ജനറൽ ആശുപത്രിയിലെ കാരുണ്യ സ്പർശം ശ്രദ്ധേയമായി; നബിദിനത്തിൻ്റെ സ്നേഹ സമ്മാനവുമായി മുഹിമ്മാത്ത് പ്രവർത്തകർ

Aug 26, 2026 - 12:40
Aug 26, 2026 - 13:47
ജനറൽ ആശുപത്രിയിലെ കാരുണ്യ സ്പർശം ശ്രദ്ധേയമായി; നബിദിനത്തിൻ്റെ സ്നേഹ സമ്മാനവുമായി മുഹിമ്മാത്ത് പ്രവർത്തകർ

പുത്തിഗെ: കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ മുന്നൂറിലേറെ വരുന്ന രോഗികള്‍ക്കും ആശ്രിതര്‍ക്കും ജീവനക്കാര്‍ക്കും തിരുനബി(സ്വ) തങ്ങളുടെ സ്‌നേഹ സന്ദേശങ്ങള്‍ നല്‍കിയും ക്ഷേമാന്വേഷണങ്ങള്‍ നടത്തിയും മുഹിമ്മാത്തുല്‍ മുസ്‌ലിമീന്‍ എജ്യൂക്കേഷന്‍ സെന്റര്‍ നടത്തിയ കാരുണ്യ സ്പര്‍ശം ശ്രദ്ധേയമായി. മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷനു കീഴില്‍ പത്ത് ദിവസമായി നടന്നുവന്ന മീലാദുന്നബി ആഘോഷ പരിപാടിയുടെ ഭാഗമായി തിരു നബി(സ്വ) തങ്ങളുടെ ജന്മദിനത്തിൻ്റെ വരവറിയിച്ചു കൊണ്ടും പ്രവാചക ചര്യയിലെ പ്രധാന ഘടകങ്ങളായ രോഗസന്ദർശനവും ഭക്ഷണം നൽകലും മാതൃകയാക്കിയാണ് പരിപാടി സംഘടിപ്പിച്ചത്. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഫ്രൂട്ട്‌സ് കിറ്റുകൾ നൽകിയും സാന്ത്വനത്തിൻ്റെ സ്നേഹ ഹസ്തം കൈമാറിയും മണിക്കുറുകളോളം അവർ ചിലവഴിച്ചു. കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി മുഹിമ്മാത്ത് സ്ഥാപനം ജനറല്‍ ആശുപത്രിയിലേക്ക് അത്യാവശ്യമായ ഹീറ്റര്‍, വീല്‍ ചെയര്‍, സ്‌ട്രെച്ചര്‍ തുടങ്ങിയ ഉപകരണങ്ങളും വിവിധ മെഡിക്കല്‍ സംവിധാനങ്ങളും ലഭ്യമാക്കിയതിനു പുറമെ പ്രസവ വാര്‍ഡ് നവീകരണം, മോര്‍ച്ചറിയിലെ വെയ്റ്റിംഗ് ഷെഡ് നിര്‍മാണം തുടങ്ങിയ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.

സ്ഥാപന ട്രഷറർ ഹാജിഅമീറലി ചൂരിയുടെ അധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. സീനിയര്‍ ഡോക്ടര്‍ ജനാര്‍ദനന്‍ നായിക്ക്, ഡോ : നിഖിൽ നഴ്‌സിംഗ് സൂപ്രണ്ട് നിർമ എന്നിവർ സന്ദേശ പ്രഭാഷണം നടത്തി. മുഹിമ്മാത്ത് സെക്രട്ടറി മൂസ സഖാഫി കളത്തൂര്‍ സ്വാഗതം പറഞ്ഞു. മുഹിമ്മാത്ത് സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മുസ്തഫ സഖാഫി പട്ടാമ്പി, അബ്ദുല്‍ ഫത്താഹ് സഅദി, മുഹമ്മദ്‌ മുസ്‌ലിയാർ തുപ്പക്കൽ, റൗഫ് തെക്കിൽ, നാഷണൽ അബ്ദുല്ല, ഉമൈർ സഖാഫി കളത്തൂർ, അബ്ദുറഹ്മാൻ കട്ടനടുക്ക, സാമൂഹിക പ്രവര്‍ത്തകന്‍ മാഹിന്‍ കുന്നില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0