സ്വയംതൊഴിൽ കണ്ടെത്താൻ കൈത്താങ്ങ്: 70 സ്ത്രീകൾക്ക് തയ്യൽ മെഷീനുകൾ നൽകി മർകസ്
കോഴിക്കോട്: അന്താരാഷ്ട്ര മാന്യമായ തൊഴിൽ ദിനാചരണത്തോടനുബന്ധിച്ച് മർകസ് സാമൂഹ്യക്ഷേമ ഡയറക്ടറേറ്റിന് കീഴിൽ 70 സ്ത്രീകൾക്ക് ജീവനോപാധിയായി ഇലക്ട്രിക് തയ്യൽ മെഷീനുകൾ വിതരണം ചെയ്തു. 2028-ൽ നടക്കുന്ന മർകസ് 50-ാം വാർഷികത്തിന് മുന്നോടിയായി നടപ്പിലാക്കുന്ന സമഗ്ര തൊഴിൽദാന പദ്ധതിയുടെ ഭാഗമായാണ് സമൂഹത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുടുംബങ്ങളിലെ സ്ത്രീകൾക്കായി ഈ സംരംഭം സംഘടിപ്പിച്ചത്.
എല്ലാ വിഭാഗം ജനങ്ങളുടെയും ഉന്നമനവും സാമൂഹ്യ സുസ്ഥിരതയും ലക്ഷ്യമിട്ടാണ് സ്ത്രീകൾക്ക് സ്വയംതൊഴിൽ കണ്ടെത്താനും സ്ഥിരവരുമാനം ഉറപ്പാക്കാനുമായി ഇത്തരമൊരു പദ്ധതി നടപ്പിലാക്കിയതെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. നിലവിൽ ടൈലറിംഗ് അറിയാവുന്നവർക്കും അതുവഴി ഉപജീവനം കണ്ടെത്താൻ സാധിക്കുന്നവർക്കുമാണ് ഉപകരണം കൈമാറിയത്. ആധുനിക സംവിധാനങ്ങളുള്ള മെഷീൻ തൊഴിൽ കൂടുതൽ അനായാസമാക്കാനും മെച്ചപ്പെട്ട വരുമാനം ലഭിക്കാനും സഹായിക്കുമെന്നും, കുടുംബത്തെ പോറ്റാൻ പരിശ്രമിക്കുന്ന സ്ത്രീകൾക്ക് ഈ പദ്ധതി വലിയ കൈത്താങ്ങാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഏതാനും മാസങ്ങൾക്ക് മുമ്പ് 101 സ്ത്രീകൾക്ക് വിപണിയിൽ കാൽ ലക്ഷത്തോളം രൂപ വിലമതിക്കുന്ന നവീന സൗകര്യങ്ങളുള്ള പോർട്ടബിൾ ഇലക്ട്രിക് തയ്യൽ മെഷീനുകൾ നൽകിയിരുന്നു. വിധവകൾ, ഭിന്നശേഷിക്കാർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, മദ്‌റസ അധ്യാപകരുടെ കുടുംബങ്ങൾ എന്നിവരിൽ നിന്നുള്ളവരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. തുടർച്ചയായി നടന്നുപോകുന്ന ഈ ജീവനോപാധി വിതരണ പദ്ധതിയിലൂടെ ഓട്ടോറിക്ഷ, മത്സ്യബന്ധന ബോട്ട്, കോഴിയും കൂടും, കാർഷിക ഉപകരണങ്ങൾ, കറവപ്പശു തുടങ്ങിയവയും മർകസ് സാമൂഹ്യക്ഷേമ വകുപ്പ് നേരിട്ടും എസ് വൈ എസ് സാന്ത്വനവുമായി സഹകരിച്ചും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്തുവരുന്നതായി ഭാരവാഹികൾ അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0