കാസർകോട് ജില്ലയുടെ സമഗ്ര വികസനത്തിന് 62.17 കോടി രൂപ അനുവദിച്ചു

Oct 1, 2025 - 17:17
Oct 1, 2025 - 17:20
കാസർകോട് ജില്ലയുടെ സമഗ്ര വികസനത്തിന് 62.17 കോടി രൂപ അനുവദിച്ചു

കാസർകോട്: ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള വികസന പാക്കേജിൽ 41 പദ്ധതികൾക്ക് 62.17 കോടി രൂപയുടെ  അംഗീകാരം. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, ജലസേചനം, ടൂറിസം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി വിവിധ മേഖലകളുടെ പുരോഗതി ലക്ഷ്യമാക്കിയാണ് പുതിയ പദ്ധതികൾക്കുള്ള അംഗീകാരം. ജില്ലാ കളക്ടർ കെ ഇമ്പശേഖറിൻ്റെ അധ്യക്ഷതയിൽ ചേർന്ന കാസർകോട് വികസന പാക്കേജ് ജില്ലാതല കമ്മിറ്റിയാണ് തീരുമാനമെടുത്തത്. ജില്ലയുടെ വിദ്യാഭ്യാസ-സാമൂഹ്യ മേഖലയ്ക്കും പൊതുവായ വികസനത്തിനും ഈ പ്രഖ്യാപനം ഉണർവേകും.

ജില്ലയിലെ ആരോഗ്യ-വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി വലിയ തുകയാണ് അനുവദിച്ചിരിക്കുന്നത്. ഗവ. മെഡിക്കൽ കോളേജിലെ ആഭ്യന്തര റോഡ് നിർമ്മാണത്തിനായി ഹാർബർ എൻജിനീയറിങ് വിഭാഗം 300 ലക്ഷം രൂപയാണ് അനുവദിച്ചത്. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 19 കോടിയിലധികം രൂപ അനുവദിച്ചു. ജില്ലയിലെ 15 സ്മാർട്ട് അങ്കണവാടി കെട്ടിട നിർമ്മാണത്തിനായി 5.50 കോടി രൂപ അനുവദിച്ചു. 

കൃഷിയും ജലസേചന സൗകര്യവും മെച്ചപ്പെടുത്തുന്നതിനായി 7.23 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ടൂറിസം വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി വീരമലക്കുന്ന് ടൂറിസം പദ്ധതിക്കായി 5 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകി. അടിസ്ഥാന സൗകര്യ വികസനത്തിൻ്റെ ഭാഗമായി ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ ചാത്തങ്കൈ റെയിൽവേ ഓവർ ബ്രിഡ്‌ജിന്‌ പാർശ്വ റോഡ് നിർമ്മാണത്തിനായി 168.10 ലക്ഷം രൂപ അനുവദിച്ചു. 

നേരത്തെ 7.83 കോടി രൂപയുടെ രണ്ട് പദ്ധതികൾക്ക് ഭരണാനുമതി നൽകിയിരുന്നു. അംഗീകാരം ലഭിച്ച പദ്ധതികളുടെ തുടർ നടപടികൾ ഉടൻ ആരംഭിക്കുമെന്നും നിശ്ചയിച്ച സമയപരിധിക്കുള്ളിൽ തന്നെ നിർമ്മാണങ്ങൾ പൂർത്തിയാക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0