സ്ത്രീ ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി ഇതര ഉല്‍പ്പന്നങ്ങള്‍ക്ക് 10% വരെ വിലക്കുറവുമായി സപ്ലൈകോ

Oct 19, 2025 - 12:17
Oct 19, 2025 - 14:10
സ്ത്രീ ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി ഇതര ഉല്‍പ്പന്നങ്ങള്‍ക്ക് 10% വരെ വിലക്കുറവുമായി സപ്ലൈകോ

തിരുവനന്തപുരം: സപ്ലൈകോ വിൽപനശാലകളിൽ സ്ത്രീ ഉപഭോക്താക്കൾക്ക് സബ്‌സിഡി ഇതര ഉൽപ്പന്നങ്ങൾക്ക് 10% വരെ വിലക്കുറവ് നൽകുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. നവംബർ ഒന്നു മുതൽ നൽകുന്ന ഈ ആനുകൂല്യം സപ്ലൈകോ നിലവിൽ നൽകുന്ന വിലക്കുറവിന് പുറമേയാണെന്നും അദ്ദേഹം വ്യക്തമാക്കി. സപ്ലൈകോയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഈ പ്രഖ്യാപനം. ഇതോടൊപ്പം പൊതുജനങ്ങളെ സഹായിക്കുന്ന വിധത്തിലുള്ള വിപണി ഇടപെടലും നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഈ സാമ്പത്തിക വർഷത്തിൽ 30 മാവേലി സ്റ്റോറുകൾ സൂപ്പർമാർക്കറ്റുകളായും 15 മാവേലി സ്റ്റോറുകൾ സൂപ്പർ സ്റ്റോറുകളായും നവീകരിക്കും. ആറ് പുതിയ പെട്രോൾ പമ്പുകളും ആരംഭിക്കും. 140 നിയോജക മണ്ഡലങ്ങളിലും എത്തുന്ന രീതിയിൽ 14 ജില്ലകളിലും സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുകൾ ആരംഭിക്കും. ഗുണനിലവാരമുള്ള അരിയുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിനായി പുഴുക്കലരി സബ്‌സിഡി അരിയിൽ ഉൾപ്പെടുത്തി നിലവിൽ ഇത് 10 കിലോഗ്രാം ലഭിക്കുന്ന അരി സപ്ലൈകോ വില്പ‌നശാലകളിലൂടെ റേഷൻകാർഡ് ഉടമകൾക്ക് 20 കിലോഗ്രാമാക്കി നൽകും. സപ്ലൈകോയിലെ ഉപഭോക്താക്കൾക്ക് പ്രിവിലേജ് കാർഡുകൾ ഏർപ്പെടുത്തും. ഇതുവഴി ഓരോ പർച്ചേസിലും പോയിൻ്റുകൾ ലഭിക്കുകയും, ഈ പോയിൻ്റുകൾ വഴി പിന്നീടുള്ള പർച്ചേസുകളിൽ വിലക്കുറവ് ലഭിക്കുകയും ചെയ്യും.

സപ്ലൈകോയുടെ ശബരി ഉത്പന്നങ്ങൾ മറ്റു വില്പ‌നശാലകളിൽ കൂടി വിപണനം നടത്തുമെന്നും മന്ത്രി പറഞ്ഞു. മില്ലുടമകളുമായി ധാരണയിൽ എത്തിയതിനുശേഷം നെല്ല് സംഭരിച്ച് പ്രോസസ് ചെയ്‌ത് സപ്ലൈകോ വില്പ‌ന ശാലകൾ വഴി വിപണനം ചെയ്യുന്നതും പരിഗണനയിലുണ്ടെന്നും മന്ത്രി അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0