ചുമ മരുന്നുകൾ കാരണം കുട്ടികൾ മരിച്ച സംഭവം; കേരളത്തിൽ കോൾഡ്രിഫ് സിറപ്പിന്റെ വിതരണം നിർത്തിവെച്ചു

Oct 5, 2025 - 10:46
ചുമ മരുന്നുകൾ കാരണം കുട്ടികൾ മരിച്ച സംഭവം; കേരളത്തിൽ കോൾഡ്രിഫ് സിറപ്പിന്റെ വിതരണം നിർത്തിവെച്ചു

തിരുവനന്തപുരം: ചുമ മരുന്നുകൾ കഴിച്ചതിന് പിന്നാലെ കുട്ടികൾ മരിച്ച സംഭവത്തിൽ കേരളത്തിൽ കോൾഡ്രിഫ് സിറപ്പിന്റെ വിതരണം നിർത്തിവെച്ചു. രണ്ടു വയസ്സിന് താഴെയുള്ള കുട്ടികൾക്ക്
ചുമ- ജലദോഷ മരുന്നുകൾ നിർദ്ദേശിക്കരുതെന്ന് കേന്ദ്ര ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ്, സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കർശന നിർദ്ദേശം നൽകിയിരുന്നു.
മധ്യപ്രദേശിലും രാജസ്ഥാനിലുമായി സർക്കാർ ആശുപത്രികളിൽ നിന്ന് നൽകിയ ചുമ മരുന്ന് കഴിച്ച് ഒരു മാസത്തിനിടെ എട്ട് കുട്ടികൾ മരിച്ച ദാരുണ സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് ഈ സുപ്രധാന തീരുമാനം.

അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കും ചുമ മരുന്ന് നൽകുന്നത് കഴിയുന്നതും ഒഴിവാക്കണമെന്നും, അടിയന്തിര ഘട്ടങ്ങളിൽ മാത്രം ആരോഗ്യ വിദഗ്‌ധരുടെ മേൽനോട്ടത്തിൽ നൽകിയാൽ മതിയെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് പുറപ്പെടുവിച്ച നിർദ്ദേശത്തിൽ പറയുന്നു. ഒന്നിലധികം മരുന്നുകളുടെ സംയുക്തം ഒഴിവാക്കാനും മരുന്ന് ദീർഘനാളത്തേക്ക് നൽകരുതെന്നുമാണ് ഡിജിഎച്ച്എസ് നിർദേശം. കേന്ദ്രത്തിന്റെ നിർദ്ദേശത്തിന് പിന്നാലെ കേരളത്തിലും കുട്ടികൾക്ക് നൽകുന്ന ചുമ മരുന്നുകൾക്ക് കർശന നിരീക്ഷണവും നിയന്ത്രണവും ഏർപ്പെടുത്തി. കേരളത്തിന് പുറത്ത് നിന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കോൾഡ്രിഫ് സിറപ്പിന്റെ വിൽപനയും വിതരണവും സംസ്ഥാനത്ത് നിർത്തിവെച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0