സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം വർധിക്കുന്നു; നീന്തല്‍ കുളങ്ങള്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍

Sep 15, 2025 - 17:57
സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം വർധിക്കുന്നു; നീന്തല്‍ കുളങ്ങള്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്‌തിഷ്‌ക ജ്വരം രോഗബാധ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ നീന്തൽ കുളങ്ങൾക്ക് ആരോഗ്യവകുപ്പ് കർശന സുരക്ഷാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പൊതു ജനാരോഗ്യ നിയമത്തിലെ നാലാം വകുപ്പ് പ്രകാരം ആരോഗ്യവകുപ്പ് ഡയറക്‌ടർ ഡോ. കെ ജെ റീനയാണ് ഉത്തരവിറക്കിയത്. ഉത്തരവ് ലംഘിച്ചാൽ കർശന നിയമ നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. പൊതു മേഖലകളിലുൾപ്പോടെ എല്ലാ നീന്തൽ കുളങ്ങൾക്കും ഉത്തരവ് ബാധകമാണ്. നീന്തൽ കുളങ്ങൾ വഴിയും അമീബിക് മസ്തിഷ്‌ക ജ്വരം പിടിപെടുമെന്ന് കഴിഞ്ഞ മാസം 27നാണ് ആരോഗ്യവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. 
നീന്തൽ കുളങ്ങളിലെ വെള്ളം എല്ലാ ദിവസവും ക്ലോറിനേറ്റ് ചെയ്യുകയും ഒരു ലിറ്ററിന് ചുരുങ്ങിയത് ദശാംശം അഞ്ച് മില്ലി ഗ്രാം എന്ന തരത്തിൽ ക്ലോറിൻ്റെ അളവ് നിലനിർത്തുകയും വേണം. ദിവസവും ഇക്കാര്യം നിർദ്ദിഷ്ട‌ രജിസ്റ്ററിൽ രേഖപ്പെടുത്തുകയും പഞ്ചായത്ത് സെക്രട്ടറിയോ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോ ആവശ്യപ്പെടുമ്പോൾ ഈ രജിസ്റ്റർ ഹാജരാക്കണം. റിസോർട്ടുകൾ, ഹോട്ടലുകൾ, വാട്ടർ തീം പാർക്കുകൾ, നീന്തൽ പരിശീലന കേന്ദ്രങ്ങൾ എന്നിവയുടെ ചുമതലക്കാർ നിർദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. ഈ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് അതാത് പ്രദേശങ്ങളിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ച് ആഴ്‌ച തോറും സംസ്ഥാന സർവെയലൻസ് ഓഫീസർക്ക് റിപ്പോർട്ട് നൽകണം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കേരള പൊതുജനാരോഗ്യ നിയമപ്രകാരം പ്രൊസിക്യുഷൻ നടപടികൾ സ്വീകരിക്കുമെന്നാണ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0