ദി കേരള സ്റ്റോറി; ദേശീയ ചലച്ചിത്ര പുരസ്‌കാരം അപമാനകരമെന്ന് മുഖ്യമന്ത്രി

Aug 2, 2025 - 15:18
ദി കേരള സ്റ്റോറി; ദേശീയ ചലച്ചിത്ര പുരസ്‌കാരം അപമാനകരമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ മത സാമൂഹികാന്തരീക്ഷത്തെ അപകീര്‍ത്തിപ്പെടുത്താനും വര്‍ഗീയത പടര്‍ത്താനും നുണകളാല്‍ പടുത്ത ഒരു സിനിമയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരം നല്‍കിയത് അപമാനകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 71ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ കേരളത്തെ അപമാനിച്ച കേരളാ സ്റ്റോറിക്ക് പുരസ്‌കാരം നല്‍കിയതിനെതിരെയാണ് മുഖ്യമന്ത്രി പ്രതിഷേധം രേഖപ്പെടുത്തിയത്. വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള ആയുധമായി ചലച്ചിത്രത്തെ മാറ്റുക എന്ന സംഘപരിവാര്‍ അജണ്ടയാണ് ഇതിലൂടെ അവര്‍ നടപ്പാക്കിയത്. ഈ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നു. വര്‍ഗീയത പടര്‍ത്താനും നുണകളാല്‍ പടുത്ത ഒരു സിനിമയ്ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചതിലൂടെ മത സാഹോദര്യത്തിനും ദേശീയോദ്ഗ്രഥനത്തിനുമായി നിലകൊണ്ട ഇന്ത്യന്‍ സിനിമയുടെ ശ്രേഷ്ഠ പാരമ്പര്യത്തെയാണ് അവാര്‍ഡ് ജൂറി അവഹേളിച്ചിരിക്കുന്നത്.

അതുല്യ പ്രതിഭയാല്‍ മലയാള സിനിമയെ സമ്പന്നമാക്കിയ ഉര്‍വശിയും വിജയരാഘവനും മികച്ച സഹനടിക്കും സഹനടനുമുള്ള പുരസ്‌കാരങ്ങള്‍ നേടിയത് ഈ നിമിഷത്തിന്റെ തിളക്കം കൂട്ടുന്നു. കൂടുതല്‍ മികവുറ്റ സിനിമകളുമായി പുതിയ ഉയരങ്ങളിലേക്ക് കുതിക്കാന്‍ ഈ അവാര്‍ഡുകള്‍ മലയാള സിനിമയ്ക്ക് പ്രചോദനം പകരട്ടെ എന്ന് ആശംസിക്കുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ കുറിച്ചു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0