ആക്രമണം തുടർന്നാൽ ഒരു ലിറ്റർ എണ്ണ പോലും പുറത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് ഇറാൻ
ടെഹ്‌റാൻ: യുഎസും ഇസ്‌റാഈലും ആക്രമണങ്ങൾ തുടർന്നാൽ മിഡിൽ ഈസ്റ്റിൽ നിന്ന് ഒരു ലിറ്റർ എണ്ണ പോലും പുറത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ്‌സ് മുന്നറിയിപ്പ് നൽകി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാൻ്റെ സായുധ സേന ഈ മേഖലയിൽ നിന്ന് ഒരു ലിറ്റർ എണ്ണ പോലും ആക്രമണകാരികൾക്കും അവരുടെ പങ്കാളികൾക്കും കയറ്റുമതി ചെയ്യാൻ അനുവദിക്കില്ല. എണ്ണ, വാതക വിലകൾ നിയന്ത്രിക്കാനുള്ള അവരുടെ ശ്രമങ്ങൾ താൽക്കാലികവും വ്യർത്ഥവുമാണെന്നും ഐആർജിസി വക്താവ് ബ്രിഗേഡിയർ ജനറൽ അലി മുഹമ്മദ് നൈനി പറഞ്ഞു. യുദ്ധം എന്നവസാനിക്കണമെന്ന് തങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ട്രംപിൻ്റെ പ്രസ്‌താവനകൾ നുണകൾ മാത്രമാണെന്നും അപമാനകരമായ തോൽവികൾക്ക് ശേഷം അമേരിക്കൻ പ്രസിഡൻ്റ് സൈനിക നേട്ടങ്ങൾ കെട്ടിച്ചമയ്ക്കാൻ ശ്രമിക്കുകയാണെന്നും ബ്രിഗേഡിയർ ജനറൽ അലി മുഹമ്മദ് നൈനി പറഞ്ഞു. ഫെബ്രുവരി അവസാനം മുതൽ യുഎസും ഇസ്റാഈലും നടത്തുന്ന വ്യോമാക്രമണങ്ങളിൽ 1,332 ഇറാനിയൻ സിവിലിയന്മാർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഐക്യരാഷ്ട്രസഭയിലെ ഇറാന്റെ അംബാസഡർ അറിയിച്ചു. ടെഹ്‌റാനിലെ എണ്ണ ശുദ്ധീകരണശാലയിൽ നടന്ന ആക്രമണത്തെത്തുടർന്ന് നഗരം കറുത്ത പുകയാൽ മൂടപ്പെട്ടിരിക്കുകയാണ്. ഇത് ഭക്ഷണത്തിലും വെള്ളത്തിലും വായുവിലും മലിനീകരണമുണ്ടാക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.
ഇറാൻ്റെ പ്രസ്‌താവനയ്ക്ക് പിന്നാലെ ശക്തമായ തിരിച്ചടി നൽകുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചതോടെ മേഖലയിൽ യുദ്ധപ്രതീതി വർധിച്ചിരിക്കുകയാണ്. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം തടസ്സപ്പെടുത്തിയാൽ ഇറാനെ ഇതുവരെ നേരിട്ടതിനേക്കാൾ ഇരുപത് മടങ്ങ് ശക്തിയിൽ യുഎസ് തകർക്കുമെന്ന് ട്രംപ് പറഞ്ഞു. ഇറാൻ്റെ പുതിയ പരമോന്നത നേതാവ് മുജ്‌തബ ഖമനയിക്ക് കീഴിൽ ഇറാന്റെ സുരക്ഷാ വിഭാഗം അണിനിരക്കുന്നതും യുദ്ധം പെട്ടെന്ന് അവസാനിക്കില്ലെന്ന ആശങ്കയും ആഗോള സാമ്പത്തിക വിപണിയെയും സാരമായി ബാധിച്ചിട്ടുണ്ട്. എണ്ണ വിതരണം തടസ്സപ്പെട്ടതോടെ വികസ്വര രാജ്യങ്ങളിൽ ഇന്ധനവില കുതിച്ചുയരുകയാണ്. ഇറാന്റെ മിസൈൽ ശേഷിയും ആണവ പദ്ധതികളും നശിപ്പിക്കുക എന്നതാണ് യുഎസ് ലക്ഷ്യമാക്കുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഇറാനിലെ പുരോഹിത ഭരണകൂടത്തെ അട്ടിമറിക്കുക എന്നതാണ് ഇസ്റാഈൽ ലക്ഷ്യമിടുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0