കപ്പലുകള്‍ മുങ്ങി റോഹിങ്ക്യന്‍ മുസ്ലിംകള്‍ മരിച്ചു

May 24, 2025 - 17:47
കപ്പലുകള്‍ മുങ്ങി റോഹിങ്ക്യന്‍ മുസ്ലിംകള്‍ മരിച്ചു

നെയ്പിഡോ: മ്യാന്മര്‍ തീരത്തുണ്ടായ രണ്ട് കപ്പല്‍ അപകടങ്ങളിലായി 427 റോഹിങ്ക്യന്‍ മുസ്ലിംകള്‍ മുങ്ങി മരിച്ചതായി ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി. ഈ മാസം ഒമ്പതിനും പത്തിനും നടന്ന അപകടത്തില്‍  റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ കൂട്ടത്തോടെ കടലില്‍ മരണപ്പെട്ട ഏറ്റവും വലിയ അപകടമാണിതെന്ന് ഐക്യരാഷ്ട്ര സഭ അഭയാര്‍ഥികള്‍ക്കായുള്ള ഹൈക്കമ്മീഷണര്‍ വ്യക്തമാക്കി. എന്താണ് അപകട കാരണമെന്നുള്‍പ്പെടെയുള്ളത് വ്യക്തമല്ല. 267 അഭയാര്‍ഥികളുമായി സഞ്ചരിച്ച കപ്പല്‍ ഈ മാസം ഒമ്പതിനാണ് മുങ്ങിയത്. ഇതില്‍ 66 പേരൊഴികെ മറ്റെല്ലാവരും മരിച്ചു. 247 പേരുമായി പോയ രണ്ടാമത്തെ കപ്പല്‍ ഈ മാസം പത്തിനും മുങ്ങി. ഇതില്‍ 21 പേരാണ് രക്ഷപ്പെട്ടത്. ബംഗ്ലാദേശിലെ കോക്സ് ബസാര്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ നിന്നുള്ളവരോ മ്യാന്‍മറിന്റെ പടിഞ്ഞാറന്‍ സംസ്ഥാനമായ റാഖൈനില്‍ നിന്നുള്ളവരോ ആകാം മരിച്ചവരെന്ന് വിലയിരുത്തുന്നു. പ്രദേശത്ത് കാലവര്‍ഷമെത്തിയതിനാല്‍ ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടിരുന്നു. ഇതാകാം കപ്പലുകള്‍ മുങ്ങാനിടയാക്കിയതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. സ്വന്തം രാജ്യത്തെ അടിച്ചമര്‍ത്തലില്‍ നിന്നും ആക്രമണങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ കടല്‍ വഴി കൂട്ടത്തോടെ പലായനം ചെയ്യലാണ് റോഹിങ്ക്യകള്ളുടെ പതിവ്. ജീവന്‍ പണയം വെച്ചുള്ള ഇത്തരം യാത്രകള്‍ പലപ്പോഴും അപകടത്തിലാണ് കലാശിക്കുന്നത്. 2017ല്‍ മ്യാന്മര്‍ സൈന്യത്തിന്റെ ക്രൂരമായ അടിച്ചമര്‍ത്തലിനെത്തുടര്‍ന്ന് മ്യാന്‍മറിലെ റാഖൈന്‍ സംസ്ഥാനത്ത് നിന്ന് പത്ത് ലക്ഷത്തിലധികം റോഹിങ്ക്യന്‍ മുസ്ലിംകളാണ് അയല്‍രാജ്യമായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0