ലൈസൻസ് ലഭിക്കാൻ ഇനി കൂടുതൽ ശ്രദ്ധ വേണം; മിന്നൽ പരിശോധനയ്ക്ക് മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: ഡ്രൈവിങ് പരിശീലനത്തിൽ ഇനി കൂടുതൽ ശ്രദ്ധ വേണം. ഇനി 'എച്ച്' എടുത്തുള്ള റോഡ് ടെസ്റ്റിന് പുറമെ കാൽനടയാത്രക്കാരുടെ സുരക്ഷയിലും റോഡ് അരികിലെ പാർക്കിങ്ങിലും പ്രത്യേക ശ്രദ്ധവേണം. ഇക്കാര്യത്തിൽ ഡ്രൈവിങ്ങ് സ്കൂളുകൾ പരിശീലനം നൽകുന്നുണ്ടോ എന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തണമെന്നാണ് ട്രാൻസ്പോർട്ട് കമ്മിഷണറുടെ നിർദേശം. കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കുമ്പോൾ നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. മരണപ്പെടുന്നവരും ഗുരുതരമായി പരിക്കേൽക്കുന്നവരും ഏറെയാണ്. ഇതേത്തുടർന്നാണ് കാൽനടയാത്രക്കാരുടെ സുരക്ഷയിലും റോഡരികിലെ പാർക്കിങ്ങിലും പരിശീലനം കർശനമാക്കാൻ വകുപ്പ് നിർദേശം നൽകിയത്.
പ്രധാനറോഡുകളുടെ അരികിൽ ഉൾപ്പെടെ മറ്റ് വാഹനങ്ങളുടെ ഡ്രൈവർമാരുടെ കാഴ്‌ചമറച്ചും കാൽനടയാത്രക്കാർക്ക് നടക്കാൻ കഴിയാത്ത രീതിയിൽ ഫുട്‌പാത്തിൽ ഉൾപ്പെടെയാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഇത്തരത്തിലുള്ള പാർക്കിങ് സുഗമമായ യാത്രയ്ക്ക് തടസ്സം സൃഷ്ടിക്കുകയും ഗതാഗതക്കുരുക്കിനു കാരണമാകുകയും ചെയ്യുന്നു. കാൽനടയാത്രക്കാർ, സൈക്കിൾ യാത്രികർ, മറ്റ് ഇരുചക്രവാഹന യാത്രികർ എന്നിവർ അപകടസാധ്യതയുള്ള റോഡ് ഉപയോക്താക്കൾ എന്ന വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ഇവർക്കാണ് എല്ലാ റോഡുകളിലും മുൻഗണന. ഓട്ടോറിക്ഷകൾ, കാറുകൾ, ചരക്ക് വാഹനങ്ങൾ, ഭാരവാഹനങ്ങൾ എന്നിവ കാൽനടയാത്രക്കാർ, സൈക്കിൾ യാത്രികർ, ഇരുചക്രവാഹനയാത്രികർ എന്നിവരുടെ സുരക്ഷയെയും സൗകര്യത്തെയും മാനിക്കണം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



