'ഇറാൻ ഒരു യുദ്ധവും തുടങ്ങിയിട്ടില്ല'; അമേരിക്കൻ ജനതക്ക് തുറന്ന കത്തുമായി മസൂദ് പെസഷ്കിയാൻ
ടെഹ്‌റാൻ: ഇറാൻ യുദ്ധം തുടങ്ങിയിട്ടില്ലെന്നും പിന്നിൽ ഇസ്രയേലാണെന്നും ചൂണ്ടിക്കാട്ടി അമേരിക്കൻ ജനതയ്ക്ക് തുറന്ന കത്തെഴുതി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. അമേരിക്കയിലെയോ യൂറോപ്പിലെയോ അയൽ രാജ്യങ്ങളിലെയോ ജനങ്ങളോട് ഇറാന് ശത്രുതയില്ല. ചരിത്രത്തിലൂടെനീളം ആവർത്തിച്ചുള്ള വിദേശ ഇടപെടലുകളും സമ്മർദ്ദങ്ങളും നേരിടേണ്ടി വന്നിട്ടും സർക്കാരുകളെയും അവർ ഭരിക്കുന്ന ജനങ്ങളെയും തമ്മിൽ വേർതിരിച്ചു കാണാൻ ഇറാനികൾക്ക് എപ്പോഴും സാധിച്ചിട്ടുണ്ട്. ആധുനിക കാലത്ത് ഇറാൻ ഒരു യുദ്ധവും തുടങ്ങിവെച്ചിട്ടില്ല. പ്രതിരോധം തീർത്തിട്ടുണ്ട്. ആക്രമണങ്ങളെ ന്യായീകരിക്കാനും സൈനിക മേധാവിത്വം നിലനിർത്താനും ആയുധ വ്യവസായത്തെ പോഷിപ്പിക്കാനും തന്ത്രപ്രധാനമായ വിപണികളെ നിയന്ത്രിക്കാനും ഒരു ശത്രുവിനെ സൃഷ്ടിക്കേണ്ടത് യുദ്ധം തുടങ്ങി വെച്ചവരുടെ ആവശ്യമാണ്. ഇറാന്റെ ഭാഗത്തു നിന്ന് എന്ത് ഭീഷണിയുണ്ടായിട്ടാണ് ഈ യുദ്ധം തുടങ്ങിയതെന്നും നിരപരാധികളായ കുഞ്ഞുങ്ങളെ കൊല്ലുന്നതിലൂടെയും മരുന്നുകമ്പനികളും ആശുപത്രികളും നശിപ്പിക്കുന്നതിലൂടെയും എന്താണ് ചെയ്യുന്നതെന്നും പെസഷ്കിയാൻ ചോദിച്ചു. കരാറിലെത്താനുള്ള ചർച്ചകൾക്കിടെ യു.എസ് സർക്കാരാണ് ഏകപക്ഷീയമായി പിന്മാറി ആക്രമണം തുടങ്ങിയതെന്നും പലസ്തീനികൾക്കെതിരായ കുറ്റകൃത്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനായി ഇസ്രയേൽ ഇറാനെതിരെ തിരിയുകയായിരുന്നുവെന്നും ഇറാൻ പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0