എസ് എസ് എഫ് 18-ാമത് പ്രൊഫ്‌സമ്മിറ്റിന് തുടക്കമായി

Oct 24, 2026 - 10:57
Oct 24, 2026 - 11:01
എസ് എസ് എഫ് 18-ാമത് പ്രൊഫ്‌സമ്മിറ്റിന് തുടക്കമായി

കോഴിക്കോട്: 'ബീ ദ ബീയിംഗ്, ബിയോണ്ട് ദ കംഫോർടബ്ൾ' എന്ന പ്രമേയത്തിൽ എസ് എസ് എഫ് സംഘടിപ്പിക്കുന്ന 18-ാമത് പ്രൊഫ്സമ്മിറ്റിന് കുറ്റ്യാടി സിറാജുൽ ഹുദാ ക്യാമ്പസിൽ തുടക്കമായി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന റെസിഡൻഷ്യൽ കോൺഫറൻസിൽ വിവിധ പ്രൊഫഷണൽ കോളേജുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട രണ്ടായിരത്തിലധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. അക്കാദമിക് മികവിനൊപ്പം സാമൂഹിക പ്രതിബദ്ധതയും ധാർമിക ബോധവുമുള്ള പ്രൊഫഷണൽ തലമുറയെ വാർത്തെടുക്കുക എന്നതാണ് സമ്മിറ്റിന്റെ പ്രധാന ലക്ഷ്യം.

സ്വാഗതസംഘം ചെയർമാൻ സയ്യിദ് ഹുസൈൻ തങ്ങൾ പതാക ഉയർത്തിയതോടെയാണ് പരിപാടികൾക്ക് തുടക്കമായത്. എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീർ അഹ്ദൽ അഹ്സനി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ഇന്ന് രാവിലെ 11.30 ന് നടക്കുന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ ഐ.ഐ.എം. കോഴിക്കോട് ഡിവിഷൻ സയൻസ് ആൻഡ് ഓപറേഷൻസ് മാനേജ്മെന്റ് വിഭാഗം പ്രൊഫസർ ഡോ. രൂപേഷ് കുമാർ പതി സമ്മിറ്റ് ഉദ്ഘാടനം ചെയ്യും. സുൽത്വാനുൽ ഉലമ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ചടങ്ങിൽ മുഖ്യാതിഥിയാകും. സയ്യിദ് ഇബ്‌റാഹീം ഖലീൽ അൽ ബുഖാരി, പേരോട് അബ്ദുർറഹ്മാൻ സഖാഫി, ഡോ. അബ്ദുൽ ഹകീം അസ്ഹരി, സയ്യിദ് മുനീർ അഹ്ദൽ, ഡോ. ടി. അബൂബക്കർ തുടങ്ങിയ പ്രമുഖർ വിവിധ സെഷനുകളിൽ സംബന്ധിക്കും.

ദേശീയ-അന്തർദേശീയ തലങ്ങളിൽ നിന്നുള്ള 150-ലധികം വിദഗ്ധർ നയിക്കുന്ന 75 അക്കാദമിക്-ടെക്നിക്കൽ സെഷനുകളാണ് സമ്മിറ്റിന്റെ ഭാഗമായി ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ ആശയവിനിമയത്തിനായി പത്തിലധികം പ്രത്യേക ലോഞ്ചുകളും സജ്ജീകരിച്ചിട്ടുണ്ട്. നൈപുണ്യ വികസനം, ഐഡിയേഷൻ റൗണ്ടുകൾ, പ്രൊഫഷണൽ എത്തിക്സ്, കരിയർ-ലീഡർഷിപ്പ് പരിശീലനങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങളിൽ ഊന്നിയുള്ള പഠനസെഷനുകൾ നടക്കും. കോൺഫറൻസ് നാളെ സമാപിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0