സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഒരുക്കുന്ന ഇന്ത്യയിലെ സംസ്ഥാനങ്ങൾ

May 16, 2026 - 17:03
May 16, 2026 - 17:10
സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഒരുക്കുന്ന ഇന്ത്യയിലെ സംസ്ഥാനങ്ങൾ

കേരളത്തിൽ യു ഡി എഫ് സർക്കാർ അധികാരത്തിൽ വന്നാൽ നടപ്പിലാക്കുമെന്ന് പറഞ്ഞ വാഗ്ദാനങ്ങളിൽ പ്രധാനമായിരുന്നു സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര. ഇന്ത്യയിലെ 8 സംസ്ഥാനങ്ങൾ നിലവിൽ സ്ത്രീകൾക്കായി സൗജന്യ ബസ് യാത്ര ക്രമീകരിച്ചുകഴിഞ്ഞു. ഇന്ത്യയിൽ മാറി വരുന്ന ഓരോ സംസ്‌ഥാന സർക്കാരുകളും സ്ത്രീ ശാക്തീകരണത്തിനായി നൂതന ആശയങ്ങളാണ് മുന്നോട്ട് വെക്കുന്നത്. ജോലിക്കും പഠനത്തിനും മറ്റുമായി സ്ഥിരം യാത്രചെയ്യേണ്ടി വരുന്ന സ്ത്രീകൾക്ക് പ്രസ്തുത പദ്ധതികൾ ഏറെ ഉപകാരപ്പെട്ടിട്ടുണ്ട്. സ്ത്രീകൾക്കായി സൗജന്യ ബസ് യാത്ര ക്രമീകരിച്ച ഇന്ത്യയിലെ 8 സംസ്‌ഥാനങ്ങളിലൊന്ന് ഡൽഹിയാണ്.


ഡൽഹി

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര എന്ന ആശയം ആദ്യം നടപ്പിലാക്കിയത് 2019ൽ ഡൽഹി സർക്കാരാണ്. ആരംഭിച്ച 'പിങ്ക് ടിക്കറ്റ്' സംവിധാനം ലക്ഷക്കണക്കിന് സ്ത്രീകൾക്ക് വലിയൊരു സാമ്പത്തിക ആശ്വാസമായി മാറി. 'പിങ്ക് സഹേലി സ്മാർട്ട് കാർഡുകൾ' ഉപയോഗിച്ച് ഡൽഹിയിൽ സ്ത്രീകൾക്ക് സുഗമമായി യാത്ര ചെയ്യാം.

തമിഴ്‌നാട്

തമിഴ്‌നാട് സർക്കാർ 2021ൽ ആരംഭിച്ച 'വിടിയൽ പയണം' പദ്ധതി സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ലഭ്യമാക്കുന്നതിനായി വൻ വിജയമായിരുന്നു. ചെന്നൈ, മധുര, കോയമ്പത്തൂർ തുടങ്ങിയ നഗരങ്ങളിലെ സാധാരണക്കാരായ സ്ത്രീകൾക്ക് ഈ പദ്ധതി വലിയ സാമ്പത്തിക ലാഭമാണ് നൽകിയത്.

പഞ്ചാബ്

2021 ഏപ്രിൽ മുതലാണ് പഞ്ചാബിൽ സ്ത്രീകൾക്ക് സർക്കാർ ബസുകളിൽ സൗജന്യ യാത്ര ലഭ്യമായി തുടങ്ങിയത്. ആധാർ കാർഡോ വോട്ടർ ഐഡിയോ കാണിച്ച് പഞ്ചാബിലെ സ്ത്രീകൾക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. 

കർണാടക

2023 ജൂണിൽ കർണാടകയിൽ ആരംഭിച്ച 'ശക്തി' പദ്ധതി ദേശീയതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലക്ഷ്വറി അല്ലാത്ത സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സംസ്ഥാനത്തുടനീളം സൗജന്യമായി യാത്ര ചെയ്യാൻ സൗകര്യമൊരുക്കുന്നതായിരുന്നു പദ്ധതി. 

തെലങ്കാന

തെലങ്കാന സർക്കാർ 2023 ഡിസംബറിലാണ് 'മഹാലക്ഷ്മി' പദ്ധതിക്ക് തുടക്കമിട്ടത്. സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും എസി ഇല്ലാത്ത സ്റ്റേറ്റ് ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാൻ ഈ പദ്ധതി അവസരമൊരുക്കി. 

ആന്ധ്രാ പ്രദേശ്

2025 ഓഗസ്റ്റിൽ 'സ്ത്രീ ശക്തി' പദ്ധതി എന്ന പേരിലാണ് ആന്ധ്രാ പ്രദേശ് സർക്കാർ സ്ത്രീകൾക്കായി സൗജന്യ ബസ് യാത്ര നടപ്പിലാക്കിയത്. തിരിച്ചറിയൽ രേഖയുള്ള സംസ്ഥാന നിവാസികളായ സ്ത്രീകൾക്ക് എസി ഇല്ലാത്ത സർക്കാർ ബസുകളിൽ സൗജന്യ യാത്ര സർക്കാർ ഏർപ്പെടുത്തി.

ജമ്മു കശ്മീർ

അന്താരാഷ്ട്ര വനിത ദിനത്തിലാണ് 2025ൽ ജമ്മു കശ്മീരിൽ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രക്ക് തുടക്കം കുറിച്ചത്. ജമ്മു കശ്മീരിലെ പ്രധാന നഗരങ്ങളായ ജമ്മു, ശ്രീനഗർ എന്നിവിടങ്ങളിൽ സ്മാർട്ട് സിറ്റി ഇ-ബസുകളിലും JKRTC ബസുകളിലും സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാം. മലയോര മേഖലകളിലെ സ്ത്രീകളുടെ യാത്രാ ദുരിതത്തിന് പദ്ധതി വലിയൊരു പരിഹാരമായി.

പശ്ചിമ ബംഗാൾ

2026 ജൂൺ 1 മുതൽ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ക്രമീകരിച്ച അവസാനത്തെ സംസ്ഥാനമാണ് പശ്ചിമ ബംഗാൾ. സംസ്ഥാനത്തെ സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാം. 'അന്നപൂർണ ഭണ്ഡാർ' പദ്ധതിയുടെ ഭാഗമായാണ് ഈ തീരുമാനം. വിദ്യാർത്ഥികൾക്കും ജോലിക്ക് പോകുന്നവർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന പദ്ധതിയാണിത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0