ഖത്വറിനെതിരായ ഇസ്രായേൽ ആക്രമണം: അംഗരാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടികൾക്ക് ജി സി സി

Sep 16, 2025 - 14:06
ഖത്വറിനെതിരായ ഇസ്രായേൽ ആക്രമണം: അംഗരാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടികൾക്ക് ജി സി സി

ദോഹ: ഇസ്‌റാഈൽ ഖത്വറിൽ നടത്തിയ ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ അംഗരാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഗൾഫ് സഹകരണ (ജി സി സി) സുപ്രീം കൗൺസിൽ അടിയന്തര നടപടികൾക്ക് ആഹ്വാനം ചെയ്‌തു. ജി സി സി ചാർട്ടർ, സംയുക്ത പ്രതിരോധ കരാർ എന്നിവ പ്രകാരം ഒരു അംഗരാജ്യത്തിന് നേരെയുണ്ടാകുന്ന ഏതൊരു ആക്രമണവും എല്ലാ അംഗങ്ങൾക്കും നേരെയുണ്ടായ ആക്രമണമായി കണക്കാക്കുമെന്നും കൗൺസിൽ പ്രധാന വിഷയമായി ഊന്നിപ്പറഞ്ഞു.
ഖത്വറിന്റെ പരമാധികാരവും സ്ഥിരതയും സുരക്ഷയും സംരക്ഷിക്കാൻ എല്ലാ സഹായ സഹകരണവും നൽകുമെന്നും കഴിവുകൾ വിനിയോഗിക്കുമെന്നും ഗൾഫ് രാഷ്ട്രങ്ങൾ പ്രതിജ്ഞയെടുത്തു. പ്രതിരോധം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി സംയുക്ത പ്രതിരോധ സംവിധാനങ്ങൾ സജീവമാക്കുന്നതിനും ഗൾഫിൻ്റെ പ്രതിരോധ ശേഷി പൂർണമായി വിന്യസിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഏകീകൃത സൈനിക കമാൻഡിന് കൗൺസിൽ നിർദേശം നൽകി. അംഗരാജ്യങ്ങൾക്കെതിരെയുണ്ടാകുന്ന ഏത് ആക്രമണത്തിനും ശക്തമായ പ്രതികരണം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ആക്രമണം അവസാനിപ്പിക്കാനും ഖത്വറിൻ്റെ പരമാധികാരം ഉയർത്തിപ്പിടിക്കാനും ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോടും യു എൻ രക്ഷാസമിതിയോടും ജി സി സി കൗൺസിൽ ആവശ്യപ്പെട്ടു. പ്രാദേശിക സമാധാനത്തിനും സുരക്ഷക്കും ഇസ്‌റാഈലുമായി നിലവിലുള്ള കരാറുകൾക്കും ഇത്തരം ആക്രമണങ്ങൾ നേരിട്ടുള്ള ഭീഷണിയാണെന്നും കൗൺസിൽ വ്യക്തമാക്കി. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0