ശ്രീലങ്കയെ പിടിച്ചുലച്ച് ദിത്വ ചുഴലിക്കാറ്റ്; മരണസംഖ്യ 200 കടന്നു 

Nov 30, 2025 - 15:58
ശ്രീലങ്കയെ പിടിച്ചുലച്ച് ദിത്വ ചുഴലിക്കാറ്റ്; മരണസംഖ്യ 200 കടന്നു 

കൊളംബോ: ശ്രീലങ്കയിൽ ആഞ്ഞടിച്ച ദിത്വ ചുഴലിക്കാറ്റിൽ മരണം 200 കടന്നു. ഒരാഴ്‌ചയോളം നിർത്താതെ പെയ്‌ത മഴയിലും വെള്ളപ്പൊക്കത്തിലും 191 പേരെ കാണാതാവുകയും 20,000 വീടുകൾ നശിക്കുകയും ചെയ്തു. 1,08,000 ആളുകളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും 7,98,000 പേർക്ക് ദുരന്തം ബാധിച്ചതായും ശ്രീലങ്കൻ ദുരന്ത നിവാരണ കേന്ദ്രം വ്യക്തമാക്കി. മരണസംഖ്യ ഇനിയും ഉയരുമെന്ന ഭീതിയിലാണ് സർക്കാർ. ദുരന്തത്തിൽ കുടുങ്ങിയ മലയാളികളെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിക്കും.

കഴിഞ്ഞ ആഴ്‌ച മുതലാണ് ശ്രീലങ്കയിൽ അതിശക്തമായ മഴ തുടങ്ങിയത്. പേമാരിയെ തുടർന്ന് പലയിടത്തും മണ്ണിടിച്ചിലുണ്ടായി. പലയിടത്തും രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാൻ സാധിച്ചിട്ടില്ല. മിക്ക ഡാമുകളും നദികളും കരകവിഞ്ഞു. രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗത്തും കുടിവെള്ളം ലഭ്യമല്ലാതായിരിക്കുകയാണ്. പാറകളും ചെളിയും മരങ്ങളും റോഡുകളിലും റെയിൽവേ ട്രാക്കുകളിലും വീണതിനാൽ ഗതാഗതം നിർത്തിവച്ചു. നെറ്റ്‌വർക്ക്  വിച്ഛേദിക്കപ്പെട്ടതോടെ സ്കൂളുകളും ഓഫീസുകളും അടച്ചു. നിലവിലെ സാഹചര്യത്തെ നേരിടാനായി വിദേശത്ത് ജോലി ചെയ്യുന്ന ശ്രീലങ്കക്കാരോട് അടക്കം സർക്കാർ ധനസഹായം അഭ്യർത്ഥിച്ചു. രണ്ട് വിമാനങ്ങളിലായി ദുരിതാശ്വാസ സാമഗ്രികളും രണ്ട് ഹെലികോപ്റ്ററുകളിലായി 22 പേരുടെ ദുരിതാശ്വാസ സംഘത്തെയും ഇന്ത്യ ശ്രീലങ്കയിലേക്ക് സഹായത്തിനായി എത്തിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0