പ്രതിപക്ഷത്തിരുന്നപ്പോൾ 'ധൂർത്ത്' എന്ന് വിമർശിച്ചു; യുഡിഎഫ് സർക്കാർ ലോക കേരള സഭയുമായി മുന്നോട്ട്, 2 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: പ്രതിപക്ഷത്തായിരുന്നപ്പോൾ കടുത്ത വിമർശനമുന്നയിക്കുകയും ബഹിഷ്കരിക്കുകയും ചെയ്ത ലോക കേരള സഭ സംഘടിപ്പിക്കാൻ യുഡിഎഫ് സർക്കാർ തീരുമാനിച്ചു. പുതിയ സാമ്പത്തിക വർഷത്തെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി രണ്ട് കോടി രൂപ അനുവദിച്ചുകൊണ്ട് സർക്കാർ ഭരണാനുമതി നൽകി. പ്രതിപക്ഷത്തായിരുന്ന സമയത്ത് ലോക കേരള സഭ വെറും ധൂർത്താണെന്നും പണമുള്ളവരെ മാത്രം പങ്കെടുപ്പിക്കുന്ന ജനവിരുദ്ധ പരിപാടിയാണെന്നും ആരോപിച്ചാണ് യുഡിഎഫ് ഇതിൽ നിന്ന് വിട്ടുനിന്നിരുന്നത്. എന്നാൽ ഭരണത്തിലെത്തിയതോടെ, പ്രവാസി സംഘടനകളുടെയും മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിന്റെയും ശക്തമായ സമ്മർദ്ദത്തെ തുടർന്നാണ് പദ്ധതി തുടരാൻ തീരുമാനിച്ചതെന്നാണ് സൂചന. പ്രവാസികളുടെ പങ്കാളിത്തവും പിന്തുണയുമുള്ള ഒരു വേദിയെ പാടെ ഉപേക്ഷിക്കരുതെന്ന ലീഗിന്റെ നിലപാടാണ് ഈ തീരുമാനത്തിന് പിന്നിൽ പ്രധാന പങ്കുവഹിച്ചത്.
മുഖ്യമന്ത്രി വി. ഡി. സതീശൻ വിളിച്ചുചേർത്ത യോഗത്തിലാണ് പരിപാടിയുമായി മുന്നോട്ട് പോകാൻ ധാരണയായത്. എന്നാൽ മുൻകാലങ്ങളിൽ സംഘടിപ്പിച്ചതിൽ നിന്നും വ്യത്യസ്തമായി ലോക കേരള സഭയുടെ ഘടനയിൽ അനിവാര്യമായ ചില മാറ്റങ്ങൾ വരുത്തുമെന്നാണ് സർക്കാരിന്റെ വിശദീകരണം. അതേസമയം, പ്രതിപക്ഷത്തിരുന്നപ്പോൾ ഉന്നയിച്ച നിലപാടുകളിൽ നിന്നുള്ള ഈ പിന്മാറ്റത്തിനെതിരെ (യൂടേൺ) പ്രതിപക്ഷവും സോഷ്യൽ മീഡിയയും ശക്തമായ വിമർശനം ഉന്നയിക്കുന്നുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0