ആയിരങ്ങളുടെ സാന്നിധ്യത്തിൽ ശരീഫ് സഖാഫിക്ക് യാത്രാമൊഴി; വിടവാങ്ങിയത് നിസ്വാർത്ഥ പണ്ഡിതൻ

Mar 13, 2026 - 13:35
Mar 14, 2026 - 12:15
ആയിരങ്ങളുടെ സാന്നിധ്യത്തിൽ ശരീഫ് സഖാഫിക്ക് യാത്രാമൊഴി; വിടവാങ്ങിയത് നിസ്വാർത്ഥ പണ്ഡിതൻ

തിരൂരങ്ങാടി: ഇന്നലെ വിടപറഞ്ഞ പണ്ഡിതനും മുഹിമ്മാത്ത് മുദരിസുമായ എ ആർ നഗർ കുന്നുംപുറം മുഹമ്മദ് ശരീഫ് സഖാഫിക്ക് ആയിരങ്ങളുടെ സാന്നിധ്യത്തിൽ വിട. പണ്ഡിത കുടുംബമായ പാലമരത്തിൽ കണ്ണാട്ടിൽ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. പ്രമുഖ പണ്ഡിതൻ ചെറൂശ്ശോല അബ്ദുൽ ജലീൽ സഖാഫിയുടെ ദർസിലെ പഠനശേഷം ജാമിഅ മർകസിൽ നിന്നും സഖാഫി ബിരുദം നേടി. ശേഷം കുറുകേക്കോൾ, കാഞ്ഞിരക്കോൽ, കളമശ്ശേരി എന്നിവിടങ്ങളിൽ മുദരിസും ഇമാമുമായി സേവനം ചെയ്തു. 10 വർഷത്തോളമായി കാസർകോട് പുത്തിഗെ മുഹിമ്മാത്തിൽ മുദരിസായി സേവനം ചെയ്തു വരികയായിരുന്നു. ലാളിത്യവും വിനയവുമായിരുന്നു സഖാഫിയുടെ മുഖമുദ്ര. കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡന്റ് കൂടിയായിരുന്ന ശരീഫ് സഖാഫി സംഘടനാ പ്രവർത്തനത്തിൽ സജീവമായിരുന്നു.

മരണത്തിന് മൂന്ന് ദിവസം മുമ്പ് നാട്ടിലെ സമൂഹ ഇഫ്താറിൽ പ്രസംഗിച്ചിരുന്നു. പിറ്റേദിവസം ചെറിയ അസ്വസ്ഥത കാരണം ആശുപത്രിയിൽ അഡ്മിറ്റാവുകയും പിന്നീട് മരണപ്പെടുകയുമായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് മയ്യിത്ത് കാരന്തൂർ മർകസിൽ എത്തിക്കുകയും കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തിൽ മയ്യിത്ത് നിസ്കരിക്കുകയും ചെയ്തു. എ ആർ നഗർ ഊരകത്ത് ജുമുഅ മസ്ജിദിലെ മയ്യിത്ത് നിസ്കാരത്തിന് സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാരും സോൺ പ്രസിഡന്റ് ഇ മുഹമ്മദലി സഖാഫിയും നേതൃത്വം നൽകി. സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ, സയ്യിദ് ഫഖ്റുദ്ദീൻ ഹദ്ദാദ് തങ്ങൾ, സി മുഹമ്മദ് ഫൈസി, ചെറൂശ്ശോല അബ്ദുൽ ജലീൽ സഖാഫി, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ഉമർ സഖാഫി കർന്നൂർ, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, ഇബ്രാഹിം ബാഖവി ഊരകം, അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി, അബ്ദുൽ വാഹിദ് അഹ്സനി സംബന്ധിച്ചു. നിസ്വാർത്ഥ സേവനം കൊണ്ടും സൗമ്യ സ്വഭാവം കൊണ്ടും എല്ലാവരാലും സ്നേഹം സമ്പാദിച്ച ശരീഫ് സഖാഫിയുടെ ആകസ്‌മിക വിയോഗം എല്ലാവരെയും ഒന്നടങ്കം കണ്ണീരാഴ്ത്തിയിരിക്കുകയാണ്. ശാകിറയാണ് ഭാര്യ. മുഹമ്മദ്‌ സഹൽ, മുഹമ്മദ് സിനാൻ, സുമയ്യ തസ്‌നി, മുഹമ്മദ്‌, ആയിഷ എന്നിവർ മക്കളാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0