ജസീലയുടെ മരണം; സമഗ്രാന്വേഷണം ആവശ്യപ്പെട്ട് സർവ്വകക്ഷി ആക്ഷൻ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്
കാസർകോട്: സ്വർണ്ണം മോഷ്ടിച്ചുവെന്ന കുറ്റാരോപണത്തിന് പിന്നാലെ മനം നൊന്ത് ആലംപാടി നാൽത്തടുക്ക സ്വദേശിനി ജസീല (24) ജീവനൊടുക്കിയ സംഭവത്തിൽ സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സർവ്വകക്ഷി ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. എൻ എ നെല്ലിക്കുന്ന് എം എൽ എ യോഗം ഉദ്ഘാടനം ചെയ്‌തു. മുനീർ ഭാരതീയൻ ആധ്യക്ഷം വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുള്ളക്കുഞ്ഞി ചെർക്കള, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ കെ നീലകണ്ഠൻ, ടി എം എ കരീം, അസീസ് കടപ്പുറം, മാഹിൻ കേളോട്ട്, ഖാദർ പാലോത്ത്, നാസർ ചെർക്കളം, ഖാദർ കരിപ്പൊടി, അഷ്റഫ് നാൽത്തടുക്ക, എൻ എ ബഷീർ തുടങ്ങിയവർ സംസാരിച്ചു.
പൊവ്വലിലെ ഭർതൃവീട്ടിനു സമീപത്തെ വീട്ടിൽ നിന്നു ഒൻപതര പവൻ സ്വർണ്ണം മോഷണം പോയ സംഭവത്തിലാണ് മോഷണത്തിനു പിന്നിൽ ജസീലയാണെന്നു കാണിച്ച് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് ജസീലയെ ആദൂർ പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ച് മൊഴിയെടുത്തിരുന്നു. മോഷണം നടത്തിയിട്ടില്ലെന്ന് ജസീല പൊലീസിനു മുമ്പാകെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ പരാതിക്കാരനും ഭർതൃവീട്ടുകാരും ജസീലയുടെ സ്വന്തം വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കിയിരുന്നു. ഇതോടെ മാനസികമായി തളർന്ന ജസീല താൻ കുറ്റം ചെയ്തിട്ടില്ലെന്ന വീഡിയോ പുറത്തു വിട്ട ശേഷം എലിവിഷം കഴിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ജസീലയിൽ നിന്നു മജിസ്ട്രേറ്റ് മരണമൊഴി എടുത്തപ്പോഴും തന്നെ മോഷണക്കേസിൽ കുടുക്കാൻ ശ്രമിച്ചതിലെ മനോവിഷമം ജസീല വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി 15 നാണ് ജസീല എലിവിഷം കഴിച്ചത്. ഗുരുതരനിലയിൽ ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടയിൽ 20ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. വിഷം കഴിക്കുന്നതിനു മുമ്പ് ജസീല പുറത്തു വിട്ട വിഡിയോയിൽ തന്നെ മോഷണക്കേസിൽ പ്രതിയാക്കാനുള്ള നീക്കം നടക്കുന്നതായി ആരോപിച്ചിരുന്നു. ജസീലയുടെ മരണത്തിൽ വിദ്യാനഗർ പൊലീസ് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. അന്വേഷണത്തിൻ്റെ ഭാഗമായി ജസീലയുടെ വീട്ടുകാരിൽ നിന്നു പൊലീസ് മൊഴിയെടുത്തതല്ലാതെ തുടർ നടപടികൾ വേഗത്തിലുണ്ടായില്ല. ഈ സാഹചര്യത്തിലാണ് നാട്ടുകാർ സർവ്വകക്ഷി ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് സമഗ്രാന്വേഷണം ആവശ്യപ്പെട്ട് പ്രക്ഷോഭത്തിലേക്കിറങ്ങിയത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0