സംസ്ഥാനത്തെ ഞെട്ടിച്ച് വാഹനാപകടം; നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് വിദ്യാർഥികൾ ഉൾപ്പെടെ 8 പേർ മരിച്ചു
തൃശൂർ: ദേശീയപാത 66-ൽ തൃശൂർ കൈപ്പമംഗലം പനമ്പിക്കുന്ന് സെന്ററിന് സമീപം നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടുപേർ മരിച്ചു. ഇന്നലെ അർധരാത്രിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. തമിഴ്‌നാട് ദിണ്ടിഗലിലെ കോളജിലെ എഞ്ചിനീയറിംഗ് വിദ്യാർഥികളും ഡ്രൈവറുമാണ് അപകടത്തിൽപ്പെട്ടത്. വിനോദയാത്രയ്ക്കായി കേരളത്തിലെത്തിയ എട്ടംഗ സംഘം ഗുരുവായൂർ ഭാഗത്തുനിന്ന് കൊടുങ്ങല്ലൂർ ഭാഗത്തേക്ക് സഞ്ചരിക്കുമ്പോഴായിരുന്നു ദുരന്തം. ദേശീയപാത വികസന നിർമാണം പുരോഗമിക്കുന്ന റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് അമിതവേഗതയിലെത്തിയ കാർ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. ഏഴുപേർ സംഭവസ്ഥലത്തുതന്നെ മരിക്കുകയും ഒരാൾ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണപ്പെടുകയുമായിരുന്നു. മരിച്ചവരിൽ സൂര്യ, യുവസഞ്ജിത്, ജോഷ്വ, പ്രസന്ന, സന്തോഷ്, വിശ്വം എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. അപകടസാധ്യതയുള്ള നിർമാണ മേഖലയിൽ ആവശ്യമായ മുന്നറിയിപ്പ് ബോർഡുകളോ വെളിച്ചമോ ഇല്ലാതെ ലോറി നിർത്തിയിട്ടതാണ് അപകടത്തിന് കാരണമായതെന്ന് പ്രദേശവാസികൾ ആരോപിച്ചു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0