കനത്ത ചൂടിൽ സംസ്ഥാനം; ‘സെല്‍ഫ് ലോക്ക്ഡൗണ്‍’ ജാഗ്രതാ നിര്‍ദേശവുമായി മുഖ്യമന്ത്രി 

Apr 24, 2026 - 12:30
കനത്ത ചൂടിൽ സംസ്ഥാനം; ‘സെല്‍ഫ് ലോക്ക്ഡൗണ്‍’ ജാഗ്രതാ നിര്‍ദേശവുമായി മുഖ്യമന്ത്രി 

തിരുവനന്തപുരം: കേരളത്തിൽ താപനില 40 ഡിഗ്രി സെല്‍ഷ്യസിനു മുകളിലേക്ക് ഉയര്‍ന്ന പശ്ചാത്തലത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് സമയത്ത് കൈ കൊണ്ടത് പോല നിലവിലെ സാഹചര്യത്തെ ‘സെല്‍ഫ് ലോക്ക്ഡൗണ്‍’ സമയമായി കണ്ട് അനാവശ്യ യാത്രകളും പുറം ജോലികളും ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്നാണ് പ്രധാന നിര്‍ദേശം. പാലക്കാട്, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഫേസ്ബുക്ക് പേജില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയത്. അന്തരീക്ഷത്തില്‍ ഈര്‍പ്പം വര്‍ധിച്ചതിനെ തുടർന്ന് അനുഭവപ്പെടുന്ന ചൂട് വളരെ കൂടുതലായി അനുഭവപ്പെടുന്നതിനാൽ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ജീവാപായത്തിനും വരെ കാരണമായേക്കാം. ഈ സാഹചര്യത്തില്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണം. പകൽ 11 മുതൽ 3 വരെ നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കണം. വീടിനകത്തും തൊഴിലിടങ്ങളിലും നല്ല വായുസഞ്ചാരം ഉറപ്പാക്കണം. ദാഹമില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കുക. നിർജ്ജലീകരണം ഉണ്ടാക്കുന്ന പാനീയങ്ങൾ ഒഴിവാക്കി പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുക. ഇളം നിറത്തിലുള്ള, അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ കുട, പാദരക്ഷകൾ, സൺഗ്ലാസ് എന്നിവ നിർബന്ധമായും ഉപയോഗിക്കുക. പകൽ 11 മുതൽ 3 വരെ തുറസ്സായ സ്ഥലങ്ങളിലെ പൊതുയോഗങ്ങൾ, കലാകായിക പരിപാടികൾ എന്നിവ ഒഴിവാക്കുക. ഉത്സവങ്ങളിലെ പകൽപ്പൂരങ്ങൾ, ആന എഴുന്നള്ളിപ്പ്, വെടിക്കെട്ട് എന്നിവ ഒഴിവാക്കുകയോ സമയം പുനഃക്രമീകരിക്കുകയോ ചെയ്യുക. പ്രത്യേക ശ്രദ്ധ ആവശ്യമായ പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, ഹൃദ്രോഗം, പ്രമേഹം, ക്യാൻസർ, ചർമ്മരോഗങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുള്ളവരും ആർത്തവവിരമം ബാധിച്ചവരും ഈ സമയങ്ങളിൽ പുറത്തിറങ്ങുന്നത് പൂർണ്ണമായും ഒഴിവാക്കണം. തീപിടുത്ത സാധ്യതകൾക്കെതിരെ നല്ല കരുതൽ വേണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0