'ജനാധിപത്യത്തിന് മേലുള്ള കടന്നുകയറ്റം' രാഹുലിന്റേയും പ്രിയങ്കയുടേയും അറസ്റ്റിൽ വ്യാപക പ്രതിഷേധത്തിന് കെപിസിസി
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഡൽഹിയിൽ സമരം നയിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാൽ തുടങ്ങിയ മുതിർന്ന കോൺഗ്രസ് നേതാക്കളെ കേന്ദ്ര ഭരണകൂടത്തിന്റെ നിർദേശപ്രകാരം പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കാൻ കെപിസിസി ആഹ്വാനം ചെയ്തു.മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും നടക്കുകയെന്ന് കെപിസിസി പ്രസിഡന്റ് അറിയിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ ഡൽഹിയിൽ ഇന്ത്യ മുന്നണിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും നേതാക്കളും നടത്തിയ പ്രതിഷേധ മാർച്ചിനിടെയാണ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. കേന്ദ്ര സർക്കാരിന്റേത് ഭരണഘടനാ മൂല്യങ്ങളെ തച്ചുടയ്ക്കുന്ന ഏകാധിപത്യ നടപടിയാണെന്ന് കെപിസിസി നേതൃത്വം ആരോപിച്ചു. ജനാധിപത്യവും ഭരണഘടനാ അവകാശങ്ങളും സംരക്ഷിക്കാനുള്ള ഈ അതിജീവന പോരാട്ടത്തിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും പങ്കാളികളാകണമെന്ന് നേതൃത്വം അഭ്യർത്ഥിച്ചു. സംസ്ഥാനത്തെ എല്ലാ മണ്ഡലം കമ്മിറ്റികളുടെയും ആഭിമുഖ്യത്തിൽ വൈകുന്നേരങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0