വന്ദേമാതരം ദേശീയ സെമിനാർ; കേരള കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം
കാസർഗോഡ്: പെരിയയിലെ കേരള കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം. വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് സർവകലാശാലയിൽ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറിൽ ആർഎസ്എസ് സൈദ്ധാന്തികനും പ്രജ്ഞാ പ്രവാഹ് ദേശീയ കൺവീനറുമായ ജെ. നന്ദകുമാറിനെ മുഖ്യപ്രഭാഷകനായി പങ്കെടുപ്പിക്കുന്നതിനെതിരെയാണ് പ്രതിഷേധം. എസ്എഫ്ഐ, എംഎസ്എഫ്, എൻഎസ്യുഐ തുടങ്ങിയ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. പ്രതിഷേധത്തിനിടെ വിദ്യാർഥികളും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
സർവകലാശാലയിലെ ലൈബ്രറി സെമിനാർ ഹാളിലാണ് ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്. ജെ. നന്ദകുമാർ ക്യാംപസിലെത്തിയാൽ പരിപാടി തടയുമെന്ന നിലപാടാണ് പ്രതിഷേധിക്കുന്ന വിദ്യാർഥി സംഘടനകൾ നേരത്തെ സ്വീകരിച്ചിരുന്നത്. ആർഎസ്എസ് നേതാക്കളെ മുഖ്യപ്രഭാഷകരാക്കി നടത്തുന്ന പരിപാടിക്ക് അക്കാദമിക പ്രാധാന്യമില്ലെന്നും സർവകലാശാലയുടെ കാവിവത്കരണത്തിന്റെ ഭാഗമായാണ് സെമിനാർ സംഘടിപ്പിക്കുന്നതെന്നുമാണ് വിദ്യാർഥി സംഘടനകളുടെ ആരോപണം. അതേസമയം, പരിപാടി തടയാൻ ശ്രമിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്ന് സർവകലാശാല അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ഭാഷാ വിഭാഗത്തിന്റെ സഹകരണത്തോടെ കേന്ദ്ര സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന സെമിനാറിൽ അതേ വിഭാഗത്തിലെ വിദ്യാർഥികൾക്ക് പോലും പ്രവേശനം നിഷേധിക്കുന്നതായി പ്രതിഷേധക്കാർ ആരോപിച്ചു.
സെമിനാറിൽ പങ്കെടുക്കുന്നതിനായി ഡെലിഗേറ്റ് ഐഡി കാർഡുമായി എത്തിയ വിദ്യാർഥികളെയും പോലീസ് തടഞ്ഞതായും പ്രതിഷേധക്കാർ പറയുന്നു. സർവകലാശാല വൈസ് ചാൻസലറുടെ നിർദേശപ്രകാരം പ്രവേശനം അനുവദിക്കാനാകില്ലെന്നാണ് പോലീസ് അറിയിച്ചതെന്നും ഇവർ ആരോപിച്ചു. അതേസമയം, സെമിനാറിൽ പങ്കെടുക്കാനെത്തിയ ജെ. നന്ദകുമാറിനെ പോലീസ് സുരക്ഷയിൽ സെമിനാർ ഹാളിലേക്ക് പ്രവേശിപ്പിച്ചു. സെമിനാർ വന്ദേമാതരം പൂർണമായി ആലപിച്ചാണ് ആരംഭിച്ചത്. വിദ്യാർഥികളുമായി ചർച്ച നടത്താൻ എത്തിയ സ്റ്റുഡന്റ്സ് ഡീനിനോട് പ്രതിഷേധക്കാർ ഉന്നയിച്ച വിഷയങ്ങളിൽ വ്യക്തമായ വിശദീകരണം ലഭിച്ചില്ലെന്നും വിദ്യാർഥികൾ ആരോപിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0