സ്കൂൾ കുട്ടികളുടെ ബാഗുകൾ അധ്യാപകർക്ക് പരിശോധിക്കാം; ഉത്തരവുമായി ബാലാവകാശ കമ്മീഷൻ

Oct 24, 2026 - 10:01
സ്കൂൾ കുട്ടികളുടെ ബാഗുകൾ അധ്യാപകർക്ക് പരിശോധിക്കാം; ഉത്തരവുമായി ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: സ്കൂൾ കുട്ടികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിന്റെ ഭാഗമായി കർശന നിർദ്ദേശങ്ങളുമായി കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ. വിദ്യാർത്ഥികളുടെ ബാഗുകൾ അധ്യാപകർക്ക് പരിശോധിക്കാമെന്ന് കമ്മീഷൻ വ്യക്തമാക്കി. കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളൊന്നും ബാഗുകളിൽ ഇല്ലെന്ന് അധ്യാപകർ ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്.   

വിദ്യാർത്ഥികളുടെ അച്ചടക്കവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അധ്യാപകർക്ക് ഇടപെടാൻ പൂർണ്ണ അധികാരമുണ്ട്. ആവശ്യമെങ്കിൽ ഇത്തരം കാര്യങ്ങളിൽ നിയമപരമായ നടപടികൾ സ്വീകരിക്കാനും അധ്യാപകർക്ക് അനുവാദമുണ്ട്. അതേസമയം, പരിശോധനയുടെ പേരിൽ കുട്ടികളെ മാനസികമായി പീഡിപ്പിക്കുകയോ, ശിക്ഷയുടെ ഭാഗമായി ക്ലാസിൽ നിന്ന് പുറത്താക്കുകയോ ചെയ്യരുതെന്നും കമ്മീഷൻ കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്.   

കുട്ടികളുടെ അന്തസ്സിനെ ബാധിക്കുമെന്ന കാരണത്താൽ മുമ്പ് ബാഗ് പരിശോധന ബാലാവകാശ കമ്മീഷൻ വിലക്കിയിരുന്നെങ്കിലും, നിലവിലെ സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്താണ് പുതിയ ഇളവ്. കുട്ടികൾ ലഹരി ഉപയോഗിക്കുന്നതായി സംശയം തോന്നുന്ന ഘട്ടങ്ങളിൽ ബാഗുകൾ പരിശോധിക്കാൻ ഇപ്പോൾ അനുവാദമുണ്ട്. സ്കൂൾ പരിസരങ്ങളിൽ ലഹരി ഉപയോഗം പൂർണ്ണമായി തടയുന്നതിനും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ സുപ്രധാന നടപടി.  

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0