ഗസയിലേക്ക് സഹായവുമായി എത്തിയ ഗ്ലോബൽ സുമുദ് ഫ്ളോട്ടില്ല ഇസ്റാഈൽ നാവികസേന തടഞ്ഞു
ഗസ: ഗസയിലേക്ക് സഹായവുമായി എത്തിയ കപ്പലുകള്‍ ഇസ്റാഈൽ നാവികസേന തടഞ്ഞു. ഇസ്റാഈൽ രൂക്ഷമായ കരയുദ്ധം നടത്തുന്ന ഗസയിലേക്ക് സഹായവുമായി എത്തിയ കപ്പലുകൾ ഉൾക്കൊള്ളുന്ന ഗ്ലോബൽ സുമുദ് ഫ്ളോട്ടില്ലയെയാണ് തടഞ്ഞത്. സ്വീഡിഷ് പരിസ്ഥിതി പ്രവർത്തകയായ ഗ്രേറ്റ തൻബെർഗ് ഉൾപ്പടെയുള്ളവരെ കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് ഗ്രീസ്, ഇറ്റലി, ബെൽജിയം എന്നിവിടങ്ങളിൽ വൻ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
ഗാസയിലേക്ക് പോകുന്ന കപ്പലുകൾ തടയുമെന്ന് ഇസ്‌റാഈൽ പ്രഖ്യാപിച്ചിരുന്നു. യുഎൻ പ്രത്യേക പ്രതിനിധി ഫ്രാൻസെസ്‌ക അൽബനീസും കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയും കപ്പലുകൾ കേടുപാടുകൾ കൂടാതെ മുന്നോട്ട് കൊണ്ടുപോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. യുദ്ധമുഖത്ത് മാനുഷിക സഹായം ലഭ്യമാക്കുന്നതിൽ വ്യക്തമായ അന്താരാഷ്ട്ര നിയമം ഉപയോഗിച്ചാണ് കപ്പലുകൾ പുറപ്പെട്ടതെങ്കിലും സന്നദ്ധ പ്രവർത്തകർ നാവിക ഉപരോധം ലംഘിക്കാൻ ശ്രമിക്കുകയാണെന്നാണ് ഇസ്രായേൽ നിലപാട്.
പട്ടിണി കിടക്കുന്ന പലസ്തീനികൾക്കുള്ള സഹായവുമായി പുറപ്പെട്ട 13 കപ്പലുകൾ ഇസ്റാഈൽ ഇതുവരെ തടഞ്ഞതായാണ് റിപ്പോർട്ട്. കപ്പലുകൾ ഇപ്പോഴും യുദ്ധക്കെടുതിയിൽ അകപ്പെട്ട പ്രദേശത്തിൻ്റെ തീരത്ത് എത്താനുള്ള വഴിയിലാണ്. നിയമവിരുദ്ധമായ ഇസ്റാഈലി ഇടപെടലുകൾ കാരണം പിന്തിരിപ്പിക്കില്ലെന്നും ഉപരോധം തകർക്കാനും മാനുഷിക ഇടനാഴി തുറക്കാനുമുള്ള തങ്ങളുടെ ദൗത്യം തുടരുമെന്ന നിലപാടിലാണ് സംഘം. കപ്പലുകൾ തടഞ്ഞെന്ന വാർത്തകൾ ആശങ്കാ ജനകമാണെന്നും ഭീകരമായ മാനുഷിക ദുരന്തം സംഭവിക്കുമ്പോൾ ആശ്വാസം പകരാനുള്ള സമാധാന ദൗത്യങ്ങളെ തടഞ്ഞിരിക്കയാണെന്നും അയർലൻഡ് വിദേശകാര്യ മന്ത്രി സൈമൺ ഹാരിസ് അപലപിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


