സോഷ്യൽ മീഡിയ വഴി വ്യാജ സന്ദേശങ്ങൾ: ജാഗ്രത നിർദേശവുമായി കേരള സൈബർ പോലീസ്

Sep 15, 2025 - 15:32
സോഷ്യൽ മീഡിയ വഴി വ്യാജ സന്ദേശങ്ങൾ: ജാഗ്രത നിർദേശവുമായി കേരള സൈബർ പോലീസ്

തിരുവനന്തപുരം: വാട്‌സാപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് പണം തട്ടുന്ന സൈബർ തട്ടിപ്പുകൾ വ്യാപകമായതോടെ ജാഗ്രത നിർദേശവുമായി പോലീസ്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഈ വർഷം സൈബർ പോലീസിന് ലഭിച്ചത് അഞ്ഞൂറിലധികം പരാതികളാണ്. ഹാക്ക് ചെയ്യപ്പെട്ട വാട്‌സാപ്പ് അക്കൗണ്ടുകളിൽ നിന്നുള്ള കോൺടാക്റ്റ് ലിസ്റ്റിലേക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിൻ്റെ ഔദ്യോഗിക ആപ്പായ 'എംപരിവാഹൻ' പോലെയുള്ള സർക്കാർ സ്ഥാപനങ്ങളുടെ പേരുകളിൽ വ്യാജ സന്ദേശങ്ങൾ അയച്ചും ഹാക്ക് ചെയ്യപ്പെട്ട വാട്‌സാപ്പ് അക്കൗണ്ടുകൾ ഉപയോഗിച്ച് പണം ആവശ്യപ്പെട്ടും നിരവധി പേർക്ക് സാമ്പത്തിക നഷ്‌ടമുണ്ടായതായാണ് വിവരം. ഇത്തരം തട്ടിപ്പുകൾക്ക് സുഹൃത്തുക്കളുടെ അക്കൗണ്ടുകൾ വഴി നടത്തപ്പെടുന്നതിനാൽ നിരവധിയാളുകളാണ് തട്ടിപ്പിന് ഇരയാകുന്നത്.

ലിങ്കുകൾ വഴിയുള്ളതാണ് തട്ടിപ്പിന്റെ പുതിയ ഭാവം. ഇതിനായി സൃഷ്ടിച്ചെടുക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടെ ഉപയോക്താവിൻ്റെ ഫോണും വാട്‌സാപ്പ് അക്കൗണ്ടും ഹാക്കർമാരുടെ നിയന്ത്രണത്തിലാകും. ഹാക്ക് ചെയ്യപ്പെട്ട ഫോണുകളിലെ കോൺടാക്റ്റുകളിലേക്ക് ഉടമയുടെ പേരിൽ പണം ആവശ്യപ്പെട്ടും സന്ദേശങ്ങൾ എത്തും. പലപ്പോഴും ഇത് സുഹൃത്തുക്കളോ ബന്ധുക്കളോ അയക്കുന്ന സന്ദേശമാണെന്ന് കരുതി ആളുകൾ പണം നൽകുകയും തട്ടിപ്പിന് ഇരയാകുകയും ചെയ്യും. ഓൺലൈൻ വില്പന പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നവർ കൃത്യമായ അവബോധം ഉണ്ടാക്കിയെടുത്തില്ലെങ്കിൽ ചതി വലയിൽ അകപ്പെടാനുള്ള സാധ്യത കൂടുതലാണ്. പരിചയമില്ലാത്തവർ അയക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും, അന്യോഷണ സന്ദേശങ്ങളിൽ  വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കരുതെന്നും സൈബർ പോലീസ് കർശനമായി നിർദേശിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0