മള്ഹര്‍ സില്‍വര്‍ ജൂബിലി: സ്‌നേഹം പകര്‍ന്ന് മാനവ സംഗമം

Jun 18, 2025 - 10:16
മള്ഹര്‍ സില്‍വര്‍ ജൂബിലി: സ്‌നേഹം പകര്‍ന്ന്  മാനവ സംഗമം

മഞ്ചേശ്വരം: സപ്ത  ഭാഷകളുടെ സംഗമ ഭൂമിയില്‍ സ്‌നേഹം പകര്‍ന്ന് മാനവ സംഗമം. മഞ്ചേശ്വരം മള്ഹറു നൂറില്‍ ഇസ്ലാമിത്തഅലീമിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെയും, ഖാളി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പത്താം ഉറൂസ് മുബാറകിന്റയും ഭാഗമായി നടന്ന  മാനവ സംഗമം ശ്രദ്ധേയമായി. 
വര്‍ഗീയതയെ തുടര്‍ന്ന് സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന വിദ്വേഷം ഇല്ലാതാക്കാനും സമൂഹത്തില്‍ സൗഹൃദങ്ങള്‍ സ്ഥാപിക്കാനും വര്‍ഗീയതക്കെതിരെ ജനകീയ പ്രതിരോധം ഒരുക്കാനും സംഗമം ആവശ്യപ്പെട്ടു.
മള്ഹര്‍ വൈ ചെയര്‍മാന്‍ സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ ഷഹീര്‍ അല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ ഫാദര്‍ എഡ്വിന്‍ ഫ്രാന്‍സിസ് പിന്റോ ഉത്ഘാടനം ചെയ്തു. മള്ഹര്‍ ജന സെക്രട്ടറി സയ്യിദ് അഹ്‌മദ് ജലാലുദീന്‍ അല്‍ ബുഖാരി സന്ദേശ പ്രഭാഷണവും,  മുസ്തഫ നഈമി ഹാവേരി പ്രമേയ പ്രഭാഷണവും നടത്തി. മഞ്ചേശ്വരം സ്‌നേഹാലയ ചെയര്‍മാന്‍ ജോസഫ്, ജയാനന്ദന്‍ (സി പി എം), മുസ്തഫ (സി പി ഐ), മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹമീദ്, ബഷീര്‍ (മുസ്ലിം ലീഗ്), രാമ കൃഷ്ണ കടമ്പാര്‍, എസ് എം ബഷീര്‍ (പി ഡി പി), റഫീഖ്  സിദ്ധീഖ്, ബഷീര്‍ കനില തുടങ്ങിയവര്‍ സംസാരിച്ചു.
സിയാദ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
ഇന്ന് ബുധന്‍  വൈകിട്ട് 3 മണിക്ക് പ്രവാസി സംഗമവും  7 മണിക്ക്  മഹ്‌ളറത്തുല്‍ ബദ്രിയ്യയും  ബുര്‍ദ മജ്‌ലിസും  നടക്കും.
നാളെ വ്യാഴം വൈകീട്ട് 4മണിക്ക്  ഉദ്ഘാടന സമ്മേളനം  കര്‍ണാടക സുന്നി ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സൈനുല്‍ ഉലമ അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ മാണിയുടെ  അദ്ധ്യക്ഷതയില്‍ സമസ്ത ഉപാധ്യക്ഷന്‍ ഖുദ് വതുസ്സാദാത്ത് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും.
കര്‍ണാടക നിയമസഭ സ്പീക്കര്‍ യു.ടി ഖാദര്‍, എ.കെ.എം അഷ്റഫ് എം.എല്‍.എ മുഖ്യതിഥിയായിരിക്കും.
മഗ്രിബ് നമസ്‌കാരാനന്തരം നടക്കുന്ന സ്വലാത്ത് മജ്‌ലിസിന് സയ്യിദ് അബ്ദുറഹ്‌മാന്‍ ശഹീര്‍ അല്‍ ബുഖാരി, സയ്യിദ് അഹ്‌മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി, മുഹമ്മദ് സ്വാലിഹ് സഅദി  തളിപ്പറമ്പ് നേതൃത്വം നല്‍കും. 
20ന് ജുമുഅ നിസ്‌കാരന്തരം  അനുസ്മരണ സംഗമവും, വൈകിട്ട് 4.00 മണിക്ക്  ഹദായ സംഗമവും ,  7 മണിക്ക്  ജല്‍സത്തു നസീഹയും  നടക്കും.  
21ന്  രാവിലെ 10മണിക്ക് മള്ഹരീസ് മീറ്റും, 11ന് സ്ഥാനവസ്ത്ര വിതരണവും,  ഉച്ചക്ക് 2മണിക്ക്  പ്രസ്ഥാനിക സമ്മേളനവും നടക്കും. 
വൈകിട്ട് 7 മണിക്ക് നടക്കുന്ന സനദ് ദാന സമ്മേളനം സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ. സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ സനദ് ദാന പ്രഭാഷണം നടത്തും.  
22ന്  രാവിലെ പത്തു മണിക്ക് മൗലിദ് മജിലിസ് നടക്കും. തുടര്‍ന്ന് അന്നദാനത്തോടെ പരിപാടി സമാപിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0