മലപ്പുറത്തെ സൗഹൃദാന്തരീക്ഷത്തെയും പരസ്‌പര കരുതലിനെയും രാജ്യം മാതൃകയാക്കണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

Jan 8, 2026 - 13:59
മലപ്പുറത്തെ സൗഹൃദാന്തരീക്ഷത്തെയും പരസ്‌പര കരുതലിനെയും രാജ്യം മാതൃകയാക്കണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

അരീക്കോട്: മലപ്പുറത്തെ ജനങ്ങൾ മുന്നിട്ടിറങ്ങി നടപ്പാക്കുന്ന വികസന- ക്ഷേമ പ്രവർത്തനങ്ങൾ ലോകത്തിന് തന്നെ മാതൃകയണെന്നും സാമൂഹിക ജീവിതത്തെ സുരക്ഷിതമാക്കാനും മികച്ച ഭാവി കെട്ടിപ്പടുക്കാനും മലപ്പുറത്തെ സൗഹൃദാന്തരീക്ഷത്തെയും പരസ്‌പര കരുതലിനെയും രാജ്യം മാതൃകയാക്കണമെന്നും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അഭിപ്രായപ്പെട്ടു. കാസറഗോഡ് നിന്ന് ആരംഭിച്ച കേരളയാത്രക്ക് മലപ്പുറം അരീക്കോട്ട് നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജാഥാ നായകനായായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ.

ദേശീയ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടും അതിന് മുമ്പും നമ്മുടെ നാടിനു വേണ്ടി ചരിത്രത്തിൽ ഏറ്റവും ത്യാഗോജ്ജ്വലമായി സമരങ്ങൾ നടന്ന പ്രദേശമാണ് മലപ്പുറം. നിർഭാഗ്യവശാൽ മലപ്പുറത്തെ തെറ്റായ മുൻവിധികളോടെ സമീപിക്കുന്ന രീതി ഇന്ന് പലയിടങ്ങളിലുമുണ്ട്. മലപ്പുറത്തെ ഭീകരമായി ചിത്രീകരിക്കുകയും അപഹസിക്കുകയും ഇകഴ്ത്തുകയും ചെയ്യുന്ന പ്രവണത ഇതിൻ്റെ ഭാഗമാണ്. അതിനെയെല്ലാം സഹിക്കുകയും വിവേകത്തോടെ സമീപിക്കുകയും ചെയ്യുന്ന പാരമ്പര്യം മലപ്പുറത്തിനുണ്ട്. ഈ നാടിനെ നേരിട്ടനുഭവിച്ചവർക്ക് അറിയാവുന്ന കാര്യമാണത്. പരസ്പ‌ര സ്നേഹത്തിൻ്റെയും സഹിഷ്‌ണുതയുടെയും ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും വലിയ മാതൃകകൾ മലപ്പുറം പോലെ മറ്റെവിടെയും നമുക്ക് ചൂണ്ടിക്കാണിക്കാൻ കഴിയില്ല. ഈ നാടിനെതിരെ പലതരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ ചിലർ നിരന്തരം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. മലപ്പുറത്ത് വന്നിട്ടുള്ള ഒരിക്കലെങ്കിലും  ഈ ജില്ലയുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടവർക്കറിയാം ഇവിടത്തുകാരുടെ സഹവർത്തിത്വവും സ്നേഹവും. എൻ്റെ ദീർഘകാലത്തെ പരിചയത്തിൽ എനിക്കിത് നന്നായറിയാം. മലപ്പുറത്ത് ജോലി ചെയ്ത പല ഉദ്യോഗസ്ഥരും ഈ നാട്ടുകാരെ കുറിച്ചുള്ള മികച്ച അഭിപ്രായങ്ങൾ പങ്കുവെക്കുന്നത് ഞാൻ നേരിൽ കേട്ടിട്ടുണ്ട്. രാവും പകലും അധ്വാനിച്ച് പഠിച്ച് ഉന്നതങ്ങളിലെത്തുന്ന വിദ്യാർഥികളെ അഭിനന്ദിക്കുകയാണ് വിവരവും വിവേകവുമുള്ള മനുഷ്യർ ചെയ്യേണ്ടത്. ആ കുട്ടികളെ പോലും അധിക്ഷേപിക്കുന്ന പരാമർശങ്ങൾ ഉണ്ടാകുന്നത് ഖേദകരമാണ്. മലപ്പുറത്ത് നിന്നുള്ള മാതൃകകൾ പകർത്താനാണ് എല്ലാവരും തയ്യാറാകേണ്ടതെന്നും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. 'മനുഷ്യർക്കൊപ്പം' എന്ന സന്ദേശവുമായി മുന്നേറിക്കൊണ്ടിരിക്കുന്നു കേരളയാത്ര മലപ്പുറം ജില്ലയിൽ പ്രയാണം തുടരുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0