മടക്ക യാത്രക്കൊരുങ്ങി ആക്സിയം 4; ഇന്ന് ഭൂമിയിലേക്ക് യാത്ര തിരിക്കും
ഫ്‌ലോറിഡ: രണ്ടാഴ്ച്ച നീണ്ടു നിന്ന ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി ആക്സിയം 4 ദൗത്യ സംഘം ഇന്ന് ഭൂമിയിലേക്ക് യാത്ര തിരിക്കും. വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല, പെഗ്ഗി വിറ്റ്‌സണ്‍ (യുഎസ്), സ്ലാവോസ് വിസീവ്സ്‌കി (പോളണ്ട്), ടിബോര്‍ കാപു (ഹംഗറി) എന്നീ യാത്രികരാണ് ദൗത്യം പൂര്‍ത്തിയാക്കി മടങ്ങാനൊരുങ്ങുന്നത്. ദൗത്യത്തിലെ യാത്രികരുമായി സ്‌പേസ് എക്‌സ് ഡ്രാഗണ്‍ പേടകം നാളെ വൈകിട്ട് മൂന്നിന് ഭൂമിയിലെത്തും.
ഇന്ന് ഇന്ത്യന്‍ സമയം ഉച്ച കഴിഞ്ഞ് 2.25ന് ശുഭാംശുവും സഹ യാത്രികരും പേടകവുമായി ബന്ധിക്കപ്പെട്ട ഡ്രാഗണ്‍ മൊഡ്യൂളിലേക്ക് പ്രവേശിക്കുകയും വൈകിട്ട് 4.35ന് നിലയത്തില്‍ നിന്ന് പേടകം വേര്‍പെടുത്തുകയും ചെയ്യുന്നതോടെ മടക്ക യാത്ര ആരംഭിക്കും.
നാളെ ഇന്ത്യന്‍ സമയം വൈകിട്ട് മൂന്ന് മണിക്ക് കലിഫോര്‍ണിയ തീരത്തിനടുത്ത് പസിഫിക് സമുദ്രത്തിലാണ് ഡ്രാഗണ്‍ പേടകം പതിക്കുക. തുടര്‍ന്ന് യാത്രികരെ സ്‌പേസ്എക്സ് കപ്പലില്‍ കയറ്റി തീരത്തേക്ക് കൊണ്ടുപോകും. ഒരാഴ്ച സംഘം അവിടെ വിശ്രമത്തില്‍ കഴിയും. ജൂണ്‍ 26നായിരുന്നു ഐഎസ്എസിലേക്ക് ആക്സിയം 4 ദൗത്യ സംഘം യാത്ര തിരിച്ചത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



