ഇന്ന് ഹിരോഷിമ ദിനം; ഒരു ചരിത്ര വായന
ലോകം കണ്ടതില്‍ വച്ച് ഏറ്റവും വിനാശകരമായ യുദ്ധമായിരുന്നു 1939 മുതല്‍ 1945 വരെയുള്ള രണ്ടാം ലോകമഹായുദ്ധം. ലോകത്തിലെ മിക്ക രാഷ്ട്രങ്ങളും രണ്ടു ചേരിയായി നിന്ന് നടത്തിയ ഒരു യുദ്ധമായിരുന്നവത്. 30 രാജ്യങ്ങളിലെ 100 മില്യണ്‍ ജനങ്ങള്‍ നേരിട്ട് പങ്കെടുത്ത ഈ യുദ്ധത്തില്‍ പ്രധാനരാജ്യങ്ങള്‍ അവരുടെ സാമ്പത്തിക, വ്യവസായിക, ശാസ്ത്രീയ കഴിവുകള്‍ മുഴുവന്‍ ഉപയോഗപ്പെടുത്തി യോദ്ധാക്കളെന്നോ സാധാരണജനങ്ങളെന്നോ വ്യത്യാസമില്ലാതെ നടത്തിയ വിനാശകരമായ യുദ്ധം.
പടിഞ്ഞാറന്‍ സഖ്യവും സോവിയറ്റ് യൂണിയനും ജര്‍മ്മനി പിടിച്ചടക്കിയതോടെയും അഡോള്‍ഫ് ഹിറ്റ്‌ലറിന്റെ ആത്മഹത്യയോടെയും ജര്‍മ്മനി മെയ് 8, 1945 ന് നീരുപാധീകം കീഴടങ്ങിയതോടെ യൂറോപ്പിലെ യുദ്ധം അവസാനിച്ചു. എന്നാല്‍ ജപ്പാന്‍ കീഴടങ്ങാന്‍ വിസമ്മതിച്ചു. ജപ്പാനിലെ നഗരങ്ങളായ ഹിരോഷിമയില്‍ ഓഗസ്റ്റ് 6 നും നാഗസാക്കിയില്‍ ഓഗസ്റ്റ് 9 നും അമേരിക്കന്‍ വിമാനങ്ങള്‍ ആറ്റം ബോംബുകള്‍ വര്‍ഷിച്ചു. രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനെ പരാജയപ്പെടുത്തുന്നതിനായി അമേരിക്ക കണ്ടെത്തിയ അവസാന മാര്‍ഗ്ഗമായിരുന്നു അണുവായുധ പ്രയോഗം. ലോകത്ത് ആദ്യമായി 1945 ഓഗസ്റ്റ് 6-ന് രാവിലെ 8.15-ന് ഹിരോഷിമയിലാണ് ആദ്യമായി മനുഷ്യര്‍ക്കു നേരെ ആറ്റംബോംബ് ആക്രമണം നടന്നത്. 40,000-ത്തോളം ജാപ്പനീസ് സൈനികര്‍ ഉള്‍പ്പെടുന്ന സെക്കന്‍ഡ് ജനറല്‍ ആര്‍മിയുടെ ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്ന, ജപ്പാനിലെ സമുദ്രത്തോട് ചേര്‍ന്ന് കിടക്കുന്ന നഗരമായ ഹിരോഷിമാ നഗരത്തെയാണ് അമേരിക്ക തിരഞ്ഞെടുത്തത്. ഈ അണു ബോംബിന് 12,500 ടണ്‍ പ്രഹരശേഷിയുണ്ടായിരുന്നു. ഹിരോഷിമയില്‍ ഉയര്‍ന്നുപൊങ്ങിയ തീജ്വാലകള്‍ നഗരത്തെ ചാമ്പലാക്കി. പര്‍വതസമാനമായ പുക കൂണ്‍ ആകൃതിയില്‍ 40,000 അടി ഉയരത്തില്‍ വരെ ഉയര്‍ന്നു പൊങ്ങി. 1000 അടി ഉയരംവരെ പൊടിപടലങ്ങള്‍ ചുഴറ്റിയടിച്ചു. ഹിരോഷിമ നഗരത്തെ ഏതാണ്ട് പൂര്‍ണ്ണമായും നശിപ്പിച്ച സ്‌ഫോടനത്തില്‍ 1,40,000-ത്തോളം പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ബോംബ് വര്‍ഷത്തിന്റെ റേഡിയേഷന്‍ പിന്നെയും പതിറ്റാണ്ടുകളോളം ജപ്പാനെ വേട്ടയാടി. റേഡിയേഷന്‍ അതിപ്രസരത്തില്‍ ഒന്നരലക്ഷത്തോളം പേര്‍ക്ക് പില്‍ക്കാലത്ത് ജീവന്‍ നഷ്ടമായി. അതിലും കൂടുതലാളുകള്‍ക്ക് രോഗം ബാധിച്ച് ദുരിത ജീവിതത്തിനിരയായി.
ചരിത്രത്തില്‍ ആദ്യമായി യുദ്ധത്തില്‍ ആണവായുധങ്ങള്‍ ഉപയോഗിച്ച ഒരേയൊരു രാജ്യം അമേരിക്കയാണ്. ഹിരോഷിമയിലെ അമേരിക്ക ആണവ ആക്രമണത്തിന് 'ലിറ്റില്‍ ബോയ്' എന്നായിരുന്നു പേര്. യുദ്ധങ്ങളും രാജ്യങ്ങള്‍ തമ്മിലുള്ള പോരും തീവ്രവാദ ആക്രമണങ്ങളും തുടര്‍ക്കഥയാകുമ്പോള്‍ അണുബോംബ് എന്ന ഭീതി ലോകത്തെ വിട്ടൊഴിയുന്നില്ല. ഹിരോഷിമയിലും നാഗസാക്കിയിലും ഇപ്പോഴും ജനിക്കുന്ന കുട്ടികളെപ്പോലും അണുപ്രസരണത്തിന്റെ ഭാഗമായുള്ള ജനിതകവൈകല്യങ്ങള്‍ ഉണ്ടാകുന്നുവെന്ന് പഠനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


