ആവര്‍ത്തിച്ചുണ്ടാകുന്ന കപ്പലപകടങ്ങള്‍; ആശങ്കയൊഴിയാതെ കേരള തീരം

Jun 10, 2025 - 11:43
ആവര്‍ത്തിച്ചുണ്ടാകുന്ന കപ്പലപകടങ്ങള്‍; ആശങ്കയൊഴിയാതെ കേരള തീരം

കൊച്ചി: ആവര്‍ത്തിച്ചുണ്ടാകുന്ന കപ്പലപകടങ്ങളില്‍ ആശങ്കയൊഴിയാതെ കേരള തീരം. ദിവസങ്ങള്‍ക്ക് മുമ്പ് കൊച്ചി തീരത്തിനിടുത്ത് എം എസ് സി എല്‍സ ത്രി ചരക്കുകപ്പല്‍ മുങ്ങിയതിന് പിന്നാലെ ബേപ്പൂരിനടുത്ത് ചരക്കുകപ്പല്‍ കടലില്‍ കത്തിനശിച്ചത് സമുദ്ര പരിസ്ഥിതിക്കും മത്സ്യസമ്പത്തിനും ഗുരുതരമായ ആഘാതമാണ് വരുത്തി വെച്ചത്.
സമുദ്രജല മലിനീകരണം, സമുദ്ര പരിസ്ഥിതി നാശം, മത്സ്യത്തൊഴിലാളികള്‍ക്കും മറ്റുമുണ്ടാകുന്ന ദീര്‍ഘകാല നഷ്ടം ഇവയെല്ലാം വലിയ പ്രത്യാഗാതങ്ങളാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. കൊച്ചിയില്‍ ചരക്കുകപ്പല്‍ മുങ്ങി രണ്ടാഴ്ച കഴിഞ്ഞിട്ടും കടലില്‍ വീണ കണ്ടെയ്നറുകളില്‍ എന്തൊക്കെയാണ് ഉണ്ടായിരുന്നതെന്നതില്‍ ഇപ്പോഴും വ്യക്തമായിട്ടില്ല. ഇതിനിടെയാണ് ബേപ്പൂരില്‍ കപ്പല്‍ കത്തിയും കണ്ടെയ്‌നറുകള്‍ വെള്ളത്തില്‍ വീണും അപകടമുണ്ടായത്. 
നേരത്തേയുണ്ടായ അപകടത്തിന് ഭീതി കൂട്ടിയത് കണ്ടെയ്നറുകളിലുണ്ടായിരുന്ന രാസവസ്തുക്കളായിരുന്നു. അതിന് ശേഷം ബേപ്പൂരില്‍ കടലില്‍ പതിച്ച കണ്ടെയ്‌നറുകളില്‍ അതേ അളവിലുള്ളതോ അതിനേക്കാള്‍ വലുതോ ആയ രാസവസ്തുക്കളാണെന്നും അത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നുമാണ് വിലയിരുത്തല്‍. അപകടകരമായ വസ്തുക്കള്‍ കടലില്‍ കലര്‍ന്നാല്‍ മത്സ്യസമ്പത്തിനുള്‍പ്പടെയുണ്ടാകുന്ന ആഘാതം വലുതായിരിക്കും. 
വലിയ കടല്‍ത്തീരമുള്ള കേരളത്തെ പല വിധത്തിലായിരിക്കും അപകടം ബാധിക്കുകയെന്നത് വലിയ ആശങ്കയാണുണ്ടാക്കുന്നത്. എം എസ് സി എല്‍സയില്‍ നിന്ന് കടലില്‍ വീണ കണ്ടെയ്‌നറുകളിലെ രാസപദാര്‍ഥങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കടലില്‍ കലര്‍ന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. കപ്പലിനൊപ്പം അടിത്തട്ടില്‍ കിടക്കുന്ന  ഹെവി ഓയില്‍, ഡീസല്‍ നീക്കം ചെയ്യുന്നതിന് തന്നെ ഒരു മാസം സമയമെടുക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
നാല് തരത്തിലുള്ള രാസവസ്തുക്കള്‍  ബേപ്പൂരില്‍ കത്തി നശിച്ച കപ്പലിലുണ്ടെന്നാണ് പറയുന്നത്. ഇതില്‍ തീപ്പിടിക്കാന്‍ സാധ്യതയുള്ള ദ്രാവകങ്ങളും രാസപ്രക്രിയയിലൂടെ തനിയെ തീപ്പിടിക്കുന്ന വസ്തുക്കളും ശ്വസിക്കുന്നതോ സ്പര്‍ശിക്കുന്നതോ അപകടകരമായ വിഷാംശമുള്ള വസ്തുക്കളും ഉള്‍പ്പെടുന്നുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. അപകടകരമായ വസ്തുക്കള്‍ വെള്ളത്തില്‍ കലര്‍ന്നാലുണ്ടാകുന്ന പാരിസ്ഥിതികാഘാതം കണക്കുകൂട്ടുന്നതിലുമപ്പുറമായിരിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0