തെരുവുനായ്ക്കളെ പൊതു ഇടങ്ങളില്‍ നിന്ന് നീക്കണം; സുപ്രധാന ഇടപെടലുമായി സുപ്രീംകോടതി 

Nov 7, 2025 - 15:44
തെരുവുനായ്ക്കളെ പൊതു ഇടങ്ങളില്‍ നിന്ന് നീക്കണം; സുപ്രധാന ഇടപെടലുമായി സുപ്രീംകോടതി 

ന്യൂഡൽഹി: തെരുനായ അക്രമം വ്യാപകമാവുന്നതോടെ പൊതു ഇടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ നീക്കണമെന്ന സുപ്രധാന ഇടപെടലുമായി സുപ്രീംകോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡ്, സ്പോർട് കോംപ്ലക്‌സുകൾ, റെയിൽവേ സ്റ്റേഷനുകൾ ഉൾപ്പടെയുള്ള സ്ഥലങ്ങളിലെ തെരുവു നായ്ക്കളെ മാറ്റണമെന്നാണ് സുപ്രീംകോടതി ഉത്തരവിൽ പറയുന്നത്. പിടികൂടുന്ന തെരുവ് നായകളെ വന്ധ്യംകരണത്തിന് ശേഷം ഷെൽട്ടറിലേക്ക് മാറ്റണമെന്നും എവിടെ നിന്നാണോ തെരുവ് നായകളെ പിടികൂടുന്നത് അവിടെ തുറന്നു വിടരുതെന്നും ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേഹ്‌ത, എൻ വി അൻജാരിയ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.

ദേശീയപാതകൾ, മറ്റ് റോഡുകൾ, എക്‌പ്രസ് വേകൾ എന്നിവിടങ്ങളിൽ നിന്ന് അലഞ്ഞു തിരിയുന്ന കന്നുകാലികൾ ഉൾപ്പടെയുള്ള മൃഗങ്ങളെ നീക്കണമെന്ന് സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും നോഡൽ അതോറിറ്റികൾക്ക് സുപ്രീംകോടതി നിർദേശം നൽകി. കന്നുകാലികളെയും മറ്റ് മൃഗങ്ങളെയും ഉൾപ്പെടുത്തി സംയുക്തവും ഏകോപിതവുമായ ഒരു ഡ്രൈവ് ഉടനടി ആരംഭിക്കണം. നിർദേശങ്ങൾ കർശനമായി പാലിക്കുന്നത് ഉറപ്പാക്കാൻ ചീഫ് സെക്രട്ടറിമാരോട് ബെഞ്ച് നിർദ്ദേശിച്ചു.
വീഴ്ചകൾക്ക് ഉദ്യോഗസ്ഥർ വ്യക്തിപരമായ ഉത്തരവാദിത്തം വഹിക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. ഈ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനായി വികസിപ്പിച്ചെടുത്ത സംവിധാനം വിശദീകരിച്ച് എട്ടാഴ്ചയ്ക്കുള്ളിൽ ഒരു സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കാനും സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതിയുടെ  നിർദ്ദേശമുണ്ട്. തെരുവ് നായ്ക്കൾ കടക്കുന്നത് തടയാൻ ജില്ലാ ആശുപത്രികളും റെയിൽവേ സ്റ്റേഷനുകളുമുൾപ്പടെയുള്ള ഇടങ്ങളിൽ രണ്ടാഴ്ച‌യ്ക്കുള്ളിൽ സംരക്ഷണ വേലികൾ നിർമിക്കണമെന്നും നിർദേശമുണ്ട്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0