ബജ്റംഗ്ദള്‍ നേതാവിന്റെ കൊല: മംഗളൂരുവില്‍ വിഎച്ച്പി ബന്ദ്; ബസ്സുകള്‍ക്ക് നേരെ കല്ലേറ്

May 2, 2025 - 11:06
ബജ്റംഗ്ദള്‍ നേതാവിന്റെ കൊല: മംഗളൂരുവില്‍ വിഎച്ച്പി ബന്ദ്; ബസ്സുകള്‍ക്ക് നേരെ കല്ലേറ്

മംഗളൂരു: ബജ്റംഗ്ദള്‍ നേതാവിന്റെ കൊലപാതകത്തെ തുടര്‍ന്ന് മംഗളൂരുവില്‍ വിഎച്ച്പി ബന്ദ്. കൊലപാതകത്തെ അപലപിച്ചും നീതി ആവശ്യപ്പെട്ടും വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ഇന്ന് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറു വരെ മംഗളൂരു ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ദക്ഷിണ കന്നട ജില്ലയില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ എംപി മുല്ലൈ മുഹിലന്‍ നിരോധാജ്ഞ പ്രഖ്യാപിച്ചു. വിഎച്ച്പി -ബജ്റംഗ്ദള്‍ നേതാവ് സുഹാസ് ഷെട്ടി ബജ്പെയില്‍ വെച്ചാണ് ഗുണ്ടാ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ ആറിന് പ്രാബല്യത്തില്‍ വന്ന നിരോധം തിങ്കളാഴ്ച രാവിലെ ആറ് വരെ തുടരും. മംഗളൂരു പൊലീസ് കമ്മീഷണറേറ്റ് പരിധിയില്‍ പൊലീസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ ഇന്ന് രാവിലെ ആറ് മുതല്‍ ചൊവ്വാഴ്ച രാവിലെ ആറ് വരേയും നിരോധനാജ്ഞ പുറപ്പെടുവിച്ചു.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും സുരക്ഷാ ക്രമീകരണങ്ങള്‍ മേല്‍നോട്ടം വഹിക്കുന്നതിനുമായി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ക്രമസമാധാനം) ആര്‍ ഹിതേന്ദ്ര മംഗളൂരുവിലെത്തി. സങ്കീര്‍ണ മേഖലകളില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ നഗരത്തില്‍ രണ്ട് സ്വകാര്യ ബസുകള്‍ക്ക് നേരെ അക്രമികള്‍ കല്ലെറിഞ്ഞു. കോഹിനൂര്‍, മേഴ്‌സി എന്നീ പേരുകളിലുള്ള ബസുകളുടെ ചില്ലുകള്‍ക്ക് കല്ലേറില്‍ കേടുപാടുകള്‍ സംഭവിച്ചു. മംഗളൂരു യൂണിവേഴ്‌സിറ്റി കോളേജിന് സമീപം ബസ് ഓടിക്കൊണ്ടിരിക്കുമ്പോഴാണ് അക്രമം. രാവിലെ യാത്രക്കാര്‍ തീരെ കുറവായതിനാല്‍ ആളപായമില്ല. കല്ലേറിനെത്തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയായി നഗരത്തിലെ സ്വകാര്യ ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0