സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം; ടി. ജി മോഹന്‍ദാസിനെതിരെ കേസെടുത്തു
തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ഡൽഹി ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർഥികളെ അധിക്ഷേപിക്കുകയും വിദ്വേഷ പരാമർശം നടത്തുകയും ചെയ്ത സംഭവത്തിൽ ആർ.എസ്.എസ് സഹയാത്രികനും രാഷ്ട്രീയ നിരീക്ഷകനുമായ ടി. ജി മോഹൻദാസിനെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം സിറ്റി സൈബർ പോലീസാണ് കേസെടുത്തിരിക്കുന്നത്. കലാപാഹ്വാനം, പൊതുജനമധ്യത്തിൽ ഭീതിയും ലഹളയും ഉണ്ടാക്കാനുള്ള ശ്രമം തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
'ഡൽഹിയിലെ സമരരംഗത്ത് നിന്ന് പോലീസിനെ പൂർണ്ണമായി പിൻവലിച്ചാൽ അവിടെ കൊലപാതകവും കൂട്ടബലാത്സംഗവും നടക്കുമെന്നും, സമരം ചെയ്യുന്നവർ ബലാത്സംഗം ഇഷ്ടപ്പെടുന്നവരായതിനാൽ അതിൽ പരാതികൾ ഉണ്ടാകില്ലെന്നും തനിക്ക് അവസരം ലഭിക്കുകയാണെങ്കിൽ സമരക്കാരെ വെടിവെച്ച് കൊന്ന് ശവങ്ങൾ ആശുപത്രിയിലെത്തിച്ച് രംഗം ശാന്തമാക്കുമെന്നു'മാണ് അദ്ദേഹം പറഞ്ഞത്. ഈ വിദ്വേഷ പ്രസ്താവനക്കെതിരെ എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി. ടി ജിസ്മോൻ, എസ്.എഫ്.ഐ, യൂത്ത് കോൺഗ്രസ്, ഫ്രറ്റേണിറ്റി മൂവ്മെന്റ് എന്നിവർ പോലീസിൽ പരാതി നൽകിയിരുന്നു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രമുഖർ ഈ പ്രസ്താവനക്കെതിരെ ശക്തമായി രംഗത്തുവരികയും നിയമനടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് ആഭ്യന്തര വകുപ്പിന്റെ നിർദേശപ്രകാരം സൈബർ ഓപ്പറേഷൻസ് ഐ.ജി പി. പ്രകാശിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.
അതേസമയം, വലിയ വിവാദമായതോടെ ടി. ജി മോഹൻദാസിനെ തള്ളി ആർ.എസ്.എസ് നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. മോഹൻദാസിന്റെ പ്രസ്താവന അപലപനീയമാണെന്നും അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും സംഘടനക്ക് ഇതിൽ പങ്കില്ലെന്നും ആർ.എസ്.എസ് വ്യക്തമാക്കി. നിലവിൽ അദ്ദേഹം ആർ.എസ്.എസിന്റെ ഔദ്യോഗിക ചുമതലകളൊന്നും വഹിക്കുന്നില്ലെന്നും നേതൃത്വം അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0