ആരിക്കാടി ടോള്‍ ഗേറ്റ്: ഹര്‍ജി പരിഗണിക്കുന്നത് വീണ്ടും മാറ്റി; അനിശ്ചിതകാല സമരത്തിനൊരുങ്ങി കര്‍മസമിതി
കുമ്പള: ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് കുമ്പള ആരിക്കാടിയിൽ നിർമിക്കുന്ന ടോൾ ഗേറ്റിനെതിരെ കർമ്മ സമിതി ഹൈകോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് വീണ്ടും മാറ്റി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ ഹർജി പരിഗണനയ്ക്ക് വരുമെന്നും അനുകൂല വിധി ഉണ്ടാകുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു കർമ സമിതി. എന്നാൽ നേരത്തെ അറിയിച്ചതു പ്രകാരം തിങ്കളാഴ്‌ച ഹർജി പരിഗണികാത്തിരിക്കുകയും സെപ്‌തംബർ 23ലേക്ക് മാറ്റുകയായിരുന്നു. സെപ്‌തംബർ 9ന് ഹർജി പരിഗണിച്ച കോടതി നിലവിലെ സ്ഥിതി അറിയിക്കാൻ ദേശീയപാത അതോറിറ്റിക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ അതോറിറ്റി ഇത് സംബന്ധിച്ച് സത്യവാങ്‌മൂലം നൽകാത്തതിനാൽ ഹരജിയിൽ വാദം കേൾക്കുന്നത് 23ലേക്ക് മാറ്റുകയായിരുന്നു. ടോൾ ഗേറ്റ് നിർമാണത്തിനെതിരെ എസ്.ഡി.പി.ഐ കുമ്പള പഞ്ചായത്ത് കമ്മിറ്റി നൽകിയ മറ്റൊരു ഹർജി ഇന്ന് ഹൈക്കോടതിയുടെ പരിഗണനയിൽ വരും.
ഹർജിയിൽ അന്തിമവിധി വരുന്നത് വരെ നിർമാണ പ്രവൃത്തി നടത്തില്ലെന്ന് ആദ്യം അറിയിച്ച നിർമാണ കമ്പനി കർമസമിതിയുടെ അപ്പീൽ പരിഗണിക്കാനിരിക്കെ ടോൾഗേറ്റിന്റെ നിർമാണ പ്രവൃത്തിയുമായി കമ്പനി മുന്നോട്ടുപോവുകയായിരുന്നു. ഹർജി പരിഗണിക്കുന്നത് നീളുംതോറും ടോൾഗേറ്റ് നിർമിക്കാനുള്ള സമയം നിർമാണ കമ്പനിക്ക് അധികം ലഭിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ടോൾ ഗേറ്റ് നിർമാണത്തിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങിയിരിക്കുകയാണ് കർമസമിതി. കഴിഞ്ഞ ദിവസം ചേർന്ന കർമ സമിതി യോഗത്തിൽ അനിശ്ചിതകാല സമരത്തിനൊരുങ്ങാൻ തീരുമാനമായി. ടോൾ ഗേറ്റ് നിർമാണവുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളും കർമസമിതിയും നൽകിയ ഹർജി നേരത്തെ ഹൈക്കോടതി സിംഗിൽ ബെഞ്ച് തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ദേശീയ പാത ചട്ടപ്രകാരം 60 കിലോ മീറ്റർ അകലെ നിർമിക്കേണ്ട ടോൾ ഗേറ്റ് 23 കിലോ മീറ്റർ പരിധിയിൽ നിർമിക്കുന്നതിനെതിരെയാണ് പ്രതിഷേധം. കേരള-കർണാടക അതിർത്തിയായ തലപ്പാടിയിൽ നിലവിൽ കർണാടക പരിധിയിൽ ടോൾ ഗേറ്റ് സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടെ നിന്ന് 60 കി.മീ മാറി പെരിയ ചാലിങ്കാലിൽ ടോൾ ഗേറ്റ് നിർമ്മാണം നടന്നു വരികയാണ്. അതിനിടക്കാണ് തലപ്പാടിയിൽ നിന്നും 23 കിലോ മീറ്റർ പരിധിയിൽ ആരിക്കാടി ടോൾ ഗേറ്റ് നിർമ്മാണം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
1
Wow
0



