മൻഖൂസ് മൗലിദ്; തിരുനബി സ്നേഹത്തിന്റെ കേരളീയ ഭാവം

Sep 18, 2025 - 14:04
Sep 18, 2025 - 14:05
മൻഖൂസ് മൗലിദ്; തിരുനബി സ്നേഹത്തിന്റെ കേരളീയ ഭാവം

തിരു നബി(സ)യെ കുറിച്ചുള്ള പഠനവും ശമാഇൽ രചനകളും മുഹിബീങ്ങൾക്കെന്നും വലിയ ആനന്ദവും ആത്മാനുഭൂതിയും കൂടിയാണ്.അത്തരം രചനകളിൽ ഒന്നാണ് മൗലിദുകൾ. തിരുനബി ജനനത്തെയാണ് മുഖ്യമായി മൗലിദുകൾ കേന്ദ്രീകരിക്കുന്നതെങ്കിലും അവ ചിലപ്പോൾ അവിടുത്തെ ജനനം മുതൽ വഫാത്താനന്തരം വരെയുള്ള സമഗ്ര പഠനാവിഷ്കാരങ്ങളിലേക്കും കൂടി കടന്നു ചെല്ലുന്നു. ഇത്തരത്തിൽ ലോകത്ത് ധാരാളം മൗലിദുകൾ രചിക്കപ്പെട്ടതായി കാണാം. വിശ്രുത ഖുർആൻ പണ്ഡിതനായ ഇബ്നുൽ ജസരി (റ) തങ്ങളെഴുതിയ അത്തഅ്രീഫ് ബിൽ മൗലീദിശ്ശരീഫ്, ഇബ്നു കസീർ തങ്ങളെഴുതിയ മൗലിദു ഇബ്നു കസീർ എന്നിവരുടെ മൗലിദ് രചനകൾ ലോക ശ്രദ്ധേയമാണ്. ഇത്തരത്തിൽ കേരളത്തിലെ മക്കയായ പൊന്നാനിയിൽ നിന്ന് രചിക്കപ്പെട്ട തിരുനബി കീർത്തന കാവ്യമാണ് മൻഖൂസ് മൗലിദ്.

ലളിതവും സരളവുമായ ഭാഷയിൽ പാരായണം ചെയ്യാവുന്നതും ശ്രവിക്കുന്നവർക്ക് ഭക്തിസാന്ദ്രമായി വളരെയധികം ആസ്വദിക്കാനുതകുന്ന ശൈലിയിലുമാണ് മൗലിദുൽ മൻഖൂസിൻ്റേത്. മുസ്ലിം-കൈരളിയുടെ സന്തോഷ- സങ്കടാനിഷ്ഠ സന്ദർഭങ്ങളിൽ എല്ലാം മൻഖൂസ് മൗലിദ് കടന്നുവരുന്നതിനാൽ തന്നെ ഇത് കേരള മുസ്ലിമിൻ്റെ സ്വന്തം മൗലിദായി പരിവർത്തനപ്പെട്ടു. പ്രത്യേകിച്ച് മലബാർ മേഖലകളിൽ ഗണ്യമായ ഒരു സ്ഥാനം തന്നെ മൻഖൂസ് മൗലിദിന് നിലനിൽക്കുന്നുണ്ട്. മലബാറിലെ മുസ്ലിം വീടുകളിൽ റബീഉൽ അവ്വലിൽ മൻഖൂസ് മൗലിദിന്റെ ഈരടികൾ സർവ്വസാധാരണമാണ്. സാധാരണക്കാരും സ്ത്രീകളും കുട്ടികളും അടങ്ങുന്ന ആബാലവൃദ്ധം മാപ്പിളമാരും മൻഖൂസ് മൗലിദിനെ ഒരു ആത്മീയ തേജസ്സായാണ് കണ്ടുപോരുന്നത്.

