയെ പ്രചോദിപ്പിച്ച വെളിച്ചം

കൊല്ലപ്പണിക്കാരൻ്റെ കൈയ്യിലെ ഇരുമ്പ് പോലെയാണ് അധ്യാപകൻ്റെ കരങ്ങളിലെ വിദ്യാർഥി എന്ന ആപ്ത വാക്യത്തിൻ്റെ സാരാംശം മുന്നിലിരിക്കുന്ന തലമുറകളിലേക്ക് പകർന്ന ഒരു ഗുരുനാഥൻ കൂടി സൃഷ്ടാവിൻ്റെ കണക്ക് പുസ്തകത്തിലെ ജീവിതാധ്യായം തീർത്ത് മടങ്ങിയിരിക്കുന്നു.

ആ അദ്ധ്യാപകൻ്റെ മുന്നിലെത്തിയ ശിഷ്യരെ എറ്റവും നല്ല മൂശയിലിട്ട് വാർത്തെടുത്ത് ഒരു മനഷ്യായുസ്സിൻ്റെ നിമിഷങ്ങളെ അന്വർഥമാക്കിയ മുഅല്ലിമായിരുന്നു ഹംസ ഉസ്താദ്. അഥവാ ഞാൻ മുഅല്ലിമായാണ് നിയുക്തനനായതെന്ന പ്രവാചക അധ്യാപനത്തിൻ്റെ അമൂർത്ത സാക്ഷാൽക്കാരം!

ജ്ഞാനം ജീവിത സപര്യയാക്കിയ ശ്രേഷ്ഠ ഗുരു ത്വാഹിർ തങ്ങൾ നെയ്തെടുത്ത മുഹിമ്മാത്തെന്ന പ്രവിശാലമായ കാമ്പസായിരുന്നു ഹംസ ഉസ്താദിൻ്റെ കർമ്മ ഭൂമി. മുന്നിലുള്ളത് സഹസ്രം പിഞ്ചു മക്കൾ.
പല ദേശങ്ങളിലെ ഭാഷാഅതിരുകൾ ഭേദിച്ചെത്തിയ വിദ്യാർഥികൾ! നാനാ വർണ്ണങ്ങൾ ഒരു പൂന്തോപ്പിൽ സമാഗമിച്ചത് പോലെയുള്ള പ്രതീതി! അസാമാന്യ പാടവമുള്ള മനഃശാസ്ത്രജ്ഞനെ പ്പോലെ ഓരോ വിദ്യാർത്ഥിയുടെയും കഴിവുകളെ  തിരിച്ചറിഞ്ഞ്  നിരന്തരം പ്രചോദിപ്പിച്ചു. മാനേജിംഗ് വൈദഗ്ധ്യം, നിസ്വാർത്ഥ പ്രവർത്തകൻ, ശിഷ്യർക്ക് കൂട്ടുകാരനായി, അധ്യാപകനായി, ഉസ്താദ് നിറഞ്ഞു നിന്നു. തന്റെ മുന്നിലുള്ള തലമുറകളെ വായനയുടെ അതീന്ദ്രിയ ലോകത്തേക്ക് ആനയിച്ചു. ഖുർആനിക അധ്യാപനത്തിന്റെ ആദ്യാക്ഷരികുറിച്ച് തിരുനബിയോട് സൃഷ്ടാവ് പറഞ്ഞുവല്ലോ 'വായിക്ക ജഗൽ സത്യം'. ആ സത്യത്തെ തലമുറകളിലേക്ക് പകരാനുള്ള ഉദ്യമം സഫലമാക്കിയ ചാരിതാർത്ഥ്യത്തോടെയാണ് ഹംസ ഉസ്താദ് വിട വാങ്ങുന്നത്. വിദ്യാർത്ഥികളുടെ സർഗ്ഗവസന്തം തെളിഞ്ഞുവരുന്ന സന്ദർഭമാണല്ലോ മീലാദ് ഫെസ്റ്റുകൾ. മുഹിമ്മാത്തിലെ അനേകം അന്തേവാസികളുടെ സർഗ്ഗ വൈഭവം എഴുത്തായും പ്രഭാഷണമായും സംവാദമായും ഉസ്താദ് ഊതിക്കാച്ചിയെടുക്കും. ചിലപ്പോൾ ആവേശം കൊള്ളിക്കുന്ന അനൗൺസറായി, ഓടിച്ചാടുന്ന സംഘാടകനായി, രസികനായി, സാരോപദേശകനായി, ഒരു മാന്ത്രികനെപ്പോലെ മുഹിമ്മാത്തിന്റെ സായാഹ്നങ്ങളെ ഉസ്താദ് വിസ്മയിപ്പിച്ചു. വിദ്യാർത്ഥിയുടെ വൈജ്ഞാനിക ലോകമായ ക്ലാസ് മുറികളിലേക്ക് സമയത്തിന് മുമ്പേ കടന്നെത്തുകയും അവസാനം പിരിഞ്ഞു പോവുകയും ചെയ്ത് സമയത്തിന്റെ മൂല്യം അധ്യാപന മേഖലയെ ഉദ്ബോധിപ്പിച്ച മഹിത മാതൃകയും ഉസ്താദിൽ ഉണ്ടായിരുന്നു. മുഹിമ്മാത്തിലെ സേവനത്തിനിടയ്ക്ക് ജോലിആവശ്യാർത്ഥം വിദേശത്ത് എത്തിയപ്പോഴും അഹ്ലുസ്സുന്ന വൽജമാഅത്തിന്റെ പ്രാസ്ഥാനിക രംഗങ്ങളിൽ ഉസ്താദ് സജീവ സാന്നിധ്യമായി നിലകൊണ്ടു. രണ്ടുവർഷം മുമ്പ് വിദേശത്തുണ്ടായ ആകസ്മിക വാഹനപകടത്തിൽ ഉസ്താദ് രോഗശയ്യയിലായി.

'മനുഷ്യൻ മണ്ണിൽ നിന്ന് ഉയിർ കൊണ്ടു. മണ്ണിലേക്ക് തന്നെ മടക്കപ്പെടും, മറ്റൊരിക്കൽ  മണ്ണിൽ നിന്ന് തന്നെ  ഉയിർക്കൊള്ളും' എന്ന ഖുർആനിക സൂക്തത്തിന്റെ ധ്വനി വിണ്ണിൽ ലയിച്ച പള്ളിയങ്കണത്തിൽ സയ്യിദുമാർ, പണ്ഡിതർ, ശിശ്യർ, സതീർഥ്യർ, ആബാല വൃന്ദം ജനതയുടെ സാന്നിധ്യത്തിൽ സർവ്വശക്തൻ ജീവിക്കാൻ അനുവദിച്ച ഒരായുസ്സ് പ്രശോഭിതമാക്കി മീസാൻ കല്ലുകൾ അതിരിട്ട മൈലാഞ്ചി ചെടികൾക്ക് താഴെ ബർസഖിയ്യായ ജീവിതത്തിലേക്ക് ഉസ്താദ് യാത്രയായി! നാഥാ... ഉസ്താദിൻറെ പാരത്രിക ലോകം നീ വെളിച്ചമാക്കേണമേ... ആമീൻ 
 
✍️ ഹസൻ ഹിമമി സഖാഫി അറന്തോട്

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0