മൊബൈൽ ഫോൺ നന്നാക്കി കൊടുക്കാത്ത വിഷമത്തിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്‌തു 

Mar 6, 2026 - 11:29
മൊബൈൽ ഫോൺ നന്നാക്കി കൊടുക്കാത്ത വിഷമത്തിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്‌തു 

കാസർകോട്: മൊബൈൽ ഫോൺ ശരിയാക്കി നൽകാത്തതിന്റെ മനോവിഷമത്തിന് പിന്നാലെ എലിവിഷം കഴിച്ച പതിനേഴുകാരി മരണത്തിന് കീഴടങ്ങി. കുമ്പള കളത്തൂരിലെ ദാമോദരയുടെ മകളും പിയുസി വിദ്യാർത്ഥിനിയുമായ പൂജയാണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ച് ദീർഘകാലം ചികിത്സയിൽ കഴിയേണ്ടി വന്നിരുന്നതിനാൽ പൂജയുടെ പഠനം പാതി വഴിയിലായിരുന്നു. അടുത്ത വർഷം പഠനം തുടരാനായി തയ്യാറെടുപ്പുകൾ നടത്തി വരികയായിരുന്നു. പൂജ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ ദിവസങ്ങൾക്ക് മുമ്പ് തകരാറിലായിരുന്നതിനാൽ നന്നാക്കി കൊടുക്കാൻ വീട്ടുകാർക്ക് കഴിഞ്ഞിരുന്നില്ല. ഫോൺ ശരിയാക്കി നൽകിയില്ലെങ്കിൽ എലിവിഷം കഴിക്കുമെന്ന് പുജ പലതവണ ഭീഷണിയായി പറഞ്ഞിരുന്നതായാണ് വിവരം. ഇതിനിടയിലാണ് ബുധനാഴ്‌ച വൈകുന്നേരം എലിവിഷം കഴിച്ചത്. വിഷം കഴിച്ച വിവരം പൂജ വീട്ടുകാരോട് പറഞ്ഞെങ്കിലും ഭീഷണി മാത്രമായിരിക്കും എന്ന മട്ടിൽ കാര്യമാക്കിയിരുന്നില്ല. രാത്രി അവശയായതോടെ ഉടൻ മംഗലാപുരം ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നു. സംഭവത്തിൽ  അസ്വാഭാവിക മരണത്തിന് കുമ്പള പൊലീസ് കേസെടുത്തിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0