മൻഖൂസ് മൗലിദ് പ്രധാനമായും വർത്തിക്കുന്നത് ജനമനസാന്തരങ്ങളിലാണ്. പ്രശ്നപരിഹാരം, രോഗശമനം, വീട് കുടി, ഭവന നിർമ്മാണം, വിവാഹ ചടങ്ങുകൾ, മരണാന്തര ക്രിയകൾ തുടങ്ങി മുസ്ലിം ചടങ്ങുകളിൽ ഒക്കെയും മൻഖൂസ് മൗലിദ് സാധാരണമാണ്. മൻഖൂസ് മൗലിദ് നേർച്ചയാക്കിയും മനപ്പാഠമാക്കിയും സന്നിഗ്ധഘട്ടങ്ങളെ മറികടക്കുന്നവരുമുണ്ട് കേരളീയ മാപ്പിളമാരിൽ.

മൻഖൂസ് മൗലിദിന്റെ രചയിതാവിനെ കുറിച്ച് ചരിത്രമന്വേഷിക്കുമ്പോൾ ആത്മീയ കൈരളിയുടെ വൈജ്ഞാനിക പിതാവെന്നറിയപ്പെടുന്ന ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ രചിച്ചതാണെന്നാണ് പ്രബലഭിപ്രായമുള്ളത്. അക്കാലത്തുണ്ടായിരുന്ന വിവിധ മൗലിദുകളിൽ നിന്ന് പഠനം നടത്തി രചന നടത്തിയതിനാലാണ് മൻഖൂസ് അഥവാ " ചുരുക്കപ്പെട്ടത്" എന്ന പേര് വന്നത്,രചനയെ കുറിച്ചുള്ള മറ്റൊരു അഭിപ്രായം ഇബ്നു ഹജറുൽ ഹൈത്തമിയുടെ "ഹുജ്ജതുള്ളാഹി അലൽ ആലമീൻ" എന്ന പരന്ന മൗലിദിനെ ശിഷ്യനായ സൈനുദ്ദീൻ ഒന്നാമൻ ചുരുക്കി കടഞ്ഞെടുത്ത് കൊണ്ട് രചിച്ചതാണ് മൻഖൂസ് മൗലിദ് എന്നതാണ്. എന്നിരുന്നാലും പൊന്നാനിയുടെ ചരിത്രരേഖകളിലൊക്കെയും സൈനുദ്ദീൻ ഒന്നാമൻ തന്നെയാണ് മൻഖൂസ് മൗലിദ് രചിച്ചത് എന്ന അഭിപ്രായത്തിനാണ് മുൻതൂക്കമുള്ളത്.

മൻഖൂസ് മൗലിദിന്റെ രചന പശ്ചാത്തലങ്ങളിലേക്ക് കടന്നു ചെല്ലുമ്പോൾ ഹിജ്റ 910-ൽ പൊന്നാനിയിലും പരിസരപ്രദേശങ്ങളിലും വസൂരി(പ്ലേഗ്) മഹാമാരി ബാധിക്കുകയും നാടാകെ പടരുകയും കൂട്ടമരണം സംഭവിക്കുകയും മയ്യിത്ത് സംസ്കരിക്കാൻ സാധിക്കാത്ത വിധത്തിലുള്ള ഒരു അവസ്ഥയുണ്ടായി. ഈ സ്ഥിതി കണ്ടു ഭയന്ന ജനം തങ്ങളുടെ ആത്മീയ തേജസ്സായ മഖ്ദൂമിനെ സമീപിച്ച് പരിഹാര സഹായം തേടി. അങ്ങനെ മഖ്ദൂം തങ്ങൾ ഈ വിഷമഘട്ടത്തെ അതിജീവിക്കാൻ വേണ്ടി പ്രത്യേകമായി രചിച്ചതാണ് മൻഖൂസ് മൗലീദ്.വീടു തോറും ഈ മൗലീദ് നടത്താനും ഭക്ഷണപാനീയ വിതരണം നടത്തണമെന്നുള്ള മഖ്ദൂം തങ്ങളുടെ കൽപ്പനയെ ജനം സ്വീകരിക്കുകയും ഇക്കാരണം കൊണ്ട് പൊന്നാനിയിലെയും സമീപപ്രദേശങ്ങളിലെയും മഹാമാരി അപ്രത്യക്ഷമാവുകയും ജനജീവിതം സാധാരണ ഗതിയിലേക്ക് തിരിച്ചുവരികയും ചെയ്തു. ഈ സംഭവങ്ങൾക്കു ശേഷം കേരളത്തിൽ മഹാമാരികൾ പോലുള്ള പകർച്ചവ്യാധികൾ പടരുന്ന സ്ഥലങ്ങളിൽ നിന്നൊക്കെ മൻഖൂസ് മൗലിദിന്റെ ഈരടികൾ ഉയർന്നുവന്നു.

