ദേശീയപാത തകര്‍ച്ചയില്‍ കടുത്ത നടപടി; ബി എല്‍ മീണയെ സ്ഥലംമാറ്റി

Jun 8, 2025 - 16:12
ദേശീയപാത തകര്‍ച്ചയില്‍ കടുത്ത നടപടി; ബി എല്‍ മീണയെ സ്ഥലംമാറ്റി

തിരുവനന്തപുരം: കൂരിയാട് ദേശീയപാത തകര്‍ച്ചയില്‍ കേരളത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ബി എല്‍ മീണയെ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ സ്ഥലംമാറ്റി. കേരള റീജിയണല്‍ മാനേജരായ മീണയെ ഡല്‍ഹിയിലേക്കാണ് സ്ഥലംമാറ്റിയത്. എ കെ മിശ്രയ്ക്കാണ് പുതിയ ചുമതല.
ദേശീയപാത ഇടിഞ്ഞ സംഭവത്തില്‍ എന്‍എച്ച്എഐ പ്രോജക്ട് ഡയറക്ടറെ നേരത്തെ സസ്പെന്‍ഡ് ചെയ്യുകയും സൈറ്റ് എന്‍ജിനീയറെ എന്‍എച്ച്എഐ പുറത്താക്കുകയും ചെയ്തിരുന്നു. കരാറുകാരന്‍ മേല്‍പ്പാലം സ്വന്തം ചെലവില്‍ പുനര്‍നിര്‍മിക്കണമെന്നാണ് കേന്ദ്രത്തിന്റെ ഉത്തരവില്‍ പറയുന്നത്. സുരക്ഷാ കണ്‍സള്‍ട്ടന്റ് കമ്പനിയടക്കം മൂന്ന് കമ്പനികള്‍ക്കെതിരെയും കേന്ദ്രം നടപടി സ്വീകരിച്ചിട്ടുണ്ട്. കുരിയാട് ദേശീയപാത തകര്‍ന്നതില്‍ അന്വേഷണ സമിതി ഇന്ന് കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം കടുത്ത നടപടികളിലേക്ക് കടന്നത്.
കരാര്‍ ഏറ്റെടുത്ത നിര്‍മാണ കമ്പനിക്ക് വന്‍ വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയ റിപ്പോര്‍ട്ടില്‍ മണ്ണ് പരിശോധന ഫലപ്രദമായി നടന്നില്ലെന്നും ഡിസൈനില്‍ ഉള്‍പ്പെടെ പാളിച്ച സംഭവിച്ചുവെന്നുമാണ് സൂചിപ്പിച്ചിട്ടുള്ളത്.

നെല്‍പ്പാടങ്ങളില്‍ പരിശോധന നടന്നില്ലെന്നും മറ്റ് സ്ഥലങ്ങളിലും പ്രശ്നങ്ങള്‍ ഉണ്ടായേക്കുമെന്നും വിദഗ്ദ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇടിഞ്ഞ ഭാഗത്തെ റോഡ് പൂര്‍ണ്ണമായും പുനര്‍ നിര്‍മ്മിക്കണമെന്നും ഉത്തരവുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 1
Angry Angry 0
Sad Sad 0
Wow Wow 0