മറ്റു മൗലിദുകളിൽ നിന്നും ഏറെ വ്യത്യസ്തമാണ് മൻഖൂസിന്റെ ശൈലി. വാക്കുകൾക്കിടയിലുള്ള മുത്ത് നബിയെ(സ) കുറിച്ചുള്ള അനന്തമായ വർണ്ണനകളാണ് ഒന്നാമത്തേത്. ചുരുങ്ങിയ പദങ്ങളാൽ വലിയ ആശയ സമ്പുഷ്ഠീകരണം ലഭ്യമാകുന്നതാണ് മറ്റൊന്ന്.ഓരോ വരിയിലേയും വാക്കുകൾക്കിടയിലുള്ള ഗഹനമായ ആശയ നിലവാരവും സാഹിത്യപരമായ ഗുണവിശേഷങ്ങളും ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. വാക്കുകൾക്കിടയിലുള്ള പദമൊപ്പിക്കലും നവകാല സംഗീത ആസ്വാദകരെ പോലുള്ളവരെ ഞെട്ടിക്കുന്ന മാസ്മരികതയും താളാത്മകതയും നിറഞ്ഞുനിൽക്കുന്ന ഒരു കാവ്യഭാവന കൂടിയാണ് മൻഖൂസ് മൗലിദ്. അഹ്ലുസ്സുന്നത്തിവൽ ജമാഅത്തിന്റെ ആശയാദർശങ്ങളിലൂടെ തന്നെയാണ് മൻഖൂസ് മൗലിദ് കടന്നു ചെല്ലുന്നുള്ളത്.

അഞ്ചു ശൈലിയിലുള്ള പദ്യസമാഹാരങ്ങളും ഗദ്യങ്ങളും 55വരി കവിതകളും കൂടെ അഞ്ചു ജവാബ് ബൈത്ത് അടങ്ങുന്നതാണ് മൻഖൂസ് മൗലിദ്. ചുരുങ്ങിയ സമയത്തിനകം ഓതിതീർക്കാൻ പറ്റുന്ന വിധം വിശ്വാസികളെ നബി സ്നേഹത്തിന്റെ വാതായാനങ്ങളിലേക്കു സഞ്ചരിപ്പിക്കുകയാണ് മൻഖൂസ് മൗലിദ്. ചുരുക്കത്തിൽ, നബിയനുഭാവത്തിൻ്റെ അക്ഷരക്കൂട്ടങ്ങളാണ് മൻഖൂസിലെ ഓരോ വരികളും. ഇന്നും മുസ്ലിം കൈരളിയുടെ ആത്മീയ വഴികാട്ടിയായി മൻഖൂസ് മൗലിദ് പ്രോജ്വലിക്കുന്നുണ്ട്. അടർത്തി മാറ്റാൻ പറ്റാത്ത വിധം ഓരോ മുസ്ലിമിന്റെയും മനസ്സാന്തരങ്ങളിൽ ഇഴകി ചേർന്നിരിക്കുകയാണ് മൻഖൂസ് മൗലിദ്.

?️ മുഹമ്മദ് ഹനീഫ് പള്ളപ്പാടി

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 1
